ഒപ്പിലെ പൊരുത്തക്കേട്: 50,000 ദിര്‍ഹം തിരിച്ചുനല്‍കാന്‍ ഉത്തരവ്

അബൂദബി: ഒപ്പിലെ പൊരുത്തക്കേട് കാരണം ബാങ്ക് മടക്കി അയച്ച ചെക്കിന്‍റെ തുകയായ 50,000 ദിര്‍ഹം തിരിച്ചുനല്‍കണമെന്ന് അബൂദബി വാണിജ്യ കോടതി (ഫസ്റ്റ് ഇന്‍സ്റ്റന്‍സ്) ഉത്തരവിട്ടു. വാദിയുടെ വാദത്തിന്‍റെ സാധുത സമ്മതിച്ചുകൊണ്ട് പ്രതി ഇലക്ട്രോണിക് സംവിധാനം വഴി തുക നല്‍കാന്‍ സാവകാശം തേടി അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നും കോടതി വ്യക്തമാക്കി. ഇത് ഔദ്യോഗികമായ സമ്മതമായി (ജുഡീഷ്യല്‍ അഡ്മിഷന്‍) കണക്കിലെടുത്താണ് കോടതി വിധി പുറപ്പെടുവിച്ചത്.

തനിക്ക് തുക നല്‍കാനുള്ളയാള്‍ 50,000 ദിര്‍ഹവും അതിന്‍റെ 12 ശതമാനം നിരക്കില്‍ നിയമപരമായ പലിശയും തുക തിരിച്ചുകൊടുക്കാത്തതിനുള്ള നഷ്ടപരിഹാരമായി 5,000 ദിര്‍ഹവും കോടതി ചെലവും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. പ്രതിക്ക് 50,000 ദിര്‍ഹം കടമായി നല്‍കിയിരുന്നുവെന്നും പണം തിരിച്ചുകൊടുക്കുന്നതിന്റെ ഉറപ്പായി പ്രതി തനിക്ക് ഈ തുകക്കുള്ള ചെക്ക് നല്‍കിയെന്നുമാണ് വാദി കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍, ഒപ്പിലെ പൊരുത്തക്കേട് കാരണം ബാങ്ക് ഈ ചെക്ക് മടക്കുകയാണുണ്ടായത്. തുടര്‍ന്ന് പ്രതിക്കെതിരെ പരാതി നല്‍കുകയും അത് ശിക്ഷാവിധിയായി മാറുകയും ചെയ്തു.

മുഴുവന്‍ തുകയും നല്‍കി തീര്‍ക്കുന്നത് വരെ പ്രതി വര്‍ഷം മൂന്ന് ശതമാനം നിരക്കില്‍ നിയമപരമായ പലിശയും 50,000 ദിര്‍ഹവും നല്‍കണമെന്ന് കോടതി വിധിച്ചു. പലിശത്തുക പ്രധാന കടത്തുകയേക്കാള്‍ അധികരിക്കാന്‍ പാടില്ലെന്നും കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്. കോടതി ചെലവുകള്‍ പ്രതി വഹിക്കണമെന്നും ഉത്തരവിട്ടു.

Tags:    
News Summary - Signature discrepancy Order to return 50,000 dirhams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.