ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിന് അന്തിമ സ്ഥാനാർഥി പട്ടികയായി. മൂന്ന് മുന്നണിയിലായി 43 പേരാണ് മത്സരംഗത്തുള്ളത്. എട്ട് പേരുടെ നാമനിർദേശപത്രിക റിട്ടേണിങ് ഓഫിസർ തള്ളി. കേരളത്തെ അമ്പരപ്പിക്കുന്ന മുന്നണി കൂട്ടുകെട്ട് കൊണ്ടാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്, വാർത്തകളിൽ നിറയാറ്. ഇത്തവണയും പതിവിന് മാറ്റമില്ല. സെപ്റ്റംബർ ആറിനാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ വിരുദ്ധ ചേരിയിൽ പോരടിക്കുന്ന മുസ്ലിംലീഗ്, സി.പി.എം അനുഭാവ സംഘടനകൾ ഒന്നിച്ചാണ് ഇപ്പോൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരിക്കുന്നത്. ഒരു തുടർഭരണത്തിനുള്ള തയാറെടുപ്പിലാണ് കെ.എം.സി.സിയും മാസും ഉൾപ്പെട്ട ജനാധിപത്യമുന്നണി.
കോൺഗ്രസ് അനുകൂല സംഘടനകൾ നേതൃത്വം നൽകുന്ന മതേതര മുന്നണി നിലവിലെ ഭരണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കൈവിട്ട ഭരണം തിരിച്ചുപിടിക്കാനുള്ള അങ്കപ്പുറപ്പാടിലാണ്. മുൻ വർഷങ്ങളിൽ ഇടത് പാനലിന് നേതൃത്വം നൽകിയിരുന്ന ചിലർ ബി.ജെ.പി. അനുഭാവികളുമായി കൈകോർത്താണ് ഇത്തവണ ഒന്നാം മുന്നണി എന്ന പേരിൽ രംഗത്തുള്ളത്.
മേയ് 17 നാണ് നേരത്തേ തെരഞ്ഞെടുപ്പ് നിശ്ചയിച്ചത്. പിന്നീട് സാങ്കേതിക കാരണങ്ങളാൽ സെപ്റ്റംബറിലേക്ക് മാറ്റി. സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഏറ്റവും വലിയ പ്രവാസി കൂട്ടായ്മ എന്നതിന് പുറമേ, 16,000 ത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന ഷാർജയിലെ നാല് വിദ്യാലയങ്ങളുടെ നടത്തിപ്പ് ചുമതലയും ഷാർജ ഇന്ത്യൻ അസോസിയേഷനാണ്.
ഷാർജ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ കൂടുതൽ കർശനമായ ചട്ടങ്ങളോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പെന്ന് വരണാധികാരി പോൾ ടി. ജോസഫ് പറഞ്ഞു. ജനാധിപത്യമുന്നണിയിലെ പ്രമുഖ ഇടത് നേതാവ് താലിബിന്റെ നാമനിർദേശപത്രികയും തള്ളിപ്പോയ കൂട്ടത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.