ദുബൈ: യുവാവിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ മൂന്ന് പാകിസ്താനികൾക്ക് ദുബൈ ക്രിമിനൽ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. തടവ് കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. കടം വാങ്ങിയ 500 ദിർഹം തിരികെ നൽകാത്തതിന്‍റെ പേരിലാണ് ഇവർ പാകിസ്താൻ സ്വദേശിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്.
ജനുവരിയിൽ ദുബൈ അൽ റിഗ്ഗയിലാണ് സംഭവം. യുവാവിനെ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ഫ്ലാറ്റിൽ പൂട്ടിയിട്ട ശേഷം മർദിക്കുകയായിരുന്നു. 15 മണിക്കൂറോളം മുറിയിൽ പൂട്ടിയിട്ടു. ഫോൺ വാങ്ങി വെക്കുകയും പാകിസ്താനിലുള്ള കുടുംബാംഗങ്ങളെ ഉപദ്രവിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
ഇവർ മറ്റൊരു മുറിയിലേക്ക് മാറിയ സമയത്ത് ഫോൺ എടുക്കുകയും ദുബൈ പൊലീസിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി സഹായം അഭ്യർഥിക്കുകയും ചെയ്തു. തടവിൽ പാർപ്പിച്ചിരിക്കുന്ന ലൊക്കേഷനും ഫ്ലാറ്റ് നമ്പറും പൊലീസിന് അയച്ചുകൊടുത്തു. ഇതിന് സമീപത്ത് പട്രോളിങ് നടത്തിയിരുന്ന പൊലീസിനോട് ഉടൻ അവിടേക്ക് പോകാൻ കൺട്രോൾ റൂമിൽ നിന്ന് നിർദേശം നൽകി.
പൊലീസെത്തി വാതിലിൽ മുട്ടിയപ്പോൾ പ്രതികളിലൊരാൾ വാതിൽ തുറന്നു. ഈ സമയം മുറിക്കുള്ളിലായിരുന്ന ഇര ഒച്ചവെച്ചതോടെ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. തടവിന് വിധിക്കപ്പെട്ട ഇവർക്ക് 15 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.