കുഞ്ഞാലി മരക്കാർ സ്മാരകം വികസനവുമായി ബന്ധപ്പെട്ട നിവേദനം കൊയിലാണ്ടി എം.എൽ.എ അഡ്വ. പ്രവീൺകുമാറിന് അഡ്വ. മുഹമ്മദ് സാജിദ് നൽകുന്നു
ദുബൈ: ഹൃസ്വ സന്ദർശനാർഥം യു.എ.ഇയിലെത്തിയ കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാറുമായി ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ഇരിങ്ങൽ കോട്ടക്കൽ സ്ഥിതി ചെയ്യുന്ന സ്മാരകത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ച് കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ പ്രതിനിധികൾ ചർച്ച നടത്തി. പയ്യോളി നഗരസഭയുടെ കൈവശമുള്ള ഭൂമിയിൽ കെട്ടിടം നിർമിച്ച് കുഞ്ഞാലി മരക്കാരുടെ പേരിൽ ‘നാവിക മ്യുസിയം’ സജ്ജീകരിക്കാൻ ശ്രമങ്ങൾ നടത്തണമെന്ന് എം.എൽ.എ ക്ക് നിവേദനം നൽകി. ഇതിനായി പ്രതിരോധ മന്ത്രാലയം, ഇന്ത്യൻ നേവി മുഖേന ഫണ്ടു ലഭ്യമാക്കണമെന്നും അഭ്യർഥിച്ചു.
മരക്കാരുടെ ജന്മദേശമായ ഇവിടെ നിന്നും കെട്ടിടനിർമാണത്തിനും മറ്റുമായി കുഴിയെടുക്കുമ്പോൾ, മണ്ണിനടിയിൽ നിന്നും കണ്ടെടുത്ത സ്വർണാഭരണങ്ങളും, പഴയ ശില്പങ്ങളുമെല്ലാം സുരക്ഷയുടെ പേരിൽ സർക്കാർ ട്രഷറികളിൽ സൂക്ഷിച്ചതായാണറിവ്. ഇതെല്ലാം, മരക്കാർ സ്മാരകത്തോടനുബന്ധിച്ചുള്ള മ്യുസിയത്തിൽ സംരക്ഷിച്ചു പ്രദർശിപ്പിക്കേണ്ടതുണ്ട്. രാജ്യത്തിന് വേണ്ടി ആദ്യ രക്തസാക്ഷിയാവേണ്ടി വന്ന ആ മഹാന്റെ പോരാട്ടങ്ങളുടെ ചരിത്ര സാക്ഷ്യങ്ങളാണ് തലശേരി കടപ്പുറത്തു നിന്നും കണ്ടുകിട്ടിയ പീരങ്കികളും, മരക്കാർ ഗ്രാമത്തിൽ നിന്നും കണ്ടെത്തിയ പീരങ്കിയുണ്ടകളും വാളുകളും പരിചകളുമെല്ലാം. ഇവയൊക്കെയും മരക്കാരുടെ പേരിലുള്ള മ്യുസിയത്തിൽ സംരക്ഷിക്കപ്പെടണം.
കുഞ്ഞാലി മരക്കാരുടെ ചരിത്രം പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളിൽ സമ്മർദങ്ങൾ ചെലുത്തണമെന്നും നിവേദക സംഘം എം.എൽ.എയോട് അഭ്യർഥിച്ചു. കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ ജന. സിക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ് നിവേദനം കൈമാറി. കെ.ടി. വിനോദൻ, ഹാരിസ് കുണ്ടുങ്ങര, ഷാജി ഇരിങ്ങൽ, സക്കറിയ, സുരേന്ദ്രൻ കൊളാവിപ്പാലം എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
ഇന്ത്യയിൽ അധിനിവേശത്തിനെതിരെ പോർചുഗീസുകാരുമായി ആദ്യം പടപൊരുതി ജീവത്യാഗം വരിച്ച മഹാനെന്ന നിലയിൽ കുഞ്ഞാലി മരക്കാർക്ക് സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രഥമ രക്തസാക്ഷിയുടെ സ്ഥാനമാണുള്ളതെന്ന് എം.എൽ.എ പറഞ്ഞു. മരക്കാർ സ്മാരകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കാനായെന്നും ആദ്യ ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.