ദുബൈ: ട്രാഫിക് പിഴയിൽ 30 മുതൽ 70 ശതമാനം വരെ ഇളവ് വാഗ്ദാനം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ ക്യാമ്പയ്ൻ നടത്തിവന്ന തട്ടിപ്പു സംഘത്തെ ദുബൈ പൊലീസ് പിടികൂടി. ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ ജനറൽ ഡിപാർട്ട്മെന്റിന് കീഴിലുള്ള തട്ടിപ്പുവിരുദ്ധ കേന്ദ്രം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. അനൗദ്യോഗിക മാർഗങ്ങളിലൂടെ ട്രാഫിക് പിഴകളിൽ ഇളവ് നേടിത്തരാമെന്ന് ഉറപ്പുനൽകിയായിരുന്നു തട്ടിപ്പ്.
ട്രാഫിക് ഇളവ് തേടുന്നവർക്ക് മോഷ്ടിച്ച ബാങ്ക് കാർഡ് വിവരങ്ങൾ ഉപയോഗിച്ച് മുഴുവൻ തുകയും അടക്കുകയും ഇരകളിൽ നിന്ന് പിഴത്തുകയുടെ പകുതി ക്യാഷ് ആയി വാങ്ങുകയുമാണ് ചെയ്യുക. സൈബർ തട്ടിപ്പിലൂടെ ചോർത്തിയും നിയമവിരുദ്ധ മാർഗങ്ങളിൽ നിന്ന് വാങ്ങിയുമാണ് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തട്ടിപ്പുസംഘം ശേഖരിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
‘പ്രത്യേക മാർഗങ്ങൾ' വഴി ഗതാഗത പിഴകൾ കുറയ്ക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങൾ വഴി ഇരകളെ വലയിലാക്കുന്നതാണ് രീതി. ആദ്യം ഇരകളെ നേരിൽ കണ്ട് പിഴത്തുക പൂർണമായും ക്യാഷായി നൽകണമെന്ന് അഭ്യർഥിക്കും. തുടർന്ന് മോഷ്ടിച്ച ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് പിഴത്തുക പൂർണമായും അടക്കുകയും ചെയ്യും. ഇതുവഴി സർക്കാർ സംവിധാനം വഴിയാണ് പിഴത്തുക അടക്കുന്നതെന്ന് ഇരകളെ വിശ്വസിപ്പിക്കും. കൂടുതൽ പേരെ തട്ടിപ്പിലേക്ക് ആകർഷിക്കാൻ ഈ മാർഗം സഹായകമായി.
ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുക, സർക്കാർ സംവിധാനങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് വ്യാജമായി വിശ്വസിപ്പിക്കുക തുടങ്ങി രണ്ട് രീതിയിലുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളാണ് പ്രതികൾ ചെയ്തിരുന്നതെന്നും ദുബൈ പൊലീസ് വ്യക്തമാക്കി. മനപ്പൂർവം തട്ടിപ്പിന് കൂട്ടുനിന്ന വ്യക്തികൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നാണ് സൂചന. അനൗദ്യോഗിക സംവിധാനങ്ങളെ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും വിശ്വസനീയമവും അംഗീകാരമുള്ളതുമായ സർക്കാർ ഫ്ലാറ്റ്ഫോമുകളിലൂടെ മാത്രം ട്രാഫിക് പിഴ അടക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
ട്രാഫിക് പിഴ അടക്കുന്നതിന് സർക്കാറിന്‍റെ ഔദ്യോഗിക സംവിധാനങ്ങൾക്ക് പുറത്തുള്ള ഏതെങ്കിലും മൂന്നാം കക്ഷികളുടെ വാഗ്ദാനങ്ങളോ പേയ്‌മെന്‍റ് സേവനങ്ങളോ നിയമവിരുദ്ധമായി കണക്കാക്കപ്പെടും. സംശയകരമായ ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’യിലോ 901 കാൾ സെന്‍റർ നമ്പറിലോ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.