എക്കോ’യുടെ അണിയറ പ്രവർത്തകർ ദുബൈയിൽ നടത്തിയ പ്രചാരണ പരിപാടിയിൽ
ദുബൈ: വലിയ പ്രചാരണങ്ങളില്ലാതിരുന്നിട്ടും ‘എക്കോ’ വൻ വിജയമാക്കിയതിൽ പ്രേക്ഷരോട് നന്ദിയുണ്ടെന്ന് സംവിധായകൻ ദിൻജിത് അയ്യത്താൾ. ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകരിലെത്തി വിജയിക്കട്ടെ എന്നത് നിർമാതാവിന്റെ തീരുമാനമായിരുന്നു. മുൻ ചിത്രമായ കിഷ്കിന്ദാ കാണ്ഡവും ഇതുപോലെ വലിയ പ്രചാരണമില്ലാെത വിജയം നേടിയതാണെന്നും അദ്ദേഹം പറഞ്ഞു. എക്കോ സിനിമിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ദുബൈയിൽ നടത്തിയ പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മ്ലാത്തിച്ചേടത്തി, സോയി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളെ കണ്ടെത്തുകയായിരുന്നു വെല്ലുവിളി. അഭിനയത്തിൽ മുൻപരിചയമില്ലാത്ത രണ്ടുപോരെ ഓഡിഷനിലൂടെ മേഘാലയയിൽനിന്ന് കണ്ടെത്തുകയായിരുന്നു. അഭിനേതാക്കളിൽ അശോകനെ മാത്രമാണ് ആദ്യ ഘട്ടത്തിൽ തീരുമാനിച്ചത്.
ഒരു പസിലിന് ഉത്തരം കണ്ടെത്തുന്നതു പോലെയായിരുന്നു ബാഹുൽ രമേശിന്റെ തിരക്കഥ. അതുകൊണ്ടുതന്നെ അത് സിനിമയാക്കുകയെന്നത് വെല്ലുവിളിയായിരുന്നു. എല്ലാവരുടെയും സഹകരണമാണ് സിനിമ വൻ വിജയമാകാൻ കാരണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. സംവിധാന രംഗത്തേക്ക് തിരിയാത്തത് പിന്നീട് ഛായാഗ്രഹണ അവസരങ്ങൾ കുറയുമോ എന്ന പേടി മൂലമാണെന്ന് ഛായാഗ്രഹകനും തിരക്കഥാകൃത്തുമായ ബാഹുൽ രമേശ് പറഞ്ഞു. മികച്ച കഥാപാത്രങ്ങളെ മാത്രം തെരഞ്ഞെടുത്ത് അഭിനയിക്കുക എന്നതുകൊണ്ടാണ് മലയാളത്തിൽ കൂടുതൽ സിനിമകളിൽ അഭിനയിക്കാത്തതെന്ന് നടൻ നരേയ്ൻ പറഞ്ഞു. നടൻമാരായ സന്ദീപ്, ബിനു പപ്പു, നിർമാതാവ് എം.ആർ.കെ ജയറാം, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.