ദുബൈ: ദിവസങ്ങളുടെ ഇടവേളക്കുശേഷം രാജ്യത്താകമാനം വെള്ളിയാഴ്ച കനത്ത ചൂട് രേഖപ്പെടുത്തി. വെള്ളിയാഴ്ച അൽഐനിൽ 50.1 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ഈ മാസം ഒമ്പതിനാണ് അവസാനമായി 50 ഡിഗ്രി കടന്ന് ചൂട് രേഖപ്പെടുത്തിയിരുന്നത്.അൽഐനിലെ തന്നെ സ്വയ്ഹാനിലാണ് അന്നും ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ജൂൺ ആദ്യവാരത്തിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ ലഭിക്കുകയും താപനില കുറയുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം റെക്കോഡുകൾ ഭേദിച്ച് യു.എ.ഇയിൽ ചൂട് രേഖപ്പെടുത്തുകയുണ്ടായി. 51.6 ഡിഗ്രിയാണ് സ്വയ്ഹാനിൽ മേയ് 24ന് ചൂട് അടയാളപ്പെടുത്തിയത്. ഇത് 2003ൽ താപനില രേഖപ്പെടുത്തുന്നത് ആരംഭിച്ചതിനുശേഷം മേയ് മാസത്തിൽ അടയാളപ്പെടുത്തിയ ഏറ്റവും വലിയ ചൂടാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുകയും ചെയ്തു.
അതേസമയം കൊടുംചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായി ഞായറാഴ്ചമുതൽ ഉച്ചവിശ്രമം ആരംഭിക്കും. ഇത് സംബന്ധിച്ച് മാനവവിഭവശേഷി, എമിറൈറ്റേസേഷൻ മന്ത്രാലയം നേരത്തേ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് മൂന്നു മാസക്കാലം ഉച്ചക്ക് 12:30 മുതൽ മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ ജോലികൾ പാടില്ല. ജൂൺ 15 മുതൽ സെപ്റ്റംബർ 15വരെയാണ് നിയമം നിലവിലുണ്ടാവുക. തുടർച്ചയായി 21ാം വർഷമാണ് രാജ്യത്ത് തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്.
അന്താരാഷ്ട്ര തൊഴിൽ ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും വേനൽക്കാലത്ത് ചൂട് മൂലമുണ്ടാകുന്ന പരിക്കുകളിൽനിന്നും രോഗങ്ങളിൽനിന്നും തൊഴിലാളികളെ സംരക്ഷിക്കുക എന്നതുമാണ് നിയന്ത്രണത്തിന്റെ ലക്ഷ്യം. ഉച്ചവിശ്രമ സമയങ്ങളിൽ കമ്പനികൾ തൊഴിലാളികൾക്ക് ഇൻഡോർ ആയതോ തണലുള്ളതോ ആയ സ്ഥലങ്ങൾ ഒരുക്കിനൽകണം. അതോടൊപ്പം ഫാൻ അല്ലെങ്കിൽ എ.സിപോലുള്ള സൗകര്യങ്ങളും ചൂടിനെ പ്രതിരോധിക്കാനായി സംവിധാനിക്കുകയും വേണം. ആവശ്യത്തിന് വെള്ളം, അംഗീകൃത ഹൈഡ്രേഷൻ സപ്ലിമെന്റ്സ്, സൈറ്റുകളിൽ ഫസ്റ്റ് എയ്ഡ് സംവിധാനം എന്നിവയും ഒരുക്കണം. ചില അനിവാര്യമായ സാഹചര്യങ്ങളിൽ ഉച്ചവിശ്രമ സമയത്തിൽ ഇളവ് അനുവദിക്കുന്നുണ്ടെങ്കിലും ഈ സാഹചര്യങ്ങളിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ തൊഴിലുടമകൾ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.