യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ എബ്രസില്‍ യു.എ.ഇ ദേശീയ പതാക ഉയര്‍ത്തിയ ശേഷം റാസല്‍ഖൈമ പൊലീസിന്‍റെ ലോഗോ പ്രദര്‍ശിപ്പിക്കുന്ന റാക് പൊലീസ് ഉദ്യോഗസ്ഥന്‍ മേജര്‍ ഇബ്രാഹിം സെയ്ഫ് അല്‍ മസ്റൂയി

യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന കൊടിമുടിയില്‍ യു.എ.ഇ പതാകയും

റാസല്‍ഖൈമ: ലോകത്തിലെ പത്താമത്തെ പ്രധാന കൊടിമുടിയും യൂറോപ്പിലെയും റഷ്യയിലെയും ഏറ്റവും ഉയരമുള്ള പർവതവുമായ എല്‍ബ്രസ് കൊടുമുടിയില്‍ യു.എ.ഇ ദേശീയ പതാകയും പൊലീസ് ചിഹ്നവും ഉയര്‍ത്തി റാക് പൊലീസ് ഓഫീസര്‍ മേജര്‍ ഇബ്രാഹിം സെയ്ഫ് അല്‍ മസ്​റൂയി.

സമുദ്രനിരപ്പില്‍ നിന്ന് 5,642 മീറ്റര്‍ ഉയരത്തിലുള്ള യുറേഷ്യയിലെ ഏറ്റവും ഉയരമുള്ള അഗ്നിപര്‍വ്വതമാണ് എല്‍ബ്രസ്. തെക്കന്‍ റഷ്യന്‍ റിപ്പബ്ലിക്കായ കബാര്‍ഡിനോ-ബാല്‍ക്കറിയയില്‍ സ്ഥിതി ചെയ്യുന്ന എല്‍ബ്രസ് കോക്കസസ് പർവതനിരകളിലെ ഏറ്റവും ഉയരമുള്ള കൊടിമുടിയാണ്.

ലോകത്തിലെ ഏറ്റവും ഉയരമുള്ള ഏഴ് കൊടുമുടികളിലൊന്നില്‍ കയറുന്ന റാക് പൊലീസ് കമാന്‍ഡിലെ ആദ്യ അംഗമാകുന്നതില്‍ മേജര്‍ ഇബ്രാഹിം സെയ്ഫ് അല്‍ മസ്രൂയി വിജയിച്ചതായി റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്‍റെ സ്ഥിരോത്സാഹവും ഇച്ഛാശക്തിയും ലക്ഷ്യം നേടാനുള്ള അഭിലാഷവും പ്രശംസാര്‍ഹമാണെന്നും അലി അബ്ദുല്ല പറഞ്ഞു.

യു.എ.ഇ പതാകയും റാസല്‍ഖൈമ പൊലീസിന്‍റെ ലോഗോയും ഗിരിശൃംഗത്തില്‍ ഉയര്‍ത്തിയത് അഭിമാനകരവും സന്തോഷകരവുമായ അനുഭവമാണെന്ന് മേജര്‍ ഇബ്രാഹിം പറഞ്ഞു. ഈ ദൗത്യത്തിൽ പിന്തുണച്ച രാജ്യത്തെ പൊലീസ് നേതൃത്വത്തിനും നന്ദിയുണ്ട്. ‘സെവന്‍സ് സമ്മിറ്റ്സ് ചലഞ്ചി’ല്‍ തന്‍റെ യാത്ര തുടരുന്നതിനുള്ള നിശ്ചയദാര്‍ഢ്യവും അഭിലാഷവുമാണ് നേട്ടത്തിന് സഹായിച്ചത്. വെല്ലുവിളി നിറഞ്ഞതും സാഹസികവുമായിരുന്നു പര്‍വ്വത യാത്ര. അഞ്ച് ദിവസമെടുത്ത് നിരവധി തടസ്സങ്ങളും പ്രയാസങ്ങളും തരണം ചെയ്താണ് എല്‍ബ്രസ് പര്‍വതം കീഴടക്കാനായതെന്നും അദ്ദേഹം തുടര്‍ന്നു.

1829ല്‍ ഖില്ലര്‍ ഖാഷിറോവ്, 1874ല്‍ എഫ്. ക്രൗഫോര്‍ഡ് ഗ്രോവിന്‍റെ നേതൃത്വത്തില്‍ ഫ്രെഡറിക് ഗാര്‍ഡിനര്‍, ഹൊറേസ് വാക്കര്‍, സ്വിസ് ഗൈഡ് പീറ്റര്‍ നുബൈല്‍ എന്നിവരുള്‍പ്പെടുന്ന ബ്രിട്ടീഷ് പര്യവേഷണ സംഘമാണ് ആദ്യമായി എല്‍ബ്രസ് കീഴടക്കിയവരെന്നാണ് ചരിത്ര രേഖകള്‍.

Tags:    
News Summary - The UAE flag is also on the tallest flagpole in Europe.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.