അജ്മാന്: മൂന്ന് നിയമലംഘനങ്ങൾ മോട്ടോര്‍സൈക്കിള്‍ യാത്രക്കാരെ അപകടങ്ങളിലേക്ക് നയിക്കുന്നതായി അജ്മാന് പൊലീസ്. അമിത വേഗത്തിൽ വാഹനമോടിക്കുക, നിർബന്ധിത പാതയിൽനിന്ന് വ്യതിചലിക്കുക, അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്യുക തുടങ്ങിയ മൂന്ന് കാരണങ്ങളാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. ഈ കാരണങ്ങള്‍ പല കേസുകളിലും മരണത്തിലേക്ക് നയിക്കുന്നതായും ഗുരുതരമായ പരിക്കുകൾക്ക് കാരണമാകുന്നതായും അജ്മാന് പൊലീസ് ജനറൽ കമാന്‍ഡ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ സെയ്ഫ് അബ്ദുല്ല അൽ ഫലസി പറഞ്ഞു.
സുരക്ഷ ഉറപ്പാക്കാൻ പൊതുനിരത്തുകളിൽ വാഹനമോടിക്കാനുള്ള ട്രാഫിക് നിർദേശങ്ങൾ പാലിക്കാൻ മോട്ടോർ സൈക്കിൾ യാത്രക്കാരോട് അദ്ദേഹം ആഹ്വാനംചെയ്തു. മോട്ടോർ സൈക്കിളുകളുടെ ഏറ്റവും അപകടകരമായ ലംഘനങ്ങളിലൊന്നാണ് അമിത വേഗത്തിൽ വാഹനമോടിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. തെറ്റായി ഓവർടേക്ക് ചെയ്തതിനുള്ള പിഴയായി 600 ദിർഹമും ആറ് ട്രാഫിക് പോയന്റുകളും ചുമത്തും.
കരുതിക്കൂട്ടി ഓവർടേക്ക് ചെയ്യുന്ന വാഹനത്തിന് 1000 ദിർഹമും ആറ് ട്രാഫിക് പോയന്റുകളും പിഴചുമത്തും. നിരോധിച്ചിരിക്കുന്ന സ്ഥലത്ത് ഓവർടേക്ക് ചെയ്താല്‍ 600 ദിർഹം പിഴക്ക് വിധേയമാക്കുമെന്ന് ആർട്ടിക്കിൾ 44 അനുശാസിക്കുന്നു. നിശ്ചിത വേഗത മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതലായാൽ 3000 ദിർഹം പിഴയും 23 ബ്ലാക്ക് പോയന്റുകളും 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലും നേരിടേണ്ടിവരും.
നിശ്ചിത വേഗത്തിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത കവിഞ്ഞാൽ 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്റുകളും വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടലും ചുമത്തും. ഡ്രൈവറും യാത്രക്കാരും സംരക്ഷണവസ്ത്രം, ഹെൽമറ്റ് എന്നിവ ധരിക്കാത്തത് മോട്ടോർ സൈക്കിൾ അപകടങ്ങൾ വർധിപ്പിക്കുന്ന നിയമലംഘനങ്ങളാണെന്ന് പൊലീസ് വ്യക്തമാക്കി. ഒരു മോട്ടോർ സൈക്കിൾ കാറുമായി കൂട്ടിയിടിക്കുമ്പോൾ അത് ഡ്രൈവറുടെ നില വഷളാകുന്നതിനും ഗുരുതരമായ പരിക്കുകൾക്കും കാരണമാകുമെന്ന് അൽ ഫലാസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.