തൊഴില്‍ നിയമലംഘനങ്ങളിൽ 15 ശതമാനം കുറവ്; അനധികൃത നിയമനവും ശമ്പളം വൈകലും പ്രധാന ലംഘനങ്ങളായി തുടരുന്നു

അബൂദബി: യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴില്‍ നിയമലംഘനങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്, 2026ന്‍റെ ആദ്യ പകുതിയില്‍ 15 ശതമാനത്തിന്‍റെ കുറവുണ്ടായതായി മാനവ വിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം (മൊഹ്‌റേ) വ്യക്തമാക്കി. അനുമതിയില്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുക, വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം (ഡബ്ല്യു.പി.എസ്) വഴി ശമ്പളം നല്‍കാതിരിക്കുക, വ്യാജ രേഖകളും തെറ്റായ വിവരങ്ങളും സമര്‍പ്പിക്കുക എന്നിവയാണ് പ്രധാന ലംഘനങ്ങളായി കണ്ടെത്തിയത്.

അനുമതിയില്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുന്നവര്‍ക്കും പെര്‍മിറ്റുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കും ഒരുലക്ഷം ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കാം. പുതിയ ഡബ്ല്യു.പി.എസ് പ്രകാരം എല്ലാ മാസത്തെയും ശമ്പളം ഒന്നാം തീയതി തന്നെ നല്‍കണം. വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് രണ്ടാം തീയതി മുതല്‍ മുന്നറിയിപ്പും അഞ്ചാം തീയതി മുതല്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് തടയുകയും ചെയ്യും.

തെറ്റായ രേഖകള്‍ സമര്‍പ്പിക്കുന്ന സ്ഥാപനങ്ങളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത് തടയാനോ, പുതുക്കാതിരിക്കാനോ അല്ലെങ്കില്‍ റദ്ദാക്കാനോ മൊഹ്‌റേക്ക് അധികാരമുണ്ട്. ഡബ്ല്യു.പി.എസ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെയും സമാനമായ നടപടിയുണ്ടാകും. 2026ന്‍റെ ആദ്യ ആറുമാസത്തില്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ കേസുകളുടെ എണ്ണം 49 ശതമാനം കുറഞ്ഞ് 490 ആയി (കഴിഞ്ഞ വര്‍ഷം ഇത് 962 ആയിരുന്നു).

നിര്‍മിത ബുദ്ധിയും (എ.ഐ) ഡാറ്റ അനലിറ്റിക്‌സും ഉപയോഗിച്ചുള്ള സ്മാര്‍ട്ട് നിരീക്ഷണ സംവിധാനത്തിന്‍റെ ഭാഗമായി ഈ വര്‍ഷം ആദ്യ പകുതിയില്‍ 212000 പരിശോധനകളാണ് മന്ത്രാലയം നടത്തിയത്. സുരക്ഷിതവും മത്സരക്ഷമവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാന്‍ പരിശോധനകളും മുന്‍കരുതല്‍ നടപടികളും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags:    
News Summary - Labor law violations decreased and illegal hiring and delayed salaries remain major violations in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.