അബൂദബി: യു.എ.ഇയില്‍ 2024ല്‍ റോഡ് അപകടങ്ങള്‍ നടന്നതിനു പിന്നാലെ ഗതാഗതം തടസ്സപ്പെടുത്തിയതിന് 630 പേര്‍ക്കെതിരെ നിയമലംഘനത്തിന് പിഴ ചുമത്തിയതായി ആഭ്യന്തരമന്ത്രാലയം. അപകടസ്ഥലങ്ങളിലേക്ക് എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് കടന്നുവരാൻ വഴിയൊരുക്കണമെന്ന് ഡ്രൈവര്‍മാരോട് ആഭ്യന്തരമന്ത്രാലയവും അബൂദബി പൊലീസും വെബ്സൈറ്റുകളിലൂടെയും സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയും ആവശ്യപ്പെട്ടു.
ഇത്തരം സാഹചര്യങ്ങളില്‍ ഗതാഗതം തടസ്സപ്പെടുത്തുന്നത് ഗുരുതരമായ അപകടസാധ്യത ഉയര്‍ത്തുമെന്നും ചെറിയ തടസ്സംപോലും ജീവിതത്തിനും മരണത്തിനുമിടയിലുള്ള വ്യത്യാസമായേക്കാമെന്നും അധികൃതര്‍ ഓർമപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളില്‍ ഓരോ സെക്കന്‍ഡുകളും വിലപ്പെട്ടതാണെന്നും തീപിടിത്തത്തിലോ ഗുരുതര ആരോഗ്യ സാഹചര്യങ്ങളിലോ റോഡില്‍ തടസ്സമുണ്ടാക്കുന്നത് പ്രത്യാഘാതം കൂടുതല്‍ വഷളാക്കുമെന്നും അബൂദബി പൊലീസ് ജനറല്‍ കമാന്‍ഡ് ചൂണ്ടിക്കാട്ടി.
ചിലര്‍ അപകടം കാണുമ്പോള്‍ കൗതുകം തോന്നി വാഹനങ്ങള്‍ നിര്‍ത്തി പുറത്തിറങ്ങുകയോ വാഹനം മെല്ലെ ഓടിക്കുകയോ ചെയ്യുമെന്നും ഇതുമൂലം ഗതാഗത തടസ്സമുണ്ടാകുമെന്നും അബൂദബി പൊലീസ് ചൂണ്ടിക്കാട്ടി. അബൂദബിയില്‍ 87 നിയമലംഘനങ്ങളാണ് ഇക്കാലയളവില്‍ ഉണ്ടായത്. 411 നിയമലംഘനങ്ങള്‍ നടന്ന ദുബൈ ആണ് പട്ടികയില്‍ മുന്നില്‍. ഷാര്‍ജ (71), റാസല്‍ഖൈമ (30), ഉമ്മുല്‍ ഖുവൈന്‍ (27), അജ്മാന് (4)എന്നിങ്ങനെയാണ് മറ്റ് എമിറേറ്റുകളിലെ നിയമലംഘനങ്ങള്‍.
എമര്‍ജന്‍സി, ആംബുലന്‍സ്, പൊലീസ്, അകമ്പടി വാഹനങ്ങള്‍ എന്നിവക്ക് വഴിയൊരുക്കാത്തതിന് 325 നിയമലംഘനങ്ങള്‍ 2024ല്‍ യു.എ.ഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 3000 ദിര്‍ഹം പിഴയും 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലും ആറ് ട്രാഫിക് പോയന്റുമാണ് ശിക്ഷ. അപകടസ്ഥലത്ത് ഗതാഗതം തടസ്സപ്പെടുത്തിയാല്‍ 1000 ദിര്‍ഹമാണ് പിഴ. മറ്റിടങ്ങളില്‍ ഗതാഗതതടസ്സമുണ്ടാക്കിയാല് 500 ദിര്‍ഹമും പിഴ ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.