‘ദുബൈ ലോകത്തിന്‍റെ വീടാണ്, മാനവികതയുടെ സങ്കേതവും’; സന്ദേശം പങ്കുവെച്ച് ശൈഖ് മുഹമ്മദ് ബിൻ റാശിദ്
ദുബൈ: സമൂഹത്തോടും രാജ്യവാസികളോടും സന്ദർശകരോടും ദുബൈയെ സ്നേഹിക്കുന്ന ഏവരോടുമായി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെശഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രത്യേക സന്ദേശം പങ്കുവെച്ചു. മനോഹരമായ ഒരു നഗരവും സൗഹാർദപരമായ ഒരു സമൂഹവും ലോകത്തിന് മാതൃകയായ അനുഭവവുമാണ് നമ്മൾ ഇവിടെ സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ദുബൈ ലോകത്തിന്‍റെ വീടും മാനവികതയുടെയും ജീവിതത്തിന്‍റെയും സങ്കേതവുമാണ്. ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രചോദനം നൽകുന്ന മികച്ച മാനുഷിക അനുഭവമാണ് ദുബൈ പകർന്നുനൽകുന്നത്. നഗരത്തിന്‍റെ തുറന്ന മനസ്സും ആഗോള തലത്തിലുള്ള സവിശേഷ പ്രാധാന്യവും വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്‍റെ വാക്കുകൾ.
തന്‍റെ ‘ലെറ്റേഴ്സ്’ എന്ന പുസ്തകത്തിൽ നിന്നുള്ള പ്രസക്ത ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് ദുബൈ ഭരണാധികാരി സമൂഹ മാധ്യമത്തിൽ ഈ സന്ദേശം പങ്കുവെച്ചത്. ദീർഘകാലത്തെ അനുഭവസമ്പത്തിൽ നിന്നും ഭരണമികവിൽ നിന്നും താൻ പഠിച്ച കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം കുറിപ്പ് തയാറാക്കിയിരിക്കുന്നത്. ദുബൈയിലെ ജനങ്ങളോട്.. ഈ മണ്ണിലെ നിവാസികളോട്.. ഇവിടുത്തെ സന്ദർശകരോട്.. ദുബൈയെ പ്രണയിക്കുന്ന ഏവരോടുമായി.. എന്നു തുടങ്ങുന്ന കുറിപ്പിൽ ദുബൈയിലെ സന്തോഷകരവും അർഥപൂർണവുമായ ജീവിതത്തിനായി ഏഴ് പ്രധാന കാര്യങ്ങളാണ് ഈ കുറിപ്പിലൂടെ അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ദുബൈ സമൂഹത്തിൽ ശാന്തിയും സൗഹാർദവും നിലനിർത്തുന്നതിനും ഓരോ വ്യക്തിക്കും മികച്ച ഭാവി ഉറപ്പാക്കുന്നതിനും ഈ തത്വങ്ങൾ വഴികാട്ടിയാകും.
ദുബൈയിലെ സന്തോഷകരമായ ജീവിതത്തിനായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് മുന്നോട്ടുവെക്കുന്ന ഏഴു പ്രധാന തത്വങ്ങൾ ഇവയാണ്...
ജീവിതം ഉത്തരവാദിത്തമാണ്, ഉത്തരവാദിത്തമാണ് ജീവിതം: ഉത്തരവാദിത്തം ഓരോ വ്യക്തിയുടെയും ഉള്ളിൽ നിന്നാണ് തുടങ്ങുന്നത്. ഭരണാധികാരിക്ക് തന്‍റെ ടീമിനോടും, പിതാവിന് തന്‍റെ കുടുംബത്തോടും, ജീവനക്കാരന് തന്‍റെ ജോലിയിലെ കടമകളോടും ഉത്തരവാദിത്തമുണ്ട്. ഓരോ പൗരന്‍റെയും സുരക്ഷയിലും സന്തോഷത്തിലും സർക്കാരിനും തുല്യ ഉത്തരവാദിത്തമുണ്ട്.
ആദരവ് എന്നാൽ മാനുഷിക മൂല്യത്തെ വിലമതിക്കലാണ്: മനുഷ്യന്‍റെ മൂല്യത്തെയും വികാരങ്ങളെയും സംരക്ഷിക്കുക എന്നതാണ് പ്രധാനം. നമ്മളെപ്പോലെ മറ്റുള്ളവരെയും തുല്യരായി കാണുക. മുതിർന്നവരെ ബഹുമാനിക്കുക, സാധാരണ തൊഴിലാളികളെപ്പോലും വിലമതിക്കുകയും ആദരിക്കുകയും ചെയ്യുക.
മികവും പൂർണതയുമാണ് നാം ലോകത്തിന് നൽകുന്ന മനോഹര സന്ദേശം: നഗരത്തിന്‍റെ വൃത്തി, വിമാനത്താവളങ്ങളിലെ സേവനം, നിർമാണം എന്നിവയിലെല്ലാം കാണിക്കുന്ന കൃത്യതയും പൂർണതയുമാണ് ദുബൈയുടെ വിജയം. ചെയ്യുന്ന ഓരോ ചെറിയ കാര്യത്തിലും പുലർത്തുന്ന മികവാണ് നമ്മെ ഉയർത്തുന്നത്.
വിനയത്തിലൂടെ നാം ഉയരങ്ങളിലെത്തുന്നു: വലിയ നേട്ടങ്ങൾ കൈവരിക്കുമ്പോഴും എപ്പോഴും എളിമയോടെ നിൽക്കുക. വിനയം നമ്മുടെ ലക്ഷ്യങ്ങളെ കൂടുതൽ വലുതാക്കും. അത് അഹങ്കാരത്തിൽനിന്ന് നമ്മെ മോചിപ്പിക്കും. ശുഭാപ്തിവിശ്വാസമാണ് നമ്മുടെ ജീവിതരീതി: ഭാവി കൂടുതൽ മനോഹരമായിരിക്കുമെന്ന് നാം വിശ്വസിക്കുന്നു. ഓരോ പ്രതിസന്ധിയിലും പുതിയ അവസരങ്ങൾ കണ്ടെത്തുക. സ്വയം വിശ്വസിച്ച് സ്വന്തം ഭാവി രൂപപ്പെടുത്തുക.
നന്മയാണ് നമ്മുടെ വഴിയും രീതിയും: മറ്റുള്ളവരെ സഹായിക്കുന്നതും നന്മ ചെയ്യുന്നതും നമ്മളുടെ ശീലമാണ്. നല്ല വാക്കുകൾ പറയുക, വഴിയിലെ തടസ്സങ്ങൾ നീക്കുക, യുവാക്കളെ പ്രോത്സാഹിപ്പിക്കുക, കരുണ കാണിക്കുക എന്നിവയെല്ലാം നന്മയുടെ ഭാഗമാണ്.
മാതൃരാജ്യത്തോടുള്ള കൂറ്: രാജ്യത്തോടുള്ള കൂറ്, നിയമങ്ങളെയും ഭരണഘടനയെയും ബഹുമാനിക്കൽ, നീതി, സത്യസന്ധത എന്നിവയാണ് നമ്മുടെ മൂല്യങ്ങൾ. മാതൃരാജ്യം എന്നത് കേവലം ഭൂമിശാസ്ത്രമല്ല, മറിച്ച് അത് നമ്മുടെ ഉള്ളിലെ വികാരമാണ്. കെട്ടിടങ്ങളും വികസനങ്ങളും നിർമിക്കുന്നത് മാത്രമല്ല, ഉന്നതമായ മാനുഷിക മൂല്യങ്ങളുള്ള സമൂഹത്തെ കെട്ടിപ്പടുക്കുന്നതാണ് യഥാർഥ അത്ഭുതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.