സ്വന്തം ജീവിതയാത്രയിൽ അനുഭവിച്ചറിഞ്ഞ ചില യാഥാർഥ്യങ്ങളും ഉള്ളുരുകുന്ന സങ്കടങ്ങളും ഇവക്കിടയിൽ തിരിച്ചറിഞ്ഞ ജീവിത സത്യങ്ങളുമാണ് ഇവിടെ കുറിക്കുന്നത്. സാഹചര്യങ്ങളാൽ ജീവിത നൈരാശ്യത്തിലേക്കും ആത്മഹത്യാ ശ്രമങ്ങളിലേക്കും മാനസിക വിഭ്രാന്തിയിലേക്കും ജീവിതം അവസാനിപ്പിക്കലിലേക്കും എത്തിപ്പെടുന്ന 'വിധവ' എന്ന് വിളിപ്പേരുള്ള സ്ത്രീ സമൂഹത്തിെൻറ കരുതലിനും കരുത്തിനുമായി സമർപ്പിക്കുകയാണ് ഈ കുറിപ്പ്.
ലോകത്തിൽ തന്നെ അധികമാരും എത്തിനോക്കാത്ത വിഭാഗമാണ് വിധവകളും അവരുടെ മക്കളും. ഒരുപക്ഷെ പാതി വഴി ഒറ്റക്കായി പോകുന്ന ഇവർ അനുഭവിക്കുന്ന അപമാനവും അപവാദവും വിമർശനങ്ങളും മറ്റു മനുഷ്യ ജീവിതങ്ങളെക്കാൾ വിഭിന്നവും മറക്കാനും പൊറുക്കാനും കഴിയാത്തതായിരിക്കും. മാനവ രാശിക്ക് തന്നെ എന്തോ വലിയ തെറ്റ് ചെയ്‌തു തഴയപ്പെട്ട അവസ്ഥയാണ് ഇവരിൽ അധികവും അനുഭവിക്കുന്നത്.
തൂവെള്ള നിറം പ്രധിനിധീകരിക്കുന്നത് സമാധാനത്തിെൻറയും സഹിഷ്ണുതയുടെയും പ്രതീകത്തെയാണ്. 'വിധവ' എന്ന പേരിനൊപ്പം ഏറ്റവും അധികം ചേർക്കപ്പെട്ടിട്ടുള്ളതും വെള്ള നിറം തന്നെ. നമ്മുടെയൊക്കെ അമ്മമാരുടെ കാലത്തായാലും ഇന്നായാലും വിധവ എന്ന് പറയുമ്പോൾ വെള്ള വസ്ത്രത്തിൽ അടക്കപ്പെട്ട, നൈരാശ്യം ബാധിച്ച കണ്ണുകളുമായി 'ഇനി ഒന്നും ഇല്ല' എന്ന ഭാവത്തോടെ ഉൾവലിഞ്ഞ ജീവിതത്തിലേക്ക് സ്വയം ഒതുങ്ങിയ സ്ത്രീജന്മമായാണ് സൂചിപ്പിക്കുന്നത്. വിധവ എന്ന പേരിലൂടെ ജീവിത യാതനകൾ അറിഞ്ഞു ജീവിത കാലമത്രയും ഉള്ളുരുകി സ്വന്തം കുട്ടികൾക്ക് വേണ്ടി ജീവിക്കാതെ ജീവച്ഛവമായി ജീവിക്കുന്ന ചില സ്ത്രീ ജന്മങ്ങളുടെ പച്ചയായ ചില യാഥാർഥ്യങ്ങൾ ആണ് എനിക്ക് പറയാനുള്ളത്.
ജീവിതയാത്രയുടെ ഏറ്റവും സുന്ദരമായ സമയത്തു പാതിവഴിയിൽ ഒറ്റക്കായി പോകുന്ന അവസ്ഥ അനിർവജനീയം തന്നെ. ഭൂമി പിളർന്നു താഴ്ന്നു പോയിരുന്നെങ്കിൽ എന്ന് പോലും ഒരു വേള ചിന്തിച്ചേക്കാവുന്ന അവസ്ഥ. ഓരോ തേങ്ങലിനും ഓരോ അർത്ഥങ്ങൾ. തെൻറ ഓരോ കാൽവെപ്പിലും പതിയിരിക്കുന്ന ചതിയുടെയും ഒഴിവാക്കപെടലിെൻറയും വിമർശനത്തിെൻറയും ആഴവും പരപ്പും തിരിച്ചറിയാനാവാതെ ഇരുട്ടിൽ തപ്പി തടയുമ്പോൾ കൈയിലും മനസ്സിലും തടയുന്നതു തന്നെ ചേർന്നു നിൽക്കുന്ന പറക്കമുറ്റാത്ത മക്കളുടെ ജീവെൻറ മണം മാത്രമായിരിക്കും. കൂടി നിന്നവർ അവരവരുടെ അഭിപ്രായങ്ങളും തീരുമാനങ്ങളും പറഞ്ഞു വഴി പിരിഞ്ഞു പോകുമ്പോൾ പാതി മുറിഞ്ഞ വാക്കുകളിലൂടെ ആശ്വാസം പകരാൻ ജന്മം തന്ന പിതാവിനും കൂടെ കരയാൻ മാതാവും മാത്രം ബാക്കിയാകും. 'നീ പേടിക്കണ്ട ഞങ്ങളുടെ മരണം വരെ ഞങ്ങൾ കൂടെയുണ്ടെന്ന' വാക്കിനോളം ഉൾക്കരുത്ത് പകരാൻ അവനവെൻറ മാതാപിക്കൾക്കല്ലാതെ മറ്റാർക്കും കഴിയും. വാർദ്ധക്യത്തിെൻറ തുടക്കത്തിലേക്കു കാലെടുത്തു വെച്ച മാതാപിക്കളെ കണ്ണുനീർ കാണിക്കത്തിക്കാതിരിക്കാനേ ഏതൊരു മകളും ആഗ്രഹിക്കൂ. അവിടെ തുടങ്ങുന്നു രണ്ടാം ജന്മത്തിെൻറ തിരിച്ചു വരവ്.
അതുവരെ ചിരിച്ചു കൂടെ ഉണ്ടായിരുന്ന പലരുടെയും ചിരിമായുകയും രക്തബന്ധങ്ങൾക്കു പോലും നമ്മൾ അന്യരായി തീരുകയും ചെയ്യുന്നു. തന്നെയും കുട്ടികളെയെയും സംരക്ഷിച്ച തെൻറ നല്ല പാതി ഇനി കൂടെയില്ല എന്ന് തിരിച്ചറിയുന്ന നിമിഷം തുടങ്ങും ഇനി മരിക്കണോ ജീവിക്കണോ എന്ന ചിന്ത. മരണ ചിന്ത മാറ്റിവെച്ചു ജീവിക്കാൻ ഉറച്ചാൽ ആദ്യം തേടുക തെൻറ മക്കളുടെ വിശപ്പകറ്റാനുള്ള മാർഗം തന്നെ. അവിടെ തുടങ്ങും അഗ്നിപരീക്ഷണങ്ങളുടെ പരമ്പര .
ജീവിക്കാൻ ഉറച്ചു മുന്നോട്ടു വന്നാൽ സംസ്കാരത്തിെൻറയും മതത്തിെൻറയും തറവാടിെൻറയും ആളിക്കത്തുന്ന വലയം ആദ്യം വളയും. മുന്നോട്ടുവെച്ച കാൽ പിന്നോട്ട് വെച്ചാൽ നമ്മൾ സഹനത്തിെൻറയും സഹിഷ്ണുതയുടെയും മാലാഖമാർ. വെച്ച കാൽ മുന്നോട്ടു തന്നെ ആണെങ്കിൽ അവിടെ തുടങ്ങും സദാചാരലംഘനത്തിെൻറ ആദ്യ പ്രഹരം. മുന്നിലുള്ളത് ആഴക്കടലാണോ കൂരിരുട്ടാണോ എന്ന് തിരിച്ചറിയാനാകാതെ നിൽക്കുമ്പോൾ ഒരു തരി വെളിച്ചം അവളുടെ ഉള്ളിൽ തെളിഞ്ഞിട്ടുണ്ടെകിൽ തീർച്ച അത് ദൈവസാന്നിധ്യം തന്നെ. ആ വെളിച്ചം അവൾ തിരിച്ചറിഞ്ഞാൽ, മുറുകെ പിടിച്ചാൽ ആ വഴിയിലൂടെയുള്ള യാത്രയാകും അവളുടെ കരുത്തും ആശ്രയവും. അവിടെ പ്രത്യാശ, ആത്മവിശ്വാസം, കരുത്ത് എന്നിവക്ക് അർഥമുണ്ടാകുന്നു. പ്രതിസന്ധികൾ ഏത് വഴിയിലും നമ്മോടൊപ്പം തന്നെ ഉണ്ട് എന്ന തിരിച്ചറിവ് ആവണം നമ്മുടെ ഉൽകരുത്തു. നമ്മൾ എവിടെ ജീവിക്കുന്നു, ജോലി എടുക്കുന്നു എന്നതല്ല, നമ്മുടെ മക്കൾക്കൊപ്പമാണ് അല്ലങ്കിൽ അവർക്കു വേണ്ടിയാണു പൊരുതുന്നത് എന്ന് മാത്രം ഓർക്കുക.
പൊതു സമൂഹത്തിൽ നിന്ന് കിട്ടുന്ന വിമര്ശനങ്ങളെക്കാൾ ഒരുപക്ഷെ സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ ഉണ്ടാകും അപഖ്യാതികളും അവഗണയും. അതുവരെ നല്ലവൾ എന്ന പേരിനൊപ്പം കേൾക്കാത്തതും ആഗ്രഹിക്കാത്തതും ആയ പേരുകളുടെ വൻനിര തന്നെ വരും. കാവൽ മാലാഖാമാരായെത്തുന്നവർ പലരും സാഹചര്യങ്ങൾക്ക് അനുസരിച്ചു പിശാചുകളായി മാറും. പ്രത്യേകിച്ചും വിധവയായ ഒരു സ്ത്രീ പ്രതികരിച്ചാൽ പ്രത്യാഘാതങ്ങൾ പല വഴികളിലൂടെയും നമ്മളെ തേടി വരും. ജീവിതത്തിൽ ഉയരത്തിൽ ഉണ്ടാകുക ഗോസിപ്പുകൾ ആയിരിക്കും. നെഞ്ചിടിപ്പിെൻറയും തേങ്ങലിെൻറയും ശബ്ദം മക്കൾ അറിയാതിരിക്കാൻ രാത്രിയുടെ ഇരുട്ടിനെ ഏറ്റവും അധികം സ്നേഹിക്കുന്ന മറയായി കൂടെ കൊണ്ട് നടക്കുമ്പോഴും ഉറക്കം വരാത്ത രാത്രികളെ ഭയത്തോടെ നോക്കി കിടക്കുമ്പോൾ അവൾ ഉറങ്ങാതിരിക്കുന്നതു കാമത്തിെൻറ ചൂട് അവളെ പിടിച്ചുലക്കുന്നതു കൊണ്ടാണെന്നു എഴുതി ചേർക്കുന്ന സമൂഹമാണ്. വിമർശകരും ഈ സമൂഹവും അറിയണം കാമത്തിെൻറ ശക്തിയേക്കാൾ ആ സ്ത്രീയെ നയിക്കുന്നത് സ്വന്തം ആത്മാഭിമാനവും കുഞ്ഞുങ്ങളുടെ വിശപ്പും സംരക്ഷണവും ആണെന്ന്. വികാര വിചാരങ്ങൾ ഉള്ള സ്ത്രീകൾ തന്നെയാണിവരും. എന്നാൽ, അവരെ നയിക്കുന്നത് വിവേകവും തിരിച്ചറിവും ആണ്. ജോലി സ്ഥലത്തും ജോലി തേടലിലും അവർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ, ചൂഷണം എല്ലാം ജീവിതത്തിൽ ഉടനീളം തുടരുന്നു. രക്ഷകരായി നിൽകേണ്ടവർ കഥകൾ മിനയുന്നു. ഇല്ലാതെ കാമുകന്മാരേയും ജാരന്മാരെയും സൃഷ്ടിക്കുന്നു. അവൾ അറിയാതെ അവൾക്കു ഭർത്താക്കൻമാരെ ഉണ്ടാക്കുന്നു. സഹായമനസ്‌കൃതരുണ്ടെങ്കിലും ഇവരിലേക്ക് എത്താൻ അവർ ഭയപ്പെടുന്നു. പല പകൽമാന്യതയുടെയും മുഖം മൂടികൾ രാത്രിയിൽ പൊഴിഞ്ഞു വീഴുന്നത് അവളിൽ മാത്രം ഒതുങ്ങുന്നു. സംരക്ഷിക്കേണ്ട കുടുംബബന്ധങ്ങളിൽ പലരും തക്കം കിട്ടിയാൽ അവളുടെ ശരീരത്തിെൻറ ഉടയാത്ത വടിവിെൻറ അളവും വ്യാപ്തിയുടെയും കണക്കെടുക്കാൻ എത്തും. അവരുടെ ഭർത്താവിെൻറ രോഗാവസ്ഥയിലോ അന്നനുഭവിച്ച യാതനയിലോ തളർച്ചയിലോ ഒന്നന്വേഷിക്കാൻ പോലും ഞങ്ങളിൽ ആരും ഉണ്ടായിരുന്നില്ല എന്ന വസ്തുത പല കുടുംബക്കാരും മനപ്പൂർവം മറക്കുന്നു. പുനർവിവാഹാലോചനകളും കുറവല്ല. സ്വന്തം ഐഡൻറിറ്റി മറച്ചുവെച്ചു വിവാഹം കഴിക്കാൻ എത്തുന്നവർ ആണ് അധികം.
തെൻറ വ്യക്തിത്വവും മാന്യതയും എവിടെയും തിളങ്ങി നിൽകാൻ ഒരു പാവം സ്ത്രീയുടെ സാഹചര്യം മുതലാക്കി അവളെ അനുഭവിക്കാൻ വ്യഗ്രത കാട്ടുന്ന കുറച്ചു പുരുഷസമൂഹം. പലരുടെയും ആയുധം പണം ആണ്. കൂടെ സഹതാ തരംഗവും. യഥാർത്ഥ ഉദ്ദേശം അറിയാതെ സഹായം സ്വീകരിച്ചു, ആവശ്യം നിരാകരിച്ചാൽ അവിടെ തുടങ്ങും സഹായമനസ്കൃതെൻറ യഥാർത്ഥ സ്വഭാവം. പിന്നെ തന്നതിെൻറയും വാങ്ങിച്ചതിെൻറയും ചതിച്ചതിെൻറയും കണക്കുകളുടെ പരമ്പര. അവളെ വിമർശിക്കുമ്പോൾ, അപവാദപ്രചാരണത്തിനു ശ്രമിക്കുമ്പോൾ, അവൾ ചെയ്യുന്ന ഓരോ കാര്യത്തിനും വിരൽ ചൂണ്ടുമ്പോൾ ഒരിക്കെലെങ്കിലും അവളെയും ആ കുടുംബത്തെയും അവളിൽ നിന്ന് കൊണ്ട് ഒന്ന് കണ്ടു നോക്കൂ. അവിടെ നിങ്ങൾക്ക് അവളുടെ ശരികളെയും നിങ്ങളുടെ തെറ്റുകളെയും തിരിച്ചറിയാൻ സാധിക്കും. അത് സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യനല്ലാന്നു സ്വയം മനസ്സിലാക്കൂ.
ഏത് സാഹചര്യത്തിലും ഒരാളുടെയും മുമ്പിൽ കൈനീട്ടാൻ ഇടവരരുതേ എന്ന പ്രാർത്ഥന ഇവർക്കും ഉണ്ട്. നിങ്ങൾ പടച്ചു വിടുന്ന ഒാരോ ഗോസിപ്പും അവരെ ശക്തരാക്കിയേക്കാം. എന്നാൽ സാധാരണയിൽ നിന്നും സാധാരക്കാരിയായ മനസുമായി ജീവിക്കുന്ന ആ മനസിനേൽക്കുന്ന ഓരോ മുറിവും ഉണങ്ങാതെ മരണം വരെ അവരെ പിന്തുടരും. ആ വേദനയുടെ ആഴം അത് അനുഭവിച്ചവർക്കേ മനസ്സിലാകൂ.
നല്ലവരായ കുറച്ചു മനസ്സുകൾ അവരോടൊപ്പം നിൽക്കുന്നത് അവരിൽ നിന്ന് പ്രത്യുപകാരം പ്രേതീക്ഷിച്ചല്ല. മറിച്ചു ആ സ്ത്രീ ഏറ്റേടുത്ത ധൗത്യം മനസ്സിലാക്കി അതിലുപരി ദൈവാനുഗ്രഹവും പ്രതീക്ഷിച്ചു മാത്രമാണ്. ജീവിക്കാൻ ഉറച്ചു അവർ നീങ്ങിത്തുടങ്ങിയപ്പോൾ ദൈവം അവർക്കായി നീക്കി വെച്ച വെളിച്ചമാണ് അവർ പോലും അറിയാതെ അവരിലേക്ക് എത്തുന്ന പല സഹായഹസ്തങ്ങളും. മറ്റുള്ളവരുടെ സഹായംകൊണ്ടുള്ള ജീവിതമാണെകിലും തടവറ അല്ല അവരുടെ ജീവിതത്തിെൻറ ചുറ്റളവ്. പ്രകൃതിയുടെ അല്ലങ്കിൽ ഈ ലോകത്തിെൻറ എല്ലാ കാഴ്ചയും വെളിച്ചവും സുഗന്ധവും അവർക്കും അവകാശമുണ്ട്. നിങ്ങളുടെ മക്കളെപ്പോലെ പറന്നുയരാൻ, ഉന്നതികൾ എത്തിപ്പിടിക്കാൻ, അവരാഗ്രഹിക്കുന്ന വിദ്യാഭ്യാസ, സാംസ്‌കാരിക തലങ്ങളിൽ എത്താൻ, ജോലി നേടാൻ ആ കുട്ടികൾക്കും അവകാശമുണ്ട്. ദൈവനിശ്ചയം ആണ് അവർക്കു പിതാവിെൻറ തണൽ നഷ്ടപ്പെട്ടതും മാതാവിെൻറ തണലും. ഒരു വിധവയെ കല്യാണം കഴിച്ചാൽ എനിക്ക് സ്വർഗപ്രവേശനം ഉറപ്പു എന്ന് വിചാരിക്കുന്നതിൽ അപ്പുറം അവളുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും വിശ്വാസത്തിനും ഉത്തരവാദിത്വത്തിനും കൂടി അംഗീകാരം കൊടുക്കൂ. പൂർണമായി അവളെ അംഗീകരിക്കാൻ നിങ്ങൾക്ക് സാധിക്കാത്തിടത്തോളം സംശയത്തിെൻറ മനസ്സുമായി അവളുടെയും ആ മക്കളുടെയും സമാധാനജീവിതവും ജീവിത വഴിയും തകർക്കാതിരിക്കൂ. അപ്പോഴേ സ്വർഗ്ഗത്തിെൻറ യഥാർത്ഥ അനുഭവം നിങ്ങളിലേക്ക് എത്തു. അവളുടെയും കുഞ്ഞുങ്ങളുടെയും വിശപ്പിനും, സംരക്ഷണത്തിനും വേണ്ടി ജോലി ചെയ്യാൻ ഇറങ്ങി പുറപ്പെടുമ്പോൾ കഴുകാൻ കണ്ണുകളെ കൊണ്ട് അവളെ കാണുന്നതിന് പകരം കരുത്തേകാൻ പരിശ്രമിക്കൂ.
ജോലി നഷ്ട്ടപെടുമ്പോഴും ഇനി എന്ത് എന്ന ചിന്തയിൽ തകരുന്നതും, സ്വയം ഉരുകുന്നതും ആ വേദനയുടെ ആഴം ഏറെയാണ്. ഒരു ജോലിക്കു വേണ്ടി ശ്രമിക്കുമ്പോൾ പ്രായം അധിക്രമിച്ചില്ലേ എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ അതിക്രമിച്ചു വരുന്ന പ്രായത്തിനേക്കാൾ അതിനെ പിന്നിലാക്കുന്ന ഉത്തരവാദിത്വം ആണ് അവർക്കു നിറവേറ്റാനുള്ളത് എന്നാണ്. വിധവകൾക്കും ജീവിക്കാൻ അവകാശമുണ്ട്. ആ അവകാശം കുടുംബവും സമൂഹവും അടച്ചിട്ട അതിർ വരമ്പുകൾ ആകരുത്. തെൻറ മക്കൾ വേണ്ടി അവർ ആരുടെ മുന്നിലും കൈ നീട്ടാൻ വന്നു പോകും. മാന്യമായ ഒരു ജോലിക്കായി നെട്ടോട്ടം ഓടും. കരുതൽ നൽകിയില്ലെങ്കിലും മാന്യമായ ഒരു നോട്ടം എങ്കിലും അവർക്കു നൽകൂ. അവരുടെ മക്കളെ എങ്കിലും സമൂഹത്തിെൻറ മുൻനിരയിലേക്ക് എത്തിക്കാൻ ആത്മാർത്വമായി കൂടെ നിൽക്കൂ. നിങ്ങൾ സമൂഹത്തിെൻറ പല മേഖലകളിലേക്കും സഹായങ്ങൾ എത്തിക്കാനും അവരെ ചേർത്ത് നിർത്താനും ശ്രമിക്കുമ്പോൾ വിധവകളെയും അവരുടെ കുഞ്ഞുങ്ങളെയും അവരർഹിക്കുന്ന പരിഗണയും കരുതലും കൊടുത്തു യാഥാർഥ്യം തിരിച്ചറിഞ്ഞു സംരക്ഷിക്കൂ. അതിലൂടെ അവരുടെ മക്കൾ ഈ ലോകത്തു ആത്മവിശ്വാസത്തോടെ വളരട്ടെ.
ജീവിതാനുഭവങ്ങൾ ആണ് ഈ ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. അടിച്ചതിക്ഷേപിക്കുയും ജീവിതത്തിെൻറ പടുകുഴിയിലേക്ക് പാപികളെ പോലെ എടുത്തിടുകയും ചെയ്യുന്ന ഒരു പറ്റം സ്ത്രീകൾക്ക് വേണ്ടി ഈ എഴുത്തു സമർപ്പിക്കുന്നു. സ്വയം തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് നമ്മളെ കരുതരാക്കുന്നതു. ആ അനുഭവങ്ങളാണ് യഥാർത്ഥ ജീവിതം എന്താണെന്നു നമ്മളെ പഠിപ്പിക്കുന്നത്. ദൈവം നമ്മളെ അല്ല പരീക്ഷിക്കുന്നത്, നമുക്ക് ചുറ്റും ഉള്ളവരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.