‘യത്തീങ്കുട്ടി’യുടെ കവർ പ്രകാശനം
അജ്മാൻ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് ഹംസ കൊല്ലത്ത് രചിച്ച ആത്മകഥനമായ ‘യത്തീങ്കുട്ടി’യുടെ കവർ പ്രകാശനം എസ് ആൻഡ് സെഡ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സി.ടി. ശംസു സമാൻ നിർവഹിച്ചു.
വസീം യൂസഫ് ബട്ട്, ഗണേഷ് കൃഷ്ണ, അഷ്റഫ് കുറ്റിപ്പുറത്ത്, നാൻസി സൽമാൻ, റോസിൻ ജോൺ, മുഹമ്മദ് റിജാസ്, റാഷിദ് കൈക്കോളം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഓൺലൈനായി സംഘടിപ്പിച്ച കവർ പ്രകാശനത്തിൽ പ്രമുഖ എഴുത്തുകാരായ ഇ.കെ. ദിനേശൻ ഓർക്കാട്ടേരി, റിഹാൻ റാഷിദ്, വെള്ളിയോടൻ, കെ.പി. റസീന, ഗിഫു മേലാറ്റൂർ, മുഖ്താർ ഉദരംപൊയിൽ, ശിയാസ് അഹമ്മദ് തുടങ്ങിയവർ പങ്കാളികളായി.
ജനിക്കും മുമ്പേ പിതാവിനെ നഷ്ടപ്പെട്ട ഒരു കുഞ്ഞിന്‍റെയും 19-ാം വയസ്സിൽ വിധവയായ ഉമ്മയുടെയും ജീവിതപോരാട്ടമാണ് ‘യത്തീങ്കുട്ടി’യുടെ പ്രമേയം. അനാഥത്വത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിൽ മുന്നേറിയ അമ്മയുടെയും മകന്‍റെയും യഥാർഥ അനുഭവങ്ങളാണ് പുസ്തകത്തിൽ ആവിഷ്കരിക്കുന്നത്.
വള്ളുവനാടൻ ഗ്രാമജീവിതത്തിന്‍റെ പശ്ചാത്തലത്തിൽ, തൂതപ്പുഴയുടെ തീരങ്ങളിലെ ഓർമകളും പ്രാദേശിക ഭാഷയുടെ തനിമയും ചേർത്താണ് ആത്മകഥനം ഒരുക്കിയിരിക്കുന്നത്. വിധവകളുടെയും അനാഥബാല്യങ്ങളുടെയും ജീവിതാനുഭവങ്ങൾക്കൊപ്പം മാതൃത്വത്തിന്‍റെയും അതിജീവനത്തിന്‍റെയും നേർക്കാഴ്ചകളും പുസ്തകം പങ്കുവെക്കുന്നു. 340 പേജുകളിലായി ബഹുവർണ അച്ചടിയിൽ പുറത്തിറങ്ങുന്ന പുസ്തകത്തിന്‍റെ പ്രസാധകർ ചെമ്മാട് ആസ്ഥാനമായുള്ള ബുക്ക് പ്ലസാണ്. പുസ്തകമേളയിൽ പുസ്തകം ലഭ്യമാക്കുന്നതിനുള്ള ഒരുക്കം പുരോഗമിക്കുന്നു. അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂൾ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ഹംസ കൊല്ലത്ത് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.