മൂന്നാം ഘട്ട ഇത്റ അവാർഡ് പ്രഖ്യാപനം സി.ഡി.എ ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് ഈസ ബുഹുമൈദ് നിർവഹിക്കുന്നു
ദുബൈ: സന്നദ്ധ സംഘടനകളുടെ സ്ഥാപന മികവും സാമൂഹിക ഇടപെടലുകളും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (സി.ഡി.എ) ‘ഇത്റ’ അവാർഡിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു. ദുബൈ സോഷ്യൽ അജണ്ട 33-ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി മൂന്നാം മേഖല ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന പദ്ധതിയായാണ് ഈ സംരംഭം നടപ്പാക്കുന്നത്.
സി.ഡി.എ ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് ഈസ ബുഹുമൈദ് മൂന്നാം ഘട്ടത്തിന്റെ പ്രഖ്യാപനം നിർവഹിച്ചു. ദുബൈ ഗവൺമെന്റിന്റെ കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത ലാഭേച്ഛയില്ലാത്ത സംഘടനകളെയാണ് ‘ഇത്റ’ പദ്ധതിയുടെ ഭാഗമായി വിലയിരുത്തി ആദരിക്കുന്നത്. സി.ഡി.എയുടെ മേൽനോട്ടത്തിലുള്ള 146 സംഘടനകളും ഈ സ്ഥാപന വികസന പദ്ധതിയിൽ പങ്കാളികളായിട്ടുണ്ട്. സ്ഥാപനങ്ങളുടെ ഭരണസംവിധാനം, സാമ്പത്തിക കാര്യക്ഷമത, സാങ്കേതിക ശേഷി എന്നിവ കർശനമായ ഗവർണൻസ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തുക. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംഘടനകൾക്ക് സ്വർണം, വെള്ളി, വെങ്കലം എന്നീ മൂന്ന് വിഭാഗങ്ങളിലായി ‘ഇത്റ എക്സലൻസ് അവാർഡ്’ സമ്മാനിക്കും.
മുൻ പതിപ്പുകളിൽ വിജയികളായ സ്ഥാപനങ്ങളുടെ എണ്ണം 25ൽ നിന്ന് 30 ആയി ഉയർന്നതും പദ്ധതിയുടെ സ്വാധീനം വ്യക്തമാക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ദുബൈയിലെ വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് അൽ ഖവാനിജ് മജ്ലിസിൽ പ്രത്യേക പരിചയപ്പെടുത്തൽ ശിൽപശാലയും സംഘടിപ്പിച്ചു. സി.ഡി.എ ദുബൈയുടെ ലൈസൻസുള്ള വിവിധ മലയാളി സംഘടനങ്ങളിൽ നിന്ന് അടക്കമുള്ള 200ലധികം പ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.