ആയുർദൈർഘ്യ ദിനത്തോടനുബന്ധിച്ച് ദുബൈ അൽ ഖൂസിലെ അൽസെർക്കൽ അവന്യൂവിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സംഘടിപ്പിച്ച പരിപാടിയിൽനിന്ന്
‘ആയുർദൈർഘ്യ വിടവ് നികത്തുക’; ആസ്റ്റർ ഉദ്യമത്തിന് തുടക്കമായി
ദുബൈ: അന്താരാഷ്ട്ര ആയുർദൈർഘ്യ ദിനത്തോടനുബന്ധിച്ച് ‘ആയുർദൈർഘ്യത്തിന്‍റെ വിടവ് നികത്തുക’ എന്ന സന്ദേശവുമായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ദുബൈ അൽ ഖൂസിലെ അൽസെർക്കൽ അവന്യൂവിൽ വെൽത്ത്, മൈ ആസ്റ്റർ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. രോഗങ്ങൾ ചികിത്സിക്കുന്നതിനപ്പുറം രോഗപ്രതിരോധം, ആരോഗ്യ അവബോധം, സജീവമായ ജീവിതശൈലി എന്നിവയിലൂടെ ആളുകളുടെ ആരോഗ്യകരമായ ആയുസ്സ് വർധിപ്പിക്കുകയാണ് ഈ ഉദ്യമത്തിന്‍റെ പ്രധാന ലക്ഷ്യം.
ആരോഗ്യകരമായ ആയുർദൈർഘ്യത്തിന്‍റെ ആഗോള കേന്ദ്രമാകാനുള്ള ദുബൈയുടെ കാഴ്ചപ്പാടിനും ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ദുബൈ ആയുർദൈർഘ്യ അതോറിറ്റിയുടെ അജണ്ടക്കും അനുസൃതമായാണ് ആസ്റ്ററിന്‍റെ പ്രവർത്തനം.
മൈ ആസ്റ്റർ വികസിപ്പിച്ച യു.എ.ഇയിലെ ആദ്യത്തെ ഡി.എച്ച്.എ സർട്ടിഫൈഡ് 100+ ബയോമാർക്കർ ടെസ്റ്റായ ‘ത്രൈവ്’ പരിപാടിയിൽ അവതരിപ്പിച്ചു. ശരീരത്തിലെ നൂറിലധികം ബയോമാർക്കറുകൾ വിശകലനം ചെയ്ത് വ്യക്തിഗത ആരോഗ്യ വിവരങ്ങളും പ്രായോഗിക വിദഗ്ദ്ധ മാർഗനിർദേശങ്ങളും നൽകുന്ന സംവിധാനമാണിത്. പരിപാടിയിൽ പങ്കെടുത്ത അതിഥികൾക്ക് വി.ഒ.2 മാക്സ് പരിശോധന, ചലനാത്മകത, ചർമ വിശകലനം തുടങ്ങിയവ നേരിട്ട് മനസ്സിലാക്കാൻ അവസരമൊരുക്കിയിരുന്നു.
ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ജി.സി.സി മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ, ടെഡ് സ്പീക്കർ ഷെറീൻ മിട്വല്ലി എന്നിവർ പങ്കെടുത്ത ‘ഡീകോഡിങ് ലോംഗെവിറ്റി’ എന്ന ചർച്ചയോടെയാണ് പരിപാടി ആരംഭിച്ചത്. ആയുസ്സ് വർധിപ്പിക്കുന്നതിനപ്പുറം ആളുകളെ കൂടുതൽ കാലം ആരോഗ്യത്തോടെയും സജീവമായും ജീവിക്കാൻ സഹായിക്കുകയാണ് ലക്ഷ്യമെന്ന് അലീഷ മൂപ്പൻ വ്യക്തമാക്കി. ഡോ. കരീമ അറൗഡ്, ഡോ. എലീ എബിറാച്ചേഡ്, പ്രൊഫ. റോബർട്ടോ ഗ്രോബ്മാൻ, ഡോ. ലമീസ് ഹംദാൻ എന്നിവർ പങ്കെടുത്ത ‘ബ്രിഡ്ജിംഗ് ദി ലോംഗെവിറ്റി ഗ്യാപ്പ്’ പാനൽ ചർച്ചയിൽ വ്യക്തിഗത ആരോഗ്യം, പോഷകാഹാരം, ഉറക്കം, ജനിതകശാസ്ത്രം എന്നിവയെക്കുറിച്ച് സംവാദങ്ങൾ നടന്നു. എമിറാത്തി പാഡെൽ താരം ഫാരിസ് അൽ ജനഹിയെക്കുറിച്ചുള്ള ഹ്രസ്വചിത്ര പ്രദർശനവും അരങ്ങേറി.
ആസ്റ്റർ ഫാർമസി, ആസ്റ്റർ ഒപ്റ്റിക്കൽസ്, ഹുമന്ത്ര, ഫേഡ് ഫിറ്റ് എന്നിവയുടെ സഹകരണത്തോടെ ദീർഘായുസ് ലക്ഷ്യമിട്ടുള്ള ഉൽപന്നങ്ങളും സേവനങ്ങളും അനുഭവവേദ്യമാക്കാനും അവസരമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.