ഏഴാമത്​ യു.എ.ഇ–ഇന്ത്യ സംയുക്​ത കോൺസുലാർ കമ്മിറ്റി യോഗം ന്യൂഡൽഹിയിൽ ചേർന്നപ്പോൾ

യു.എ.ഇ–ഇന്ത്യ സംയുക്​ത കോൺസുലാർ കമ്മിറ്റി യോഗം ന്യൂഡൽഹിയിൽ ചേർന്നു

ന്യൂഡൽഹി: ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള കോൺസുലാർ സഹകരണം ദൃഢമാക്കുന്നതിനും ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് ലഭ്യമാക്കുന്ന സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി സംഘടിപ്പിച്ച ഏഴാമത് യു.എ.ഇ–ഇന്ത്യ സംയുക്​ത കോൺസുലാർ കമ്മിറ്റി യോഗം ന്യൂഡൽഹിയിൽ നടന്നു. യു.എ.ഇ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഉമർ ഉബൈദ് അൽഹസൻ അൽശംസിയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ, പാസ്‌പോർട്ട്, വിസ ആൻഡ്​ പ്രവാസി ഭാരതീയ കാര്യങ്ങളുടെ സെക്രട്ടറി ശ്രീപ്രിയ രംഗനാഥനും യോഗത്തിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങളെ നയിച്ചു.

യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്​യാന്റെ ആശംസകൾ പങ്കുവെച്ചാണ് അൽഹസൻ അൽശംസി ചർച്ചകൾക്ക് തുടക്കമിട്ടത്. രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ സമീപകാലത്തുണ്ടായ മുന്നേറ്റങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) വഴിതുറന്ന പുതിയ അവസരങ്ങളും ഇരു രാജ്യത്തേയും ജനങ്ങൾ തമ്മിലുള്ള ദൃഢമായ ബന്ധവും ഇതിൽ നിർണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അബൂദബിയിൽ നടന്ന കഴിഞ്ഞ സമ്മേളനത്തിന് ശേഷമുണ്ടായ പുരോഗതി ഇരുവിഭാഗവും വിലയിരുത്തി. കോൺസുലാർ സേവനങ്ങൾ മെച്ചപ്പെടുത്തൽ, സാങ്കേതിക രംഗത്തെ അനുഭവ സമ്പത്തും മികച്ച മാതൃകകളും പങ്കുവെക്കൽ, വിദ്യാഭ്യാസ യോഗ്യതകൾ സാക്ഷ്യപ്പെടുത്തൽ പോലുള്ള പ്രക്രിയകളിൽ ഡിജിറ്റൽ പരിവർത്തനം നടപ്പിലാക്കൽ എന്നിവ യോഗത്തിൽ പ്രധാന ചർച്ചാവിഷയങ്ങളായി. ഇരുരാജ്യങ്ങളിലെയും പൗരന്മാരുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ഭാവിയിലും സംയുക്ത പ്രവർത്തനങ്ങളും ശക്തമായ ഏകോപനവും തുടരുമെന്ന് യോഗം അടിവരയിട്ടു.

Tags:    
News Summary - UAE–India Joint Consular Committee meeting held in New Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.