തിരികെ, ക്ലാസിലേക്ക്; പുതിയ അധ്യയന വർഷത്തിന് ഇന്ന്​ തുടക്കം, 12.7 ലക്ഷത്തിലധികം വിദ്യാർഥികൾ സ്കൂളുകളിലേക്ക്

ദുബൈ: വേനലവധിക്കുശേഷം രാജ്യത്ത് പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം. രാജ്യത്തുടനീളമുള്ള ആയിരത്തിലധികം സർക്കാർ, സ്വകാര്യ സ്കൂളുകളിലായി 12.77 ലക്ഷത്തിലധികം വിദ്യാർഥികളാണ് തിങ്കളാഴ്ച ക്ലാസുകളിലേക്ക് മടങ്ങിയെത്തുന്നത്. 2026-27 അധ്യയന വർഷത്തിനായി 11 പുതിയ സ്കൂളുകളും വിദ്യാഭ്യാസ സമുച്ചയങ്ങളും മന്ത്രാലയം തുറന്നിട്ടുണ്ട്. വിദ്യാർഥികളുടെ മടങ്ങിവരവ് സുഗമമാക്കാൻ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ മൂന്നുവരെ ഘട്ടംഘട്ടമായാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് കടുത്ത ഗതാഗത സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസും ഗതാഗത മന്ത്രാലയങ്ങളും രാജ്യത്ത് ഒരുക്കിയിരിട്ടുള്ളത്. സുരക്ഷിതമായ ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ‘ആക്സിഡന്‍റ് ഫ്രീ ഡേ’ പ്രചാരണം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങളോ അപകടങ്ങളോ വരുത്താത്ത ഡ്രൈവർമാർക്ക് ബ്ലാക്ക് പോയന്‍റുകളിൽ ഇളവ് ലഭിക്കും. കൂടാതെ, സ്കൂൾ ബസുകൾ നിർത്തി 'സ്റ്റോപ്പ്’ ബോർഡ് പ്രദർശിപ്പിക്കുമ്പോൾ വാഹനം നിർത്താത്ത ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും 10 ബ്ലാക്ക് പോയന്‍റും ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുട്ടികളെ സ്കൂളുകളിലാക്കാൻ മാതാപിതാക്കൾക്ക് ജോലിസ്ഥലങ്ങളിൽ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു. ഫെഡറൽ സർക്കാർ ജീവനക്കാർക്ക് അധ്യയന വർഷത്തിലെ ആദ്യ ദിനങ്ങളിൽ ജോലി സമയത്തിൽ മൂന്ന് മണിക്കൂർ വരെ വൈകി വരാനോ നേരത്തെ പോകാനോ അനുവാദമുണ്ട്. കൂടാതെ, സ്വകാര്യ മേഖലയിലെ നിരവധി കമ്പനികളും ജീവനക്കാർക്ക് സമാനമായ രീതിയിൽ ജോലിസമയത്തിൽ ഇളവുകൾ നൽകിയിട്ടുണ്ട്.

വിദ്യാഭ്യാസ രംഗത്ത് പ്രധാനപ്പെട്ട മാറ്റങ്ങളോടെയാണ് ഇത്തവണ അധ്യയന വർഷം ആരംഭിക്കുന്നത്. കെ.ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹോംവർക്കുകൾ ഒഴിവാക്കി പകരം വായന പ്രോത്സാഹിപ്പിക്കും.

ആറാം ക്ലാസ് വിദ്യാർഥികൾക്ക് പ്രധാന വിഷയങ്ങൾക്ക് ഡിജിറ്റൽ പഠനത്തിന് പകരം പേപ്പറും പേനയും ഉപയോഗിച്ചുള്ള പഠനരീതി തിരികെ കൊണ്ടുവന്നു. കൂടാതെ, ദുബൈ ആർ.ടി.എ മെട്രോ, ബസ് സർവീസുകളിൽ സ്റ്റുഡന്‍റ് നോൾ കാർഡുകൾ വഴി 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള വഴികൾ

ദുബൈ: യു.എ.ഇയിലുടനീളം പത്തു ലക്ഷത്തിലധികം വിദ്യാർഥികൾ അവധിക്കാലം കഴിഞ്ഞ് ഇന്ന് സ്കൂളുകളിലേക്ക് മടങ്ങുകയാണ്. ഈ സമയത്ത്, മക്കളെ സുരക്ഷിതമായും ചെലവുകുറഞ്ഞ രീതിയിലും സ്കൂളിലെത്തിക്കാനുള്ള വഴികൾ ആലോചിക്കുകയാണ് രക്ഷിതാക്കൾ. സ്കൂൾ ബസുകൾ, പങ്കുവെച്ചുള്ള മിനിബസ് സേവനങ്ങൾ, കാർപൂളിങ്, പൊതുഗതാഗതം എന്നിങ്ങനെ നിരവധി മാർഗങ്ങൾ മുന്നിലുണ്ട്. എന്നാൽ, തീരുമാനമെടുക്കൽ പല കുടുംബങ്ങൾക്കും അത്ര എളുപ്പമല്ല. ഇന്ധനവില വർധനവ്, ഗതാഗതക്കുരുക്ക്, സ്കൂളുകൾക്ക് സമീപമുള്ള പാർക്കിങ് പരിമിതികൾ എന്നിവ പ്രധാന വെല്ലുവിളികളാണ്. ഇതിനിടെ, ഗതാഗത ഓപറേറ്റർമാർ നിരക്കുകളിൽ മാറ്റം വരുത്തുകയും, ആപ്പ് അധിഷ്ഠിത ഷെയറിങ് സർവീസുകൾ പുതിയ ഓപ്ഷനുകളായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അധ്യയനവർഷാരംഭം സുഗമമാക്കാൻ അധികൃതർ വ്യാപകമായ സുരക്ഷാ ബോധവൽക്കരണ കാമ്പയിനുകളും പരിശോധനകളും ഊർജിതമാക്കിയിട്ടുണ്ട്.

സ്കൂൾ ബസ് സേവനങ്ങൾ

യു.എ.ഇയിൽ വലിയൊരു ശതമാനം വിദ്യാർഥികളും സ്കൂൾ ബസുകളെയാണ് യാത്രക്കായി ആശ്രയിക്കുന്നത്. ഇന്ധനവില വർധന, വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ജീവനക്കാരുടെ വേതനം എന്നിവ കാരണം ഈ വർഷം ബസ് നിരക്കുകളിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. ഒരു വിദ്യാർഥിക്ക് വർഷത്തിൽ 3,500 ദിർഹം മുതൽ 10,000 ദിർഹത്തിലധികം വരെയാണ് സ്കൂൾ ബസുകൾക്കായി ചെലവഴിക്കേണ്ടി വരുന്നത്.

റൈഡ് പൂളിങ്ങും കാർപൂളിങ്ങും

ദുബൈ ആർ.ടി.എ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന 'സ്കൂൾ റൈഡ് പൂളിങ്' പദ്ധതി വഴി ഒരേ പ്രദേശത്തുള്ള കുട്ടികൾക്ക് പങ്കുവെച്ച വാഹനങ്ങളിൽ സ്കൂളുകളിലേക്ക് പോകാം. പൈലറ്റ് ഘട്ടത്തിലുള്ള ഈ സേവനത്തിന് പ്രതിമാസം 1,000 ദിർഹമാണ് ചെലവ്. ഇതുകൂടാതെ, രക്ഷിതാക്കൾ കൂട്ടമായി ചേർന്ന് നടത്തുന്ന സൗജന്യ ‘കാർപൂളിങ്’ രീതിയും ജനപ്രിയമാകുന്നുണ്ട്. ഇതിൽ ഇന്ധനച്ചെലവ് മാത്രമാണ് പങ്കുവെക്കേണ്ടി വരുന്നത്.

മിനിബസ് സേവനങ്ങൾ

സർവകലാശാല വിദ്യാർഥികൾക്കും അധ്യാപകർക്കും ഏറെ സഹായകരമായ ഒന്നാണ് സ്മാർട്ട് ഷെയേർഡ് മിനിബസ് സേവനങ്ങൾ. ബിസിനസ് ബേ, ബർശ, മിർദിഫ്, അൽ ഖൂസ് തുടങ്ങിയ പ്രധാന ഇടങ്ങളിലേക്ക് സർവീസ് നടത്തുന്ന ഈ സംവിധാനത്തിന് പ്രതിമാസം ശരാശരി 500 ദിർഹം (ഒരു യാത്രക്ക് ഏകദേശം 12 ദിർഹം) മാത്രമാണ് ചെലവ് വരുന്നത്.

പൊതുഗതാഗത സംവിധാനങ്ങൾ

മുതിർന്ന വിദ്യാർഥികൾക്ക് ഏറെ അനുയോജ്യവും ലാഭകരവുമായ മാർഗമാണ് ദുബൈ മെട്രോയും പൊതു ബസുകളും. വിദ്യാർഥികൾക്കുള്ള പ്രത്യേക 'നോൾ കാർഡുകൾ' ഉപയോഗിക്കുന്നതിലൂടെ പകുതി നിരക്കിൽ യാത്ര ചെയ്യാം. ഒരു യാത്രക്ക് ഏകദേശം 3.75 ദിർഹം മാത്രമാണ് ചെലവ്. പ്രതിമാസം ഏകദേശം 150 ദിർഹം കൊണ്ട് വിദ്യാർഥികൾക്ക് യാത്ര ചെയ്യാൻ സാധിക്കും.

റോഡ് സുരക്ഷാ നടപടികൾ

സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് ശക്തമായ സുരക്ഷാ പരിശോധനകളാണ് അധികൃതർ നടത്തുന്നത്. സ്കൂൾ ബസുകളുടെ സുരക്ഷ പരിശോധിക്കാൻ ആർ.ടി.എ 30 ദിവസത്തെ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന ഡ്രൈവർമാർക്ക് ലൈസൻസിൽ ശിക്ഷാവിധിയുടെ ഭാഗമായി നേരത്തേ ലഭിച്ച നാല് ബ്ലാക്ക് പോയന്‍റുകൾ ഒഴിവാക്കിക്കൊടുക്കുന്ന മന്ത്രാലയത്തിന്‍റെ ‘അപകടരഹിത ദിനം’ പദ്ധതിയും ആഗസ്റ്റ് 31ന് നടപ്പിലാക്കുന്നുണ്ട്. 

സ്‌കൂള്‍ ബസ് ‘സ്റ്റോപ്’ ബോര്‍ഡ് മറികടന്നാല്‍ 1000 ദിര്‍ഹം പിഴയും 10 ബ്ലാക്ക് പോയന്‍റും

അബൂദബി: വേനലവധിക്കുശേഷം സ്‌കൂളുകള്‍ തുറന്നതോടെ വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസ്. വിദ്യാര്‍ഥികളെ കയറ്റാനും ഇറക്കാനുമായി സ്‌കൂള്‍ ബസുകള്‍ നിര്‍ത്തി ‘സ്റ്റോപ്പ്’ സിഗ്‌നല്‍ ബോര്‍ഡ് തുറക്കുമ്പോള്‍ മറ്റു വാഹനങ്ങള്‍ നിര്‍ബന്ധമായും വാഹനം നിര്‍ത്തിയിടണമെന്ന് പൊലീസ് ഓര്‍മിപ്പിച്ചു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍:

അഞ്ചു മീറ്റര്‍ അകലം: സ്‌കൂള്‍ ബസ് ‘സ്റ്റോപ്പ്’ ബോര്‍ഡ് പുറത്തേക്ക് കണ്ടാല്‍ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബസില്‍ നിന്ന് കുറഞ്ഞത് അഞ്ച് മീറ്റര്‍ എങ്കിലും അകലെ നിര്‍ത്തിയിടണം. കുട്ടികള്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനും, ഡ്രൈവര്‍മാരുടെ കാഴ്ചയില്‍ കുട്ടികള്‍ വ്യക്തമായി പെടാനും വേണ്ടിയാണ് ഈ അകലം നിര്‍ബന്ധമാക്കിയത്.

കടുത്ത ശിക്ഷാനടപടി: ‘സ്റ്റോപ്പ്’ ബോര്‍ഡ് അവഗണിച്ച് ഡ്രൈവ് ചെയ്യുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴയും ഡ്രൈവിങ് ലൈസന്‍സില്‍ 10 ബ്ലാക്ക് പോയന്‍റും ലഭിക്കും.

രാവിലെയും വൈകീട്ടും സ്‌കൂള്‍ മേഖലകളിലും താമസ കേന്ദ്രങ്ങളിലും ഗതാഗതത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ വേഗത കുറക്കണമെന്നും സദാ ജാഗ്രത പാലിക്കണമെന്നും അബൂദബി പൊലീസ് വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ സുരക്ഷ എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

Tags:    
News Summary - The new academic year begins today.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.