അബൂദബി: പശ്ചിമേഷ്യന്‍ സാഹചര്യങ്ങള്‍ക്കിടയിലും അബൂദബിയുടെ സുരക്ഷിതത്വത്തിലും സുസ്ഥിരതയിലും വിശ്വാസമര്‍പ്പിച്ച് ആഗോള റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍. എമിറേറ്റിലെ റിയല്‍ എസ്റ്റേറ്റ് മേഖല ഒരു വര്‍ഷത്തിനിടെ 23 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. യൂറോപ്പ്, ഏഷ്യ, മിഡില്‍ ഈസ്റ്റിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിക്ഷേപകരും താമസക്കാരുമാണ് വിപണിയിൽ താല്‍പര്യം കാണിക്കുന്നത്. മേഖലയിലെ സങ്കീര്‍ണ സാഹചര്യങ്ങള്‍ക്കിടയിലും വിപണിയിലുള്ള പൂര്‍ണ വിശ്വാസം കാരണം സെയില്‍സ് സെന്റര്‍ സന്ദര്‍ശിക്കുക പോലും ചെയ്യാതെ ഒരു കോടീശ്വരന്‍ ആഡംബര ബംഗ്ലാവ് സ്വന്തമാക്കിയതായും മറ്റൊരു നിക്ഷേപകന്‍ ഒരു റെസിഡന്‍ഷ്യല്‍ ടവര്‍ മുഴുവനായും വാങ്ങിയതായും പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ വെര്‍ട്ടിക്‌സ് ഹോള്‍ഡിങ്‌സ് ഭാരവാഹികള്‍ വെളിപ്പെടുത്തി. ഇത് തലസ്ഥാനത്തെ വിപണിയില്‍ വന്‍കിട നിക്ഷേപകര്‍ക്കുള്ള ആത്മവിശ്വാസത്തിന്റെ തെളിവാണ്.
അബൂദബിയിലെ ജീവിതനിലവാരം, സുസ്ഥിരത, സുതാര്യമായ നിയമവ്യവസ്ഥ എന്നിവയാണ് ആഗോളതലത്തില്‍ ആളുകളെ ആകര്‍ഷിക്കുന്നത്. അന്താരാഷ്ട്ര സര്‍വേ ഏജന്‍സിയായ നംബിയോയുടെ കണക്കുകള്‍ പ്രകാരം 2017 മുതല്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി അബൂദബി നിലനിര്‍ത്തിയിരുന്നു. ഐ.എം.ഡി. സ്മാര്‍ട്ട് സിറ്റി സൂചികയില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച നഗരമായും ലോകത്തിലെ ആദ്യ അഞ്ച് നഗരങ്ങളിലൊന്നായും അബൂദബി മാറിയിട്ടുണ്ട്. ലോകോത്തര ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും വിദേശികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.
വിപണിയിലെ ഇടപാടുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനവും പ്രോപ്പര്‍ട്ടി അന്വേഷണങ്ങളില്‍ 34 ശതമാനവും വര്‍ധനവുണ്ടായതായി വെര്‍ട്ടിക്‌സ് ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ആമിര്‍ അല്‍ അഹ്ബാബിയും വൈസ് ചെയര്‍മാന്‍ ഖലീഫ അല്‍ ദാഹിരിയും വ്യക്തമാക്കി.
നിലവില്‍ അബൂദബി റിയല്‍ എസ്റ്റേറ്റ് വിപണിയിലെ ഇടപാടുകളില്‍ 62 ശതമാനവും വിദേശ നിക്ഷേപകരും താമസത്തിനായി പ്രോപ്പര്‍ട്ടി വാങ്ങുന്നവരുമാണ്. ഹ്രസ്വകാല നിക്ഷേപം എന്നതിനപ്പുറം സ്ഥിരതാമസത്തിനും ജോലിക്കുമായി ആളുകള്‍ അബൂദബി തിരഞ്ഞെടുക്കുന്നതിനാലാണ് സ്വന്തമായി വീട് വാങ്ങാന്‍ പ്രവാസികള്‍ താല്‍പര്യപ്പെടുന്നത്. സാമ്പത്തിക വൈവിധ്യവല്‍ക്കരണവും അടിസ്ഥാന സൗകര്യ വികസനവും തുണച്ചതോടെ 2025ല്‍ മാത്രം അബൂദബിയില്‍ 14,200 കോടി ദിര്‍ഹമിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് നടന്നത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 44 ശതമാനം കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.