'റെസ്‌പോണ്‍സിബിള്‍ സ്റ്റീല്‍' ആഗോള ഫോറത്തിന് ആദ്യമായി അബൂദബി വേദിയാവും

അബൂദബി: മിഡില്‍ ഈസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലാദ്യമായി നടക്കുന്ന 'റെസ്‌പോണ്‍സിബിള്‍ സ്റ്റീല്‍' (സുസ്ഥിരവും ഉത്തരവാദിത്ത പൂര്‍ണവുമായ ഇരുമ്പുരുക്ക് നിര്‍മാണം) ആഗോള ഫോറത്തിന് യു.എ.ഇ. തലസ്ഥാനമായ അബൂദബി വേദിയാകും. മേഖലയിലെ മുന്‍നിര പൊതു ഓഹരി സ്റ്റീല്‍, നിര്‍മാണ സാമഗ്രി നിര്‍മാതാക്കളായ 'എംസ്റ്റീല്‍' ഗ്രൂപ്പാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2027 മാര്‍ച്ച് 16 മുതല്‍ 18 വരെ നടക്കുന്ന ത്രിദിന ഫോറത്തിന്റെ മുഖ്യ പ്രായോജകര്‍ എംസ്റ്റീല്‍ ഗ്രൂപ്പാണ്. സുസ്ഥിരമായ സ്റ്റീല്‍ നിര്‍മാണ രീതികള്‍ വ്യാപിപ്പിക്കുക, സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, കാര്‍ബണ്‍ പുറന്തള്ളല്‍ അളക്കുന്നതിലെ കൃത്യത ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങള്‍ ഫോറത്തില്‍ ചര്‍ച്ചയാവും.

വ്യാവസായിക പരിവര്‍ത്തനം, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍, കരിമ്പുക പുറന്തള്ളല്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടേറിയ വ്യാവസായിക മേഖലകളുടെ ഭാവി എന്നിവയെക്കുറിച്ചുള്ള ആഗോള സംവാദങ്ങള്‍ക്ക് ഫോറം വേദിയാകും. അന്താരാഷ്ട്ര തലത്തിലുള്ള നയരൂപകര്‍ത്താക്കള്‍, നിക്ഷേപകര്‍, സാങ്കേതികവിദ്യാ ദാതാക്കള്‍, ഉത്പാദകര്‍, ഉപഭോക്താക്കള്‍, പൊതു സ്വകാര്യ മേഖലയിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഫോറത്തില്‍ ഒത്തുചേരും.

മെന മേഖലയിലാദ്യമായി റെസ്‌പോണ്‍സിബിള്‍ സ്റ്റീല്‍ ഫോറത്തിന് അബൂദബി വേദിയാവുന്നത് യു.എ.ഇക്കും ആഗോള സ്റ്റീല്‍ വ്യവസായ രംഗത്തിനും തന്ത്രപ്രധാനമായ നാഴികക്കല്ലാണെന്ന് എംസ്റ്റീല്‍ ഗ്രൂപ്പ് സി.ഇ.ഒ. സയീദ് ഖുമ്രാന്‍ അല്‍ റുമൈത്തി പറഞ്ഞു. കുറഞ്ഞ തോതില്‍ മാത്രം കാര്‍ബണ്‍ പുറന്തള്ളുന്ന സ്റ്റീല്‍ ഉല്‍പാദന രംഗത്തെ എംസ്റ്റീലിന്റെ നേതൃത്വവും വ്യാവസായിക പരിവര്‍ത്തനത്തിലും കാലാവസ്ഥാ ചര്‍ച്ചകളിലും അന്താരാഷ്ട്ര കേന്ദ്രമെന്ന നിലയില്‍ അബൂദബിയുടെ വളര്‍ച്ചയും ഈ നേട്ടത്തിലൂടെ പ്രതിഫലിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.ഇയിലെ ഒത്തുചേരല്‍ സംയുക്ത ലക്ഷ്യങ്ങളെ ഏകോപിപ്പിക്കാന്‍ സഹായിക്കുമെന്നും റെസ്‌പോണ്‍സിബിള്‍ സ്റ്റീല്‍ സി.ഇ.ഒ. ആനി ഹീറ്റണ്‍ വ്യക്തമാക്കി.

Tags:    
News Summary - Abu Dhabi to host first-ever 'Responsible Steel' global forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.