അബൂദബി: സായിദ് സിറ്റിയില്‍ പുതിയ മൂന്ന് സ്കൂളുകള്‍കൂടി തുറന്നു. അബൂദബി നിക്ഷേപ ഓഫിസിന്റെ മേല്‍നോട്ടത്തില്‍ പൊതു, സ്വകാര്യ പങ്കാളിത്തത്തിലായിരുന്നു പദ്ധതിയുടെ പൂര്‍ത്തീകരണം. മൂന്ന് സ്കൂളുകളിലായി 2024 -25 അധ്യയനവര്‍ഷത്തില്‍ 5360 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും.
81,000 ചതുരശ്ര മീറ്ററിലാണ് സ്കൂളുകള്‍ നിര്‍മിച്ചിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പും (അഡെക്) ബെസിക്സ്, ബെലിനറി ഗ്രൂപ് നയിക്കുന്ന കണ്‍സോർട്യവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. നൂതന സാങ്കേതികവിദ്യകളും കുട്ടികളുടെ സര്ഗാത്മതകളെ, വിദ്യാഭ്യാസ ചോദനകളെ ഉണര്‍ത്തുന്ന രീതിയിലുള്ള നിര്മാണരീതികളുമാണ് പുതിയ സ്കൂളുകളിലുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അഡെക് അണ്ടര്‍ സെക്രട്ടറി മുബാറക് ഹമദ് അല്‍ മുഹൈരി, അബൂദബി നിക്ഷേപ ഓഫിസ് ഡയറക്ടര്‍ ജനറല്‍ ബദര്‍ സലീം സുല്‍ത്താന്‍ അല്‍ ഉലാമ, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉദ്ഘാടനവേളയില്‍ സംബന്ധിച്ചു.
അബൂദബിയിലെ പൊതു അടിസ്ഥാന വികസന കേന്ദ്രങ്ങളുടെ നിര്‍മിതിയില്‍ നിക്ഷേപമിറക്കാനും നിര്‍മിക്കാനും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യംകൂടി സായിദ് സിറ്റി സ്കൂള്‍ പദ്ധതിയുടെ പിന്നിലുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
അബൂദബിയില്‍ 9 ചാര്‍ട്ടര്‍ സ്കൂളുകള്‍ തുറക്കുമെന്ന് 2022 -2023 അക്കാദമിക് വര്‍ഷത്തില്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍പ്പെട്ട മൂന്ന് പുതിയ ചാര്‍ട്ടര്‍ സ്കൂളുകളാണ് സായിദ് സിറ്റിയില്‍ തുറന്നത്. ഒമ്പത് സ്കൂളുകളിലുംകൂടി 12,000 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനാവും. കെ.ജി, സൈക്ള്‍ 1, സൈക്ള്‍ 2, സൈക്ള്‍ 3 എന്നീ വിഭാഗങ്ങളിലായി 139 സ്വദേശികള്‍ക്ക് ഈ സ്കൂളുകളില്‍ ജോലി ലഭിക്കും.
സര്‍ക്കാര്‍ കെട്ടിടം നിര്‍മിക്കുകയും സ്വകാര്യ പങ്കാളിക്ക് നടത്തിപ്പ് ചുമതല നൽകുകയും ചെയ്യുന്ന പൊതുസ്വകാര്യ മാതൃകയിലാവും ചാര്‍ട്ടര്‍ സ്കൂളുകളും പ്രവര്‍ത്തിക്കുക. ചാര്‍ട്ടര്‍ സ്കൂളുകളില്‍ സ്വദേശി വിദ്യാര്‍ഥികള്‍ക്ക് പഠനം സൗജന്യമാണ്. താമസ കേന്ദ്രങ്ങള്‍ക്ക് അടുത്തുള്ള സ്കൂളുകള്‍ ഇവര്‍ക്ക് പഠനത്തിനായി തിരഞ്ഞെടുക്കാനാവും.
നിലവില്‍ അബൂദബിയില്‍ 15 ചാര്‍ട്ടര്‍ സ്കൂളുകളും അല്‍ ഐനില്‍ ഏഴ് ചാര്‍ട്ടര്‍ സ്കൂളുകളുമുണ്ട്. ഈ സ്കൂളുകളിലായി 30198 ഇമാറാത്തി വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. മറ്റു സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സമാനമായിരിക്കും ചാര്‍ട്ടര്‍ സ്കൂളുകളുടെ പ്രവര്‍ത്തനസമയവും അക്കാദമിക് കലണ്ടറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.