അബൂദബി: ചൂട് കൂടി വരികയാണ്. രാജ്യത്ത് പലയിടത്തും ചൂട് 50 ഡിഗ്രി സെൽഷ്യസിന് അടുത്തെത്തിക്കഴിഞ്ഞു. ചൂട് അതിന്‍റെ പാരമ്യത്തിൽ എത്തിക്കഴിഞ്ഞോ? എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നുതന്നെയാണ് ഉത്തരം. കനത്ത ചൂടിന് എപ്പോൾ ശമനമാകുമെന്ന ചോദ്യത്തിലാണ് രാജ്യത്തെ താമസക്കാർ. വേനൽക്കാലത്തിന്റെ ആദ്യ പകുതിയിലാണ് യു.എ.ഇ ഇപ്പോൾ കടന്നുപോകുന്നതെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വിശദീകരിക്കുന്നു. ജൂൺ 21 മുതൽ ആഗസ്റ്റ് 10 വരെയാണ് ഈ ആദ്യപകുതി.
ഈ സമയത്ത് പകൽ താപനില 41 ഡിഗ്രി മുതൽ 43 ഡിഗ്രി വരെയാകും. വരണ്ട അന്തരീക്ഷവും അൽ ബാരിഹ് എന്ന ചൂടുകാറ്റും അനുഭവപ്പെടും. തുടർന്നുള്ള ആഴ്ചകളിൽ താപനില 50 ഡിഗ്രിക്ക് മുകളിലേക്ക് ഉയരുന്ന അൽ സമൂം ചൂടുകാറ്റും പ്രതീക്ഷിക്കാം.
ആഗസ്റ്റ് 11 മുതലാണ് വേനലിന്റെ രണ്ടാം പകുതി ആരംഭിക്കുക. ഈ സമയത്ത് താപനില ഉയർന്ന നിലയിൽ തുടരും. അൽ കൂസ് കാറ്റ് വീശുന്നതോടെ ഹ്യൂമിഡിറ്റി വലിയ തോതിൽ വർധിക്കും. അന്തരീക്ഷത്തിലെ ഉയർന്ന ചൂടും ഈർപ്പവും കാരണം ഹജാർ പർവതനിരകൾക്ക് മുകളിൽ പ്രദേശികമായി ശക്തമായ മഴമേഘങ്ങൾ രൂപപ്പെടും. ഇവ ‘അൽ റവാഇഹ്’ എന്ന് അറിയപ്പെടുന്ന ഇടിമിന്നലോടുകൂടിയ വേനൽക്കാല മഴക്ക് കാരണമാകുകയും ചെയ്യും.
കാലാവസ്ഥയിൽ പ്രകടമായ മാറ്റം അനുഭവപ്പെടാൻ സെപ്റ്റംബർ 23ലെ ‘ശരത്കാല വിഷു’ വരെ കാത്തിരിക്കണം. ഇതോടെ പകൽ താപനില 40 ഡിഗ്രിക്ക് താഴേക്കും രാത്രിയിലെ താപനില 25 ഡിഗ്രിക്ക് താഴേക്കും കുറയാൻ തുടങ്ങും. എന്നാൽ രാത്രികാലങ്ങളിൽ ശരിക്കും തണുത്ത അന്തരീക്ഷം അനുഭവപ്പെടാൻ ഒക്ടോബർ പകുതി വരെ സമയമെടുക്കും. ഈ സമയത്താണ് രാത്രി താപനില 20 ഡിഗ്രിയിൽ താഴേക്ക് എത്തുന്നത്.
നവംബർ പകുതിയോടെ പകൽ സമയത്തെ ഉയർന്ന താപനില 30 ഡിഗ്രിയിൽ താഴേക്ക് എത്തുകയും മാർച്ച് പകുതി വരെ നീണ്ടുനിൽക്കുന്ന സുഖകരമായ കാലാവസ്ഥ തുടങ്ങുകയും ചെയ്യും. നവംബർ ആദ്യം മുതൽ മാർച്ച് അവസാനം വരെയാണ് രാജ്യത്ത് പ്രധാനമായും മഴ ലഭിക്കുന്നത്. ഇതിനൊപ്പം സെപ്റ്റംബർ പകുതി മുതൽ നവംബർ പകുതി വരെയുള്ള കാലയളവിൽ അതിരാവിലെ മഞ്ഞുവീഴ്ചക്കും സാധ്യത കൂടുതലാണ്.
ഇന്ന് താപനിലയിൽ നേരിയ കുറവ്; പൊടിക്കാറ്റിന് സാധ്യത
ദുബൈ: യു.എ.ഇയിൽ ബുധനാഴ്ച താപനിലയിൽ നേരിയ കുറവുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ദുബൈയിലും അബൂദബിയിലും ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ഉൾനാടൻ പ്രദേശങ്ങളിൽ ഇത് 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. എങ്കിലും രാജ്യത്തുടനീളം ചൂടുള്ള അന്തരീക്ഷം തുടരും.
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മരുഭൂമി മേഖലകളിലെ റോഡുകളിൽ കാഴ്ചപരിധി കുറഞ്ഞേക്കാം. വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. വടക്കൻ എമിറേറ്റുകളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും.
തീരദേശ മേഖലകളിൽ രാത്രികാലങ്ങളിൽ ഹ്യൂമിഡിറ്റി 85 ശതമാനം വരെ ഉയർന്നേക്കാം. അറേബ്യൻ ഗൾഫിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനും ആറടി വരെ ഉയർന്ന തിരമാലകൾ രൂപപ്പെടാനും സാധ്യതയുള്ളതിനാൽ ബീച്ചുകളിൽ പോകുന്നവർ തീരസംരക്ഷണ സേനയുടെ മുന്നറിയിപ്പുകൾ പാലിക്കണം. അതേസമയം, ഒമാൻ കടലിൽ കടൽ ശാന്തമായിരിക്കും. വരും ദിവസങ്ങളിലും ശനിയാഴ്ച വരെയും ചൂടുള്ള സമാന കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.