ഷാർജയിലെ അൽ താവൂൻ റൗണ്ട് എബൗട്ടിൽ നിർമാണം പുരോഗമിക്കുന്നു

അൽതാവുൻ തുരങ്കപാതയുടെ ആദ്യഘട്ടം നവംബറിൽ തുറക്കും

ഷാർജ: ഷാർജ-ദുബൈ യാത്ര എളുപ്പമാക്കുന്ന അൽ താവുൻ തുരങ്കപാതയുടെ ആദ്യഘട്ടം നവംബറിൽ തുറക്കുമെന്ന്​ അധികൃതർ അറിയിച്ചു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് മുന്നോടിയായി തുരങ്കപാത തുറന്നുനൽകാനാണ് ലക്ഷ്യമിടുന്നത്. ഷാർജയിലെ അൽ താവൂൻ റൗണ്ട് എബൗട്ടിന് അടിയിലൂടെ അൽനഹ്ദ ബ്രിഡ്ജിലേക്കാണ് 500 മീറ്റർ നീളമുള്ള തുരങ്ക പാത നിർമിക്കുന്നത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റ്, എമിറേറ്റ്സ് സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കുക. തുരങ്ക പാതയിൽ ഇരുവശത്തേക്കും മൂന്ന് വരി പാതകളുണ്ടാകും. 2027 ഫെബ്രുവരിയോടെ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അൽ താവുൻ സ്ട്രീറ്റിനെ അൽ നഹ്ദ ബ്രിഡ്ജ്, ദുബൈ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ തുരങ്കം വഴി ഗതാഗതക്കുരുക്ക് വലിയ അളവിൽ കുറക്കാനും കാത്തിരിപ്പ് സമയം 85 ശതമാനം വരെ കുറക്കാനും സാധിക്കും. തിരക്കേറിയ സമയങ്ങളിൽ ഇരുവശങ്ങളിലേക്കുമായി മണിക്കൂറിൽ 4,200 ഓളം വാഹനങ്ങൾ കടന്നുപോകാൻ ശേഷിയുള്ള പുതിയ ട്രാഫിക് സിഗ്നൽ ജങ്​ഷനും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഒന്നാം ഘട്ടമാണ്​ 2026 നവംബറിൽ തുറന്നുകൊടുക്കുന്നത്​. പുസ്തകമേള ഉൾപ്പെടെ അന്താരാഷ്ട്ര മേളകളുടെ വേദിയായ ഷാർജ എക്‌സ്‌പോ സെന്‍ററിലേക്കുള്ള യാത്രയും ഇതോടെ എളുപ്പമാകും.

നിർമാണത്തിനായി താത്കാലികമായി മാറ്റിയ പ്രശസ്തമായ അൽ താവുൻ റൗണ്ട് എബൗട്ട് സ്മാരകം പദ്ധതി പൂർത്തിയാകുന്നതോടെ പുനർനിർമിച്ച് പഴയ സ്ഥാനത്തുതന്നെ സ്ഥാപിക്കും. ഇതിനുപുറമെ ഷാർജയിൽ മറ്റു ചില പ്രധാന റോഡ് വികസന പദ്ധതികളും പുരോഗമിക്കുന്നുണ്ട്. ശൈഖ്​ ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്-മലീഹ സ്ട്രീറ്റ് ജങ്​ഷനിൽ 14 കോടി ദിർഹം ചെലവിൽ നിർമിക്കുന്ന 500 മീറ്റർ മേൽപ്പാലവും അനുബന്ധ റോഡുകളും ഇതിൽ പ്രധാനപ്പെട്ടതാണ്. ഇത് ഷാർജയിൽ നിന്ന് മലീഹ റോഡിലേക്കുള്ള യാത്രാസമയം 20 മിനിറ്റിൽ നിന്ന് 10 മിനിറ്റായി കുറക്കും.

Tags:    
News Summary - The first phase of the Al-Tawun underpass will open in November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.