ദുബൈ: പ്രശസ്തമായ 'ഘിയാത്' സ്മാർട്ട് പട്രോൾ വാഹനങ്ങളുടെ രണ്ടാം തലമുറ പുറത്തിറക്കി ദുബൈ പൊലീസ്. സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. യു.എ.ഇയിലെ പ്രമുഖ വാഹന വിതരണക്കാരായ അൽ-ഫുത്തൈമുമായി സഹകരിച്ചാണ് ഈ അത്യാധുനിക വാഹനങ്ങൾ വികസിപ്പിച്ചത്. ദുബൈ പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെയും ബി.വൈ.ഡി, അൽ-ഫുത്തൈം കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
പുതിയ പദ്ധതിക്കായി ദുബൈ പൊലീസും അൽ-ഫുത്തൈമും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ബി.വൈ.ഡിയുടെ 'ഡെൻസ ബി8' എന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനത്തെ അടിസ്ഥാനമാക്കിയാണ് സെക്കൻഡ് ജനറേഷൻ ഘിയാത് പട്രോളുകൾ നിർമിക്കുന്നത്. മികച്ച സുരക്ഷാ സാങ്കേതികവിദ്യകളും ഉയർന്ന പ്രവർത്തനക്ഷമതയുമുള്ള ഈ സ്മാർട്ട് വാഹനങ്ങൾ, അടിയന്തിര ഘട്ടങ്ങളിൽ പൊലീസിന് ഉടനടി പ്രതികരിക്കാനും ഫീൽഡ് ഓപറേഷനുകൾ കൂടുതൽ കാര്യക്ഷമമാക്കാനും സഹായിക്കും.
ലോകത്തിലെ ഏറ്റവും മികച്ചതും നൂതനവുമായ പൊലീസ് സേനയായി തുടരുന്നതിനായി തങ്ങളുടെ വാഹനവ്യൂഹം അത്യാധുനിക സാങ്കേതികവിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് നവീകരിക്കാൻ ദുബൈ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് ലെഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള ശക്തമായ സഹകരണത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ പങ്കാളിത്തം. ഇത് യു.എ.ഇയിലെ ജനങ്ങളുടെ സുരക്ഷിതത്വം കൂടുതൽ വർധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.