മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിന് ജി.സി.സി, അറബ് രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരെ അണിനിരത്തി ദുബൈയിൽ പരിശീലന പരിപാടിക്ക് തുടക്കമായപ്പോൾ
മനുഷ്യക്കടത്തിനെതിരായ പോരാട്ടം; അറബ് രാജ്യങ്ങളിലെ വിദഗ്ധരുടെ പരിശീലനം ആരംഭിച്ചു
ദുബൈ: മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിന് ഒമ്പത് ജി.സി.സി, അറബ് രാജ്യങ്ങളിൽ നിന്നുള്ള 61 വിദഗ്ധരെ അണിനിരത്തി ദുബൈയിൽ പരിശീലന പരിപാടിക്ക് തുടക്കമായി. ദുബൈ പൊലീസിന്‍റെ നേതൃത്വത്തിൽ നാഷനൽ കമ്മിറ്റി ടു കോംബാറ്റ് ഹ്യൂമൻ ട്രാഫിക്കിങ്, ദുബൈ ജുഡീഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന്-കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള കാര്യാലയം എന്നിവ സംയുക്തമായാണ് 12-ാമത് മനുഷ്യക്കടത്ത് വിരുദ്ധ വിദഗ്ധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
നിർമിത ബുദ്ധി, സാമ്പത്തിക സാങ്കേതികവിദ്യ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ കുറ്റവാളികൾ ദുരുപയോഗം ചെയ്യുന്ന പുതിയ രീതികളെ ചെറുക്കുക എന്നതാണ് ഇത്തവണത്തെ പ്രധാന ലക്ഷ്യം. മുൻകാല പരിശീലനങ്ങളിൽനിന്ന് വ്യത്യസ്തമായി നിയമപാലനം, നീതിന്യായം, മനുഷ്യാവകാശം, ഇരകളുടെ സംരക്ഷണം എന്നിവക്കൊപ്പം കുറ്റവാളികൾ വ്യക്തിത്വം മറച്ചുവെക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് തിരിച്ചറിയാനും ഇതിലൂടെ സജ്ജരാക്കുന്നു.
കഴിഞ്ഞ 12 വർഷമായി വിജയകരമായി തുടരുന്ന പദ്ധതി പ്രാദേശികശേഷി ശക്തിപ്പെടുത്തുന്നതിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. ഇതിലൂടെ പരിശീലനം നേടിയ പലരും ഇന്ന് വിവിധ രാജ്യങ്ങളിൽ നയരൂപീകരണത്തിലും നേതൃസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. മുൻ ബാച്ചുകളിൽ പഠിച്ചിറങ്ങിയ വിദഗ്ധർ പുതിയ ബാച്ചിന് പരിശീലകരായി എത്തുന്നു എന്ന പ്രത്യേകതയും ഈ വർഷത്തെ പരിപാടിക്കുണ്ട്. സെക്യൂരിറ്റി, ലീഗൽ, മാനുഷിക മൂല്യങ്ങൾ എന്നിവ സമഗ്രമായി സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ദുബൈ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.