അബൂദബി: യു.എ.ഇ വൈസ്പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷയൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന, അൽ വത്ബ ഈത്തപ്പഴ ഫെസ്റ്റിവലിന്‍റെ മൂന്നാം എഡിഷന് തുടക്കമായി. ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമായി അബൂദബി ഹെറിറ്റേജ് അതോറിറ്റി സംഘടിപ്പിക്കുന്ന പരിപാടി ജനുവരി 24 വരെ നീണ്ടുനിൽക്കും.
പ്രാദേശിക ഉൽപ്പന്നങ്ങളുടെ മികവ് പ്രദർശിപ്പിക്കുന്നതിനും പ്രീമിയം ഇമാറാത്തി ഈത്തപ്പഴ ഇനങ്ങൾ സന്ദർശകർക്ക് ലഭ്യമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈത്തപ്പഴ ലേലത്തിന്റെ ഉദ്ഘാടനം ഫെസ്റ്റിവലിന്റെ ആദ്യദിനത്തിൽ നടന്നു. മത്സരാധിഷ്ഠിത ലേലത്തിൽ, ഒരു പെട്ടി സാംലി ഈത്തപ്പഴം ദിവസത്തിലെ ഏറ്റവും ഉയർന്ന വിലയായ 800 ദിർഹം നേടി. മൊത്തത്തിൽ, ലേലത്തിൽ 160 പെട്ടികളിലായി 460 കി.ഗ്രാം ഈത്തപ്പഴം വിറ്റു.
ഈത്തപ്പന കർഷകരെ സഹായിക്കുക, പ്രാദേശിക ഈത്തപ്പഴ ഉൽപാദനം പ്രോത്സാഹിപ്പിക്കുക, മേഖലയിലെ നവീകരണം പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യസുരക്ഷക്കും സുസ്ഥിര കാർഷിക വികസനത്തിനും സംഭാവന നൽകുക എന്നിവയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം. പൈതൃകത്തിന്റെയും ദേശീയ സ്വത്വത്തിന്റെയും പ്രതീകമായ ഈത്തപ്പനയോടും അതിന്റെ ഉൽപ്പന്നങ്ങളോടുമുള്ള യു.എ.ഇയുടെ പ്രതിബദ്ധതയെയും ഇത് അടയാളപ്പെടുത്തുന്നു.
20ലക്ഷം ദിർഹമിലധികം വിലമതിക്കുന്ന 116 സമ്മാനങ്ങളുള്ള 14 മത്സരങ്ങൾ, പൈതൃക വിപണി, 40 റീട്ടെയിൽ ഔട്ട്‌ലെറ്റുകളുള്ള ഒരു ഈത്തപ്പഴ ഗ്രാമം, നിരവധി സാംസ്കാരിക പ്രവർത്തനങ്ങൾ, നാടോടി പ്രകടനങ്ങൾ എന്നിവ ഫെസ്റ്റിവലിന്‍റെ പരിപാടിയിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.