നാട്ടിലേക്കു മടങ്ങുന്ന സി.എം. അബ്ദുല്‍ കരീമിന് ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം അബൂദബി നല്‍കിയ യാത്രയയപ്പ്

45 വര്‍ഷത്തെ പ്രവാസത്തിന് വിരാമം; അബ്ദുല്‍ കരീം മടങ്ങുന്നു

അബൂദബി: നാലരപ്പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് അബ്ദുല്‍ കരീം നാട്ടിലേക്ക് മടങ്ങുകയാണ്. കഴിഞ്ഞ 45 വര്‍ഷമായി യു.എ.ഇ. വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ ആര്‍ക്കൈവ്‌സില്‍ ആണ് സേവനം അനുഷ്ഠിച്ചത്. തൃശൂര്‍ ചാവക്കാട് സ്വദേശിയായ ഇദ്ദേഹം 1981ലാണ് അബൂദബിയില്‍ എത്തിയത്. വന്നിറങ്ങി ഒരു മാസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

ഇനിയുള്ള നാളുകള്‍ കുടുംബത്തോടൊപ്പം ചെലവഴിക്കുകയും ഒപ്പം, പൊതു പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്യണമെന്നാണ് അബ്ദുല്‍ കരീമിന്‍റെ ആഗ്രഹം. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. പ്രവാസജീവിതത്തിലുടനീളം സാമൂഹിക, സാംസ്‌കാരിക, പൊതുപ്രവര്‍ത്തന മേഖലകളില്‍ നല്‍കിയ സേവനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു.

അബൂദബിയിലെ മലയാളി സമൂഹത്തിൽ വിവിധ സംഘടനകളുടെ വളര്‍ച്ചക്കും പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. അബൂദബി മലയാളി സമാജം മുന്‍ വൈസ് പ്രസിഡന്റ്, ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം മുന്‍ പ്രസിഡന്റ്, ഇന്‍കാസ് അബൂദബി വര്‍ക്കിങ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.

സി.എം. അബ്ദുല്‍ കരീമിന് ഇന്‍കാസ് അബൂദബിയുടെ ആഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ഇന്‍കാസ് അബൂദബി പ്രസിഡന്റ് എ.എം. അന്‍സാര്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് ബി. യേശുശീലന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ് സ്വാഗതവും ട്രഷറര്‍ സാബു അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു. സലിം ചിറക്കല്‍, ടി.വി. സുരേഷ്‌കുമാര്‍, ടി.എം. നിസ്സാര്‍, നിബു സാം ഫിലിപ്, ഷാജഹാന്‍ ഹൈദര്‍ അലി എന്നിവര്‍ സംസാരിച്ചു. അരങ്ങ് സാംസ്‌കാരികവേദിയുടെയും അബൂദബി സാംസ്‌കാരികവേദിയുടെയും ഉപഹാരങ്ങളും നല്‍കി.

ദുബൈ: സി.എം. അബ്ദുല്‍ കരീമിന് ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം അബൂദബി യാത്രയയപ്പ് നല്‍കി. വീക്ഷണം ഫോറം അബൂദബി പ്രസിഡന്റ് ടി.എം. നിസാര്‍ അധ്യക്ഷത വഹിച്ചു. വീക്ഷണം ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എന്‍. പി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷാജികുമാര്‍ സ്വാഗതവും ട്രഷറര്‍ രാജേഷ് വടകര നന്ദിയും പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ എം.യു. ഇര്‍ഷാദ്, നിബു സാം ഫിലിപ്പ്, അനീഷ് ബാലകൃഷ്ണന്‍ എന്നിവര്‍ ഉപഹാരം നല്‍കി.

Tags:    
News Summary - End of 45 years of exile; Abdul Karim returns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.