ദുബൈ: അൽ മെയ്ദാൻ സ്ട്രീറ്റ് വികസന പദ്ധതിക്കായി 116.1 കോടി ദിർഹമിന്‍റെ രണ്ട് പ്രധാന കരാറുകൾ പ്രഖ്യാപിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ). ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെയും അൽ ഖൈൽ റോഡിലെയും ഗതാഗത ഭാരം കുറക്കാനും വടക്ക്-തെക്ക് ഗതാഗത ശേഷി 18 ശതമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ അൽ മനാമ സ്ട്രീറ്റ്, ദുബൈ-അൽ ഐൻ റോഡ് എന്നിവിടങ്ങളിൽ നിന്ന് ഉം സുഖീം സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 30 മിനിറ്റിൽ നിന്ന് 10 മിനിറ്റായി (66 ശതമാനം) കുറയും.
ഈ വൻകിട പദ്ധതിയുടെ ഭാഗമായി 3,700 മീറ്റർ നീളമുള്ള പുതിയ മേൽപാലങ്ങളും 17 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളും നിർമിക്കും. കൂടാതെ, നിലവിലുള്ള പാതകളുമായി ബന്ധിപ്പിച്ച് പുതിയ സൈക്ലിങ് ട്രാക്കുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുബായ് ഹിൽസ്, നാദ് അൽ ശെബ, മുഹമ്മദ് ബിൻ റാശിദ് ഗാർഡൻസ് തുടങ്ങിയ പ്രമുഖ ജനവാസ കേന്ദ്രങ്ങളിലെ അഞ്ച് ലക്ഷത്തിലധികം ആളുകൾക്ക് ഇത് നേരിട്ട് പ്രയോജനം ചെയ്യും. വേഗത്തിൽ പൂർത്തീകരിക്കുന്നതിനായി രണ്ട് കരാറുകളായാണ് പദ്ധതി തിരിച്ചിരിക്കുന്നത്.
ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ, ദുബൈ ഇക്കണോമിക് അജണ്ട ഡി33 എന്നിവയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നതാണ് ഈ പദ്ധതി എന്ന് ആർ.ടി.എ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മതാർ അൽ തായർ വ്യക്തമാക്കി. അടുത്തിടെ നിർമാണം ആരംഭിച്ച ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ് പദ്ധതിയുമായി ചേരുന്ന രീതിയിലാണ് ഇതിന്‍റെ രൂപകൽപ്പന. അൽ മെയ്ദാൻ സ്ട്രീറ്റ് വികസന പദ്ധതി 2028 അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.