ദുബൈ: അവധിക്കാലം അവസാനിക്കാറായതോടെ ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. ഒമാൻ ഉൾപ്പെടെ മറ്റ് ജി.സി.സി രാജ്യങ്ങൾ വഴി യു.എ.ഇയിൽ എത്താനുള്ള ശ്രമത്തിലാണ് പ്രവാസികൾ. കുറഞ്ഞ വരുമാനക്കാരായ പ്രവാസികളിൽ നല്ലൊരു ശതമാനവും 'വൺ സ്റ്റോപ്പ്' വിമാനങ്ങളാണ് തെരഞ്ഞെടുക്കുന്നത്.
വേനൽ അവധി കഴിഞ്ഞ് ആഗസ്റ്റ് അവസാനത്തോടെ യു.എ.ഇയിൽ സ്കൂളുകൾ തുറക്കും. ഈ സമയത്ത് കൊച്ചിയിൽനിന്ന് ദുബൈയിലേക്ക് നേരിട്ടുള്ള വിമാനങ്ങൾക്ക് 1500 മുതൽ മുകളിലേക്കാണ് നിരക്ക്. എന്നാൽ, വൺ സ്റ്റോപ്പ് വിമാനങ്ങളിൽ 1000 ദിർഹം മുതൽ ടിക്കറ്റ് ലഭ്യമാണ്. നാലുപേർ അടങ്ങുന്ന കുടുംബത്തിന് ഇതുവഴി 2000 ദിർഹം വരെ ലാഭിക്കാൻ കഴിയുന്നു. 10 മണിക്കൂറിൽ അധികം യാത്ര ചെയ്താൽ ഇത്രയും തുക ലാഭിക്കാമെന്ന കണക്കുകൂട്ടലാണ് ഇവരെ ഈ വഴി തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്.
കൊച്ചിയിൽനിന്ന് മസ്കത്തിലേക്ക് 600-700 ദിർഹം മാത്രമാണ് ടിക്കറ്റ്. ഒമാനിലെ ഓൺ അറൈവൽ വിസയുമെടുത്ത് അവിടെനിന്ന് ബസിൽ ദുബൈയിൽ എത്തിയാൽപോലും 1000 ദിർഹമിൽ താഴെയെ ചെലവ് വരൂ. യു.എ.ഇ വിസയുള്ളവർക്ക് 60 ദിർഹമിന് ഒമാനിലെ ഓൺ അറൈവൽ വിസ ലഭിക്കും.
55 ദിർഹം നൽകിയാൽ ബസിൽ ദുബൈ എത്താം. താഴ്ന്ന വരുമാനക്കാരായ പ്രവാസികളിൽ പലരും ഈ വഴിയാണ് വരുന്നത്. പത്ത് മണിക്കൂർ അധിക ജോലി ചെയ്താൽ 500 ദിർഹം ലഭിക്കാത്ത സാഹചര്യത്തിൽ പത്തു മണിക്കൂർ യാത്ര ചെയ്ത് ഈ തുക ലാഭിക്കാമെന്നതാണ് ഇവരുടെ ആശയം. ഒമാൻ വിസയെടുത്ത് വരുന്നവരുടെ എണ്ണം അടുത്ത ദിവസങ്ങളിൽ വർധിച്ചതായി സ്മാർട്ട് ട്രാവൽസ് എം.ഡി അഫി അഹ്മദ് പറഞ്ഞു. ഒമാനിൽനിന്ന് യു.എ.ഇയിലേക്ക് മികച്ച യാത്ര സൗകര്യങ്ങളുണ്ടെന്നും ഇത് ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഒമാനിലേക്ക് 500 ദിർഹമിൽ താഴെയാണ് ടിക്കറ്റ് നിരക്ക്. മറ്റ് സംസ്ഥാനക്കാരും ഈ വഴി തെരഞ്ഞെടുക്കുന്നുണ്ട്. അവധിക്കാലം തുടങ്ങുന്നതിന് മുന്നോടിയായി ജൂലൈ അവസാനം 2400 ദിർഹമായി ടിക്കറ്റ് നിരക്ക് ഉയർന്നിരുന്നു.
അവധിക്കാലം മുൻനിർത്തിയുള്ള ടിക്കറ്റ് കൊള്ളക്ക് പരിഹാരം കാണണമെന്ന് വർഷങ്ങളായുള്ള ആവശ്യമാണെങ്കിലും പരിഹരിക്കപ്പെടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.