അബൂദബിയില്‍ ഗ്ലോബല്‍ ഫുഡ് വീക്കിന് ചൊവ്വാഴ്ച തുടക്കം; അതിഥിയായി ഇന്ത്യ
അബൂദബി: ആഗോള ഭക്ഷ്യ-കാര്‍ഷിക വ്യവസായ രംഗത്തിന്‍റെ സംഗമവേദിയാവാന്‍ അബൂദബി ഒരുങ്ങുന്നു. പുതിയ അനുഭവങ്ങളും വിശിഷ്ടാതിഥിയുടെ സാന്നിധ്യവും വിവിധ ഉച്ചകോടികളും ശില്‍പശാലകളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 2026 ലെ ഗ്ലോബല്‍ ഫുഡ് വീക്കിന് ചൊവ്വാഴ്ച അബൂദബിയില്‍ തുടക്കമാകും. ഒക്ടോബര്‍ ആറുമുതല്‍ എട്ടുവരെ അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്‍ററിലാണ് പരിപാടി നടക്കുന്നത്.
അബൂദബി കാര്‍ഷിക-ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുമായി (അഡാഫ്‌സ) ചേര്‍ന്ന് അഡ്‌നെക് ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ഭക്ഷ്യ-കാര്‍ഷിക മേഖലകളിലെ പ്രമുഖര്‍, നിക്ഷേപകര്‍, ഗവേഷകര്‍, സംരംഭകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തും.യു.എ.ഇയുമായുള്ള ശക്തമായ ബന്ധത്തിന്‍റെയും ആഗോള ഭക്ഷ്യ സംവിധാനങ്ങളിലും കാര്‍ഷിക നവീകരണത്തിലും വര്‍ദ്ധിച്ചുവരുന്ന പങ്കിന്‍റെയും അടയാളമായി ഇന്ത്യ ഈ വര്‍ഷത്തെ ഗസ്റ്റ് ഓഫ് ഓണര്‍ ആയി പങ്കെടുക്കും. ഇതിനായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഇന്ത്യ പവലിയന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും ബ്രാന്‍ഡുകള്‍ക്കും കയറ്റുമതിക്കാര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, ഭക്ഷ്യ സുരക്ഷാ പ്രമുഖര്‍ എന്നിവരെ കണ്ടുമുട്ടാന്‍ മികച്ച അവസരമൊരുക്കും.
ഭക്ഷണം, കൃഷി, കയറ്റുമതി, ചില്ലറവ്യാപാരം, ലോജിസ്റ്റിക്‌സ്, പാക്കേജിങ്, സാങ്കേതികവിദ്യ, ധനകാര്യം, നിക്ഷേപം തുടങ്ങിയ വിവിധ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടും. ബിസിനസ് മീറ്റിങ്ങുകള്‍, ബ്രാന്‍ഡ് പ്രദര്‍ശനങ്ങള്‍, നിക്ഷേപ ചര്‍ച്ചകള്‍ എന്നിവയും അജണ്ടയിലുണ്ട്. ഇതിനുപുറമെ ഇന്ത്യന്‍ സംസ്‌കാരം, പാചകരീതി, സര്‍ഗാത്മകത, സമൂഹം എന്നിവയുടെ പ്രദര്‍ശനവും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം.
‘ഷോപ്പ് അറ്റ് ദി ഷോ’ റീട്ടെയില്‍ പ്ലാറ്റ്ഫോമിലൂടെ സന്ദര്‍ശകര്‍ക്ക് പങ്കെടുക്കുന്ന പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകളില്‍ നിന്ന് ഭക്ഷണം, പാനീയങ്ങള്‍, തേന്‍, ഈന്തപ്പഴം, കാര്‍ഷിക ഉൽപന്നങ്ങള്‍ എന്നിവ നേരിട്ട് വാങ്ങാനാകും.ജനപ്രിയമായ നിരവധി ആകര്‍ഷണങ്ങളും ഇത്തവണ തിരിച്ചെത്തുന്നുണ്ട്. പ്രശസ്ത ഷെഫുകള്‍ നയിക്കുന്ന തത്സമയ പാചക പ്രദര്‍ശനമായ വേള്‍ഡ് ഗൗര്‍മെറ്റ് ഷോ, സന്ദര്‍ശകര്‍ക്ക് പുതിയ ബ്രാൻഡുകളും രുചികളും ട്രെന്‍ഡുകളും കണ്ടെത്താന്‍ സഹായിക്കുന്ന ബീവറേജ് സെക്ടര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഹണി ടേസ്റ്റിങ് സ്റ്റേഷനില്‍ യു.എ.ഇയില്‍ നിന്നും ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്നുമുള്ള തേന്‍ രുചിക്കാനും അവയുടെ ഉത്ഭവത്തെയും ഉൽപാദനത്തെയും കുറിച്ച് മനസ്സിലാക്കാനും അവസരമുണ്ടാകും. ഫാര്‍മേഴ്‌സ് മാര്‍ക്കറ്റില്‍ യു.എ.ഇയിലെ കര്‍ഷകരില്‍നിന്നും ഉൽപാദകരില്‍നിന്നും നേരിട്ട് പുതിയ ഉൽപന്നങ്ങളും പ്രാദേശികമായി നിർമിച്ച സാധനങ്ങളും വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.