‘മിഡ് ഐലന്‍ഡ് പാർക്ക് വേ’ ഒന്നാംഘട്ടം അടുത്തവര്‍ഷം പൂര്‍ത്തിയാവും; അബൂദബിയില്‍ യാത്രാസമയം ഗണ്യമായി കുറയും
അബൂദബി: എമിറേറ്റിലെ പ്രധാന ദ്വീപുകള്‍ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറക്കാനും ഗതാഗതം കൂടുതല്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ടുള്ള ‘മിഡ് ഐലന്‍ഡ് പാർക്ക് വേ’ ഒന്നാംഘട്ടം അടുത്തവര്‍ഷം പൂര്‍ത്തിയാവും. 285 കോടി ദിര്‍ഹം ചെലവ് വരുന്ന പദ്ധതിയാണിത്. സാദിയാത്ത് ദ്വീപിനെയും ഉമ്മു യിഫീന ദ്വീപിനെയും ബന്ധിപ്പിക്കുന്ന പുതിയ കണക്റ്റിവിറ്റി യാഥാർഥ്യമാക്കുന്നതാണിത്.
സാദിയാത്ത് ദ്വീപില്‍നിന്ന് റീം ഐലന്‍ഡ് അല്ലെങ്കില്‍ അബൂദബി ദ്വീപ് എന്നിവിടങ്ങളിലേക്കുള്ള യാത്രയില്‍ നിലവില്‍ 25 മിനിറ്റോളം നഷ്ടപ്പെടുന്നവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് പദ്ധതി. പുതിയ കണക്റ്റിവിറ്റി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഈ യാത്ര വെറും 10 മിനിറ്റായി കുറയും. ഒന്നാം ഘട്ടത്തില്‍ ഇ-12 പാതയിലെ വടക്കന്‍ സാദിയാത്ത് ഇന്‍റര്‍ചേഞ്ചിനെ സാദിയാത്തിന്‍റെ തെക്കേ അറ്റവുമായി ബന്ധിപ്പിക്കുന്ന എട്ട് വരി പാതയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 മീറ്റര്‍ ആഴത്തില്‍ 600 മീറ്റര്‍ നീളമുള്ള ജലാശയത്തിനടിയിലെ ഭാഗം ഉള്‍പ്പെടെ 1.5 കിലോമീറ്റര്‍ ഭൂഗര്‍ഭ ചാനലും പദ്ധതിയുടെ ഭാഗമായി വരുന്നുണ്ട്.
നിര്‍മാണ സമയം കുറക്കാന്‍ സൈറ്റിന് പുറത്ത് നിര്‍മിച്ച പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് റൂഫ് പാനലുകളും ഓണ്‍-സൈറ്റ് നിര്‍മാണ രീതികളുമാണ് എഞ്ചിനീയര്‍മാര്‍ ഉപയോഗിക്കുന്നത്. മ്യൂസിയങ്ങള്‍, ബീച്ചുകള്‍, റെസ്റ്ററന്‍റുകള്‍, ജനവാസ മേഖലകള്‍ എന്നിവയാല്‍ ശ്രദ്ധേയമായ സാദിയാത്ത് ദ്വീപിലെ യാത്രാക്കുരുക്കിന് ഇത് വലിയ പരിഹാരമാകും. സാദിയാത്ത് ലഗൂണ്‍സ്, സാദിയാത്ത് മറീന ഡിസ്ട്രിക്റ്റ്, എന്‍.വൈ.യു അബൂദബി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന നിലവിലുള്ള ഹൈവേയുമായി പുതിയ ഇന്‍ഫ്രാസ്ട്രക്ചര്‍ ബന്ധിപ്പിക്കും. കാറുകള്‍ക്ക് പുറമെ, നാല് കിലോമീറ്റര്‍ നടപ്പാതയും സൈക്ലിങ് ട്രാക്കുകളും ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സാദിയാത്ത് ദ്വീപിലൂടെയും ഉമ്മു യിഫീന ദ്വീപിലേക്കും 12 കിലോമീറ്റര്‍ നീളത്തിലുള്ള തുടര്‍ച്ചയായ പാതയായി മാറും.
ഊര്‍ജ സംരക്ഷണ ലൈറ്റിങ്ങും, തദ്ദേശീയവും വരള്‍ച്ചയെ പ്രതിരോധിക്കുന്നതുമായ സസ്യങ്ങളെ പരിപാലിക്കുന്ന ജലസേചന സംവിധാനങ്ങളും പദ്ധതിയിലുണ്ട്. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ ഈ ഇടനാഴി 14.5 കിലോമീറ്റര്‍ കൂടി നീട്ടി, ഉമ്മു യിഫീന ദ്വീപില്‍നിന്ന് ബില്‍രിമൈദ്, സമലിയ ദ്വീപുകള്‍ വഴി സാസ് അല്‍ നഖ്ല്‍, അല്‍ റഹ ഫ്രഞ്ച്, ഖലീഫ സിറ്റി എന്നിവയുമായി ബന്ധിപ്പിക്കും.
ഓരോ ദിശയിലും നാല് വരികള്‍ വീതമുള്ള പാത, നടപ്പാതകള്‍, സൈക്ലിങ് ട്രാക്കുകള്‍, മറീന പാലങ്ങള്‍, എലിവേറ്റഡ് ൈഫ്ല ഓവറുകള്‍, വെള്ളത്തിനടിയിലെ റോഡ് ടണല്‍ എന്നിവയും രണ്ടാം ഘട്ടത്തില്‍ സജ്ജീകരിക്കും. മിഡ് ഐലന്‍ഡ് പാർക്ക് വേ പദ്ധതി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ സാദിയാത്ത് ദ്വീപും സായിദ് സിറ്റിയും തമ്മിലുള്ള യാത്ര 15 മിനിറ്റില്‍ താഴെയായി കുറയും. ഇതിനുപുറമെ, അല്‍ ഹുദൈരിയാത്ത് ദ്വീപിനെ അല്‍ നൗഫിലെ ഇ-11 പാതയുമായി ബന്ധിപ്പിക്കുന്ന 37 കിലോമീറ്റര്‍ തീരദേശ പാതയുടെ പദ്ധതിയും ഡി.എം.ടി അവതരിപ്പിച്ചിട്ടുണ്ട്.
ഓരോ ദിശയിലും മൂന്ന് വരികള്‍, ഒരു ടണല്‍, ഏഴ് കിലോമീറ്റര്‍ മറീന പാലങ്ങള്‍, നാല് കിലോമീറ്റര്‍ കോസ്വേകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ പുതിയ പാത. അല്‍ ദഫ്റയെ അല്‍ ഹുദൈരിയത്ത് ദ്വീപുമായും അബൂദബി ദ്വീപുമായും ഹലത് അല്‍ ബഹ്റാനി, അല്‍ ഫുതൈസി, അല്‍ അര്യാം ദ്വീപുകള്‍ വഴി ഇത് ബന്ധിപ്പിക്കും. അബൂദബി നഗരമധ്യത്തിന് ചുറ്റും ഒരു കോസ്റ്റല്‍ ബൈപാസ് സൃഷ്ടിച്ച് യാത്രക്കാര്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും എമിറേറ്റിലൂടെ സഞ്ചരിക്കാന്‍ പുതിയ വഴിയൊരുക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. അബൂദബിയിലെ ദ്വീപുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പുതിയ ശൃംഖല യാഥാർഥ്യമാകുന്നതോടെ താമസക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാന്‍ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.