ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ
ദുബൈ: യു.എ.ഇയുടെ സംസ്കാരവും മൂല്യങ്ങളും അറബി ഭാഷയും വിദ്യാർഥികൾക്ക് പകർന്നുനൽകുന്നത് സജീവമാക്കണമെന്ന് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശം.
പ്രാഥമിക തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെ എല്ലാ തലങ്ങളിലും സർക്കാർ, സ്വകാര്യ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദേശീയ വിദ്യാഭ്യാസ പാഠ്യപദ്ധതി സംയോജിപ്പിച്ച് ഇത് നടപ്പിലാക്കണമെന്നാണ് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രിയും വിദ്യാഭ്യാസ-മാനവ വിഭവശേഷി കൗൺസിൽ ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ നിർദേശം നൽകിയത്.
ദേശീയ സ്വത്വം, ഇമാറാത്തി സംസ്‌കാരം, അറബി ഭാഷ എന്നിവയുടെ സംരക്ഷണവും ഉന്നമനവും ഭരണ നേതൃത്വത്തിന്‍റെ പ്രധാന മുൻഗണനകളിൽ ഒന്നാണെന്ന് വിദ്യാഭ്യാസ-മാനവ വിഭവശേഷി കൗൺസിലിന്‍റെ ഓൺലൈൻ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികളുടെ അറിവ് സമ്പന്നമാക്കാനും അവർക്ക് ധാർമിക പാഠങ്ങളും നല്ല മൂല്യങ്ങളും പകർന്നുനൽകാനും കഴിയുന്ന അനുഭവങ്ങളും വിജയഗാഥകളും നിറഞ്ഞതാണ് ഇമാറാത്തിന്‍റെ ദേശീയ ചരിത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബങ്ങളെ നശിപ്പിക്കാനും ഇമാറാത്തി സംസ്കാരത്തിന് പരിചിതമല്ലാത്ത രീതികൾ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്ന ആശയങ്ങളെ ചെറുക്കുന്നതിൽ അധ്യാപകർക്കും മാധ്യമങ്ങൾക്കും സമൂഹത്തിലെ ഓരോ അംഗങ്ങൾക്കും പങ്കുണ്ടെന്ന് ശൈഖ് അബ്ദുല്ല വ്യക്തമാക്കി.
സ്കൂളുകളിൽ ഇമാറാത്തി സാംസ്കാരിക പ്രവർത്തനങ്ങളുടെ ദേശീയ ചട്ടക്കൂട് യോഗത്തിൽ സാംസ്കാരിക, യുവജന വകുപ്പ് മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി വിശദീകരിച്ചു. ആക്ടിവിറ്റികൾ, മത്സരങ്ങൾ, ഇവന്‍റുകൾ, സ്കൂൾ യാത്രകൾ, വർക്ക്ഷോപ്പുകൾ എന്നിവയിലൂടെ വിദ്യാർഥികൾക്ക് സ്കൂൾ സമയങ്ങളിലോ സ്കൂളിന് ശേഷമോ ഇമാറാത്തി സംസ്കാരം പകർന്നുനൽകാനാണ് ദേശീയ ചട്ടക്കൂടിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശിക ആവിഷ്കാരങ്ങൾ, നാടോടി കലകൾ, പരമ്പരാഗത കായിക വിനോദങ്ങൾ, രാജ്യത്തിന്‍റെ ഭൂമിശാസ്ത്രം, കലകൾ, ഇമാറാത്തി സാഹിത്യം എന്നിവയെക്കുറിച്ച അറിവും അവബോധവും വർധിപ്പിക്കുന്നതാണിത്.
പൊതുവിദ്യാഭ്യാസ, അഡ്വാൻസ്ഡ് ടെക്നോളജി സഹമന്ത്രിയും എമിറേറ്റ്സ് സ്‌കൂൾ എസ്റ്റാബ്ലിഷ്‌മെന്‍റ് ചെയർമാനുമായ സാറാ ബിൻത് യൂസിഫ് അൽ അമീരി അടുത്ത അക്കാദമിക വർഷത്തെ സ്കൂൾ വകുപ്പിന്‍റെ മുൻഗണനകൾ വിശദീകരിച്ചു. വിദ്യാർഥികളുടെ വിദ്യാഭ്യാസ നേട്ടം മെച്ചപ്പെടുത്തുക, കഴിവുകൾ വർധിപ്പിക്കുക, അധ്യാപകർ, സ്കൂൾ മാനേജ്മെന്റ്, രക്ഷിതാക്കൾ എന്നിവർക്കിടയിലെ ഏകോപനവും സഹകരണവും ഉറപ്പുവരുത്തുക എന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.