അയ്ച്ചി-നാഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ അഞ്ച് സ്വർണ മെഡലുകൾ നേടിയ യു.എ.ഇ ജിയു ജിറ്റ്സു ടീം
ഏഴഴകിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസിൽ എക്കാലത്തേയും മികച്ച സ്വർണവേട്ടയിൽ യു.എ.ഇ
ദുബൈ: ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ തങ്ങളുടെ എക്കാലത്തേയും മികച്ച സ്വർണവേട്ടയുമായി യു.എ.ഇ. ജപ്പാനിലെ അയ്ച്ചി-നാഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ ഏഴ് സ്വർണ മെഡലുകൾ നേടിയാണ് രാജ്യം ചരിത്രം കുറിച്ചത്. ഹാങ്ഷൂവിൽ നേടിയ അഞ്ച് സ്വർണമെന്ന റെക്കോർഡാണ് മറികടന്നത്. ജിയു-ജിറ്റ്സു മത്സരങ്ങളുടെ രണ്ടാം ദിനത്തിൽ രണ്ട് സ്വർണവും ഒരു വെങ്കലവും കൂടി കരസ്ഥമാക്കിയതോടെ ഏഴ് സ്വർണം, നാല് വെള്ളി, ഒരു വെങ്കലം എന്നിവയുൾപ്പെടെ യു.എ.ഇയുടെ ആകെ മെഡൽ നേട്ടം 12 ആയി ഉയർന്നു.
വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ മറിയം കരീം, പുരുഷന്മാരുടെ 73 കിലോ ജൂഡോയിൽ കസ്ബെക് നഗുച്ചെവ് എന്നിവർ സ്വർണം നേടിയിരുന്നു. ജിയു-ജിറ്റ്സുവിൽ ബൽക്കീസ് അബ്ദുല്ല (വനിതാ 48 കിലോ), ഖാലിദ് അൽ ശെഹി (പുരുഷ 62 കിലോ), അഹമ്മദ് അൻദീസ് (പുരുഷ 69 കിലോ), മഹ്ദി അൽ ഔലാഖി (പുരുഷ 77 കിലോ), അസ്മ അൽ ഹുസനി (വനിതാ 52 കിലോ) എന്നിവരും സ്വർണമണിഞ്ഞു. സുലൈമാൻ അബ്ദുൽ റഹ്മാൻ (400 മീറ്റർ), അൽ അനൂദ് അൽ ഹർബി (ജിയു-ജിറ്റ്സു 48 കിലോ), ഉമർ അൽ സുവൈദി (ജിയു-ജിറ്റ്സു 62 കിലോ), യു.എ.ഇ ഷോ ജമ്പിങ് ടീം എന്നിവർ വെള്ളിയും അമ്മാർ അൽ ഹുസനി (ജിയു-ജിറ്റ്സു 94 കിലോ) വെങ്കലവും സ്വന്തമാക്കി.
ഒറ്റ ഏഷ്യൻ ഗെയിംസിൽ ഏഴ് സ്വർണം നേടുന്നത് യു.എ.ഇ കായികരംഗത്തെ നാഴികക്കല്ലാണെന്ന് നാഷനൽ ഒളിമ്പിക് കമ്മിറ്റി ജനറൽ സെക്രട്ടറി ഫാരിസ് മുഹമ്മദ് അൽ മുത്തവ പറഞ്ഞു. 165 കായികതാരങ്ങളടങ്ങുന്ന വലിയ സംഘമാണ് ടൂർണമെന്‍റിൽ പങ്കെടുത്തത്. ഡാകർ യൂത്ത് ഒളിമ്പിക്സ്, 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സ് എന്നിവയാണ് രാജ്യത്തിന്‍റെ അടുത്ത ലക്ഷ്യങ്ങൾ. മറ്റു മത്സരങ്ങളിൽ, ജൂഡോയിൽ 100 കിലോക്ക് മുകളിലുള്ളവരുടെ വിഭാഗത്തിൽ യു.എ.ഇയുടെ മുഹമ്മദ് ഒമർ മറൂഫിന് വെങ്കല മെഡൽ പോരാട്ടത്തിൽ ദക്ഷിണ കൊറിയയുടെ കിം മിൻ-ജോങ്ങിനോട് പരാജയം നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.