അജ്മാനിൽ ടാക്സി ബുക്കിങ് പൂർണമായും ഡിജിറ്റലിലേക്ക്

അജ്മാൻ: അജ്മാനിൽ യാത്രക്കാരുടെ ടാക്സി ബുക്കിങ് രീതി ഏതാണ്ട് പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുകയാണ്. ഈവർഷം ആദ്യ ആറുമാസത്തെ കണക്കുകൾ പ്രകാരം 95 ശതമാനത്തിലേറെ യാത്രക്കാരും ടാക്സി ബുക്ക് ചെയ്തത് ഡിജിറ്റൽ ആപ്ലിക്കേഷൻ വഴിയാണ്. മറ്റ് രീതികൾ അഞ്ചു ശതമാനത്തിന് താഴെയായി കുറഞ്ഞു.

അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി പുറത്തുവിട്ട കണക്കനുസരിച്ച് ഈവർഷം ആദ്യ ആറുമാസത്തിൽ 7,46,046 പേരാണ് ടാക്സി സേവനം മുൻകൂട്ടി ആവശ്യപ്പെട്ടത്. ഇതിൽ 7,10,905 പേരും ടാക്സി ബുക്കിങ്ങിന് ആശ്രയിച്ചത് ഡിജിറ്റൽ ആപ്ലിക്കേഷനുകളായ ഊബർ, കാരീം, അജ്മാൻ വൺ, യാങ്കോ എന്നിവയെയാണ്. കഴിഞ്ഞവർഷം ഇതേസമയത്തെ കണക്കുകളേക്കാൾ ഈ പ്രവണതയിൽ 28 ശതമാനം വർധന രേഖപ്പെടുത്തിയെന്ന് അതോറിറ്റി വ്യക്തമാക്കുന്നു. അജ്മാനിലെ ടാക്സി ബുക്കിങ് ഡെസ്പാച്ച് സെന്ററിലേക്ക് ഫോൺ വിളിച്ച് ടാക്സി ബുക്ക് ചെയ്തവരുടെ എണ്ണം 35,141 ആയി കുറഞ്ഞുവെന്നും കണക്കുകൾ പറയുന്നു. എങ്കിലും 2025ലെ കണക്കുകളേക്കാൾ ഇത്തരം ടാക്സി ബുക്കിങ് രീതിയിലും വർധനയുണ്ടായിട്ടുണ്ട്.

ഡിജിറ്റൽ വൽകരണത്തിനുള്ള നടപടികൾ വിജയം കാണുന്നതിന്റെ സൂചനയാണ് മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള ടാക്സി ബുക്കിങിലെ കുതിപ്പ് വ്യക്തമാക്കുന്നതെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റഷ ഖലാഫ് ആൽ ശംസി പറഞ്ഞു. കൂടുതൽ ബുക്കിങ് ആപ്പുകളെ ഏകീകരിക്കാൻ കഴിഞ്ഞതും ബുക്കിങ് നടപടികൾ കൂടുതൽ എളുപ്പമാക്കിയതുമാണ് വളർച്ചക്ക് ഗുണം ചെയ്തതായി അവർ ചുണ്ടിക്കാട്ടി.

Tags:    
News Summary - Taxi booking in Ajman goes completely digital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.