അബൂദബി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കടിപ്പെട്ട രോഗികള്‍ക്ക് ചികിത്സകളും മറ്റ് സേവനങ്ങളും യു.എ.ഇയില്‍ ആരംഭിച്ചു.
ഇതാദ്യമായി രോഗികള്‍ക്ക് ഡോക്ടര്‍മാരുമായി ഓണ്‍ലൈനായി സംവദിക്കാനാവും. രോഗികളുടെ ചികിത്സയുടെ തുടർനടപടികളും അടിയന്തര ഘട്ടങ്ങളിലെ മെഡിക്കല്‍ ഉപദേശങ്ങളുമൊക്കെ ഈ രീതിയില്‍ നല്‍കും. ലഹരിക്കടിപ്പെട്ടവര്ക്ക് ഓണ്‍ലൈനായി ചികിത്സ ഫോളോഅപ് ചെയ്യുന്നതിനുള്ള സൗകര്യമാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ദേശീയ പുനരധിവാസകേന്ദ്രത്തിലെ പ്രധാന ആരോഗ്യ-വിദ്യാഭ്യാസ വിദഗ്ധൻ ഡോ. സെയിഫ് അഹമ്മദ് ദര്‍വീഷ് പറഞ്ഞു. ദൃശ്യ ആശയവിനിമയ സാങ്കേതികവിദ്യ ഉപയോഗിച്ച് ലഹരിക്കടിപ്പെട്ടവരെയും ഇവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനായി സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ ദേശീയ പുനരധിവാസകേന്ദ്രം തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
15 മുതല്‍ 18 വയസ്സ് വരെയുള്ള കൗമാരക്കാര്‍ക്കായി പ്രത്യേക ക്ലിനിക് അടക്കമുള്ള ചികിത്സ പദ്ധതികള്‍ ആരംഭിക്കുന്നതിനും കേന്ദ്രം പ്രവര്‍ത്തിച്ചുവരുകയാണ്. മയക്കുമരുന്ന് ദുരുപയോഗത്തില്‍നിന്ന് ലോകത്തെ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ജൂണ്‍ 26ന് വേള്‍ഡ് ഡ്രഗ് ഡേ ആചരിക്കുന്നത്.
2023ന്റെ ആദ്യ പാദത്തോടെ ദേശീയ പുനരധിവാസ കേന്ദ്രത്തിലെ കിടക്കകളുടെ എണ്ണം 114 ആയി വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2022 ഒടുവില്‍ ഇത് 90 കിടക്കകളായിരുന്നു. താം ആപ്, വെബ്സൈറ്റ്, കാള്‍ സെന്റര്‍ എന്നിവ ഉപയോഗിച്ച് കേന്ദ്രത്തിന്റെ സേവനം ആവശ്യപ്പെടാം.
കൂടുതല്‍ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകള്‍ തുടങ്ങുന്നതിലൂടെ രോഗികളുടെ കാത്തിരിപ്പ് ദൈര്‍ഘ്യം കുറക്കാനാവും. ഇവിടെ പരിശോധിച്ച് രോഗികള്‍ക്ക് ഉചിതമായ ചികിത്സരീതി നിര്ദേശിക്കാനാവുമെന്നും ഡോ. ദര്‍വീഷ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.