അബൂദബി: യു.എ.ഇയിൽ വ്യക്തിഗത ഫോൺ നമ്പറുകൾ ഉപയോഗിച്ച് നിയമവിരുദ്ധമായി ടെലിമാർക്കറ്റിങ് നടത്തുന്നവർക്കെതിരെ ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടി.ഡി.ആർ.എ) നടപടി ശക്തമാക്കി. 2026 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം 3,301 നിയമലംഘനങ്ങൾ കണ്ടെത്തുകയും ആകെ 1.9 കോടിയിലധികം ദിർഹം പിഴയായി ചുമത്തുകയും ചെയ്തു. പൊതുജനങ്ങളുടെ പരാതിയെ തുടർന്ന് 92,748 ഫോൺ നമ്പറുകൾ നിരീക്ഷിക്കുകയും വീഴ്ച വരുത്തിയ ടെലിമാർക്കറ്റർമാരുടെ 9,433 ഫോൺ കണക്ഷനുകൾ വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.
വ്യക്തിഗത മൊബൈൽ നമ്പറുകൾ ബിസിനസ് ആവശ്യങ്ങൾക്കോ പരസ്യങ്ങൾക്കോ ഉപയോഗിക്കാൻ പാടില്ലെന്ന് ടി.ഡി.ആർ.എ കർശന മുന്നറിയിപ്പ് നൽകി. 2024ൽ പ്രാബല്യത്തിൽ വന്ന നിയമപ്രകാരം, വ്യക്തിഗത നമ്പറുകളിൽനിന്ന് മാർക്കറ്റിങ് കോളുകൾ നടത്തുന്നവർക്ക് ആദ്യഘട്ടത്തിൽ 5,000 ദിർഹം പിഴ ലഭിക്കും. പിഴത്തുക അടച്ചുതീർക്കുന്നത് വരെ ഇവരുടെ പേരിലുള്ള എല്ലാ ഫോൺ നമ്പറുകളും സസ്പെൻഡ് ചെയ്യും. കുറ്റം ആവർത്തിക്കുന്നവർക്ക് 50,000 ദിർഹം വരെ പിഴയും ഒരു വർഷത്തേക്ക് ടെലികോം സേവനങ്ങൾക്ക് വിലക്കും നേരിടേണ്ടി വരും.
അനാവശ്യ മാർക്കറ്റിങ് കോളുകളിൽ നിന്ന് രക്ഷനേടാൻ 'ഡൂ നോട്ട് കോൾ രജിസ്റ്റർ' (ഡി.എൻ.സി.ആർ) സേവനം ഉപയോഗിക്കാൻ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. ടെലിമാർക്കറ്റിങ് കോളുകൾ ഒഴിവാക്കാൻ 'DNCR' എന്ന് ടൈപ്പ് ചെയ്ത് 2211 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചാൽ മതിയാകും. കൂടാതെ, അനാവശ്യ മാർക്കറ്റിങ് കോളുകൾ ലഭിക്കുകയാണെങ്കിൽ ആ നമ്പർ 2211 എന്ന നമ്പറിലേക്ക് അയച്ച് പരാതിപ്പെടാം.
ലൈസൻസുള്ള മാർക്കറ്റിങ് കമ്പനികൾ രാവിലെ ഒമ്പതുമുതൽ വൈകുന്നേരം ആറുമണി വരെ മാത്രമേ കോളുകൾ ചെയ്യാവൂ എന്നതടക്കമുള്ള കർശന നിയമങ്ങൾ യു.എ.ഇയിലുണ്ട്. ഉപഭോക്താക്കൾ താൽപര്യമില്ലെന്ന് അറിയിച്ചാൽ പിന്നീട് വിളിക്കാനും പാടില്ല. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 1.5 ലക്ഷം ദിർഹം വരെ പിഴയും ലൈസൻസ് റദ്ദാക്കലും നേരിടേണ്ടി വരും. 2024 അവസാനം 3.8 മില്യൺ ദിർഹമായിരുന്ന പിഴത്തുക 2026 മധ്യത്തോടെ 19 മില്യൺ ദിർഹമായി ഉയർന്നത് ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ അതോറിറ്റി നടത്തുന്ന ശക്തമായ ഇടപെടലിന്‍റെ തെളിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.