അബൂദബി മനാറത്ത് അല്‍ സാദിയാത്തില്‍ ഒരുക്കിയ ആര്‍ട്ട് ഗാലറി
അബൂദബി: ആര്‍ട്ട് ഗാലറിയില്‍ കഴിഞ്ഞുപോയത് തിരക്കേറിയ ദിനങ്ങള്‍. തങ്ങളുടെ കലാസൃഷ്ടികള്‍ മെച്ചപ്പെട്ട വിലയ്ക്ക് വില്ക്കാന് സാധിച്ചത് കലാകാരന്മാര്ക്കും ഏറെ ആശ്വാസം പകര്‍ന്നു. കോവിഡ് ദുരന്തബാധിത സാഹചര്യത്തില്‍, കഴിഞ്ഞവര്‍ഷം ഓണ്‍ലൈന്‍ പരിപാടികള്‍ മാത്രമാണ് നടത്താനായത്. ഇത് കലാകാരന്മാര്ക്ക് തങ്ങളുടെ സൃഷ്ടികള്‍ വിറ്റഴിക്കുന്നത് വിഷമകരമാക്കി. എന്നാല്‍, ഇത്തവണ ആ പ്രതിസന്ധിയില്ലെന്നതാണ് ഗുണകരമായി മാറിയത്. ഗാലറി സന്ദര്‍ശിക്കുന്നവര്‍ക്കും സൃഷ്ടികള്‍ വാങ്ങിക്കുന്നവര്‍ക്കും കലാകാരന്മാരുമായി നേരിട്ട് സംവദിക്കാന്‍ കഴിഞ്ഞു.
അബൂദബി മനാറത്ത് അല്‍ സാദിയാത്തില്‍ ഒരുക്കിയ ആര്‍ട്ട് ഗാലറി കോവിഡിനു ശേഷമുള്ള ആദ്യത്തെ വ്യക്തിഗത ഇവൻറായി മാറി. പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും. പോയ വര്‍ഷം സൃഷ്ടികള്‍ ആവശ്യമുള്ളവരെ കണ്ടെത്തുന്നത് കലാകാരന്മാര്ക്ക് ഏറെ ദുഷ്കരമായിരുന്നു. സോഷ്യല്‍ മീഡിയകളെയും ഓണ്‍ലൈന്‍ പരിപാടികളെയും വില്പനക്കായി ആശ്രയിക്കേണ്ടി വന്നെങ്കിലും സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. ഈ വര്‍ഷം ഓണ്‍ലൈനിനെ അപേക്ഷിച്ച് വിൽപന ഗണ്യമായി മെച്ചപ്പെട്ടുവെന്ന് ഗാലറികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനില്‍ കുറവ് വിൽപന നടത്താനായെങ്കിലും, പുതിയ ഉപഭോകക്താക്കളെ ആകര്‍ഷിക്കാനും സൗകര്യപ്രദവുമായ രീതിയില്‍ വിൽക്കാനും ഇപ്പോള്‍ എളുപ്പമായെന്ന് കലാകാരന്മാര് അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ വില്പനയുമായി ആര്‍ട്ട് ഗാലറിയെ താരതമ്യപ്പെടുത്തുമ്പോള്‍ നടന്ന വില്പന അഞ്ച് മുതല്‍ 10 മടങ്ങ് വരെ കൂടുതലാണ്. ഡിജിറ്റല്‍ പെയിൻറിങ്ങുകള്‍ ഓണ്‍ലൈനില്‍ വിറ്റുപോവാന് സാധാരണ എളുപ്പമാണ്.
എന്നാല്‍, ശില്പങ്ങള്, അവയുടെ പൂര്‍ണമായ ദൃശ്യപ്രഭാവം - വിശദാംശങ്ങള്‍, ടെക്സ്റ്റുകള്‍, രൂപരേഖകള്‍ നേരിട്ട് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഈ തരത്തിലുള്ള സൃഷ്ടികള്‍ വിറ്റുപോവാന് ഗാലറികള്‍ തന്നെയാണ് സൗകര്യപ്രദം. കോവിഡ് പകര്‍ച്ചവ്യാധി ബാധിതമായ സാഹചര്യത്തില്‍ നിന്ന് കലാമേഖലക്ക് ഉണര്വുണ്ടാവുന്നു എന്നതാണ് അബൂദബി ആര്‍ട്ട് ഗാലറി നല്കുന്ന സന്ദേശം. ഇത് മറ്റ് കലാപരമായ സാധ്യതകള്‍ക്കും പ്രദര്‍ശന വിപണികള്‍ക്കും മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.