ദമാസിന്‍റെ ഓഹരി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ ടൈറ്റാന്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സി.കെ. വെങ്കിട്ടരാമന്‍ മന്നൈ കോര്‍പറേഷന്‍ ഗ്രൂപ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അലേഖ് ഗ്രേവാലിനെ ഹസ്തദാനം ചെയ്യുന്നു
ദുബൈ: തനിഷ്ക് ജ്വല്ലറിയുടെ മാതൃസ്ഥാപനമായ ടൈറ്റൻ കമ്പനി യു.എ.ഇയിലെ ഏറ്റവും പഴക്കം ചെന്ന ജ്വല്ലറിയായ ദമാസിന്‍റെ 67 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ജി.സി.സിയിലെ ജ്വല്ലറി വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ചെറുകിട ആഭരണ വിപണന മേഖലയിലെ ഏറ്റവും വിശ്വസ്തരായ രണ്ട് ബ്രാന്‍ഡുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതാണ് പുതിയ പങ്കാളിത്തമെന്ന് ടൈറ്റന്‍ കമ്പനി പ്രതിനിധികള്‍ ദുബൈയിൽ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടൈറ്റന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ ടൈറ്റന്‍ ഹോള്‍ഡിങ്‌സ് ഇന്‍റര്‍നാഷനല്‍ മുഖേനയാണ് ദമാസ് ജ്വല്ലറിയുടെ ഏറ്റെടുക്കല്‍ സാധ്യമാക്കിയത്. ഇതുവഴി യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലെ 146 ദമാസ് സ്റ്റോറുകളുടെ ഭാഗമാകാന്‍ തനിഷ്‌കിന് സാധിച്ചു. ആഭരണ രംഗത്തെ, വിശ്വാസ്യതയും രൂപകല്‍പനാമികവും കൊണ്ട് വളര്‍ന്നുവന്ന രണ്ട് പ്രമുഖ ബ്രാന്‍ഡുകളുടെ കൂടിച്ചേരലാണ് പുതിയ പങ്കാളിത്തമെന്ന് ടൈറ്റാന്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സി.കെ. വെങ്കിട്ടരാമന്‍ പറഞ്ഞു. പുതിയ പങ്കാളിത്തത്തോടെ, രണ്ട് തരത്തിലുള്ള ഉപഭോക്താക്കളെയാണ് ടൈറ്റാന്‍ ലക്ഷ്യമിടുന്നത്. തനിഷ്‌കിലൂടെ ഇന്ത്യക്കാരെയും മറ്റു തെക്കനേഷ്യന്‍ ജനവിഭാഗങ്ങളേയും ദമാസിലൂടെ അറബ് രാജ്യക്കാരെയും. ദമാസ് എക്കാലത്തും മനോഹാരിതയ്ക്കും പാരമ്പര്യത്തിനും രൂപകല്‍പനാചാതുര്യത്തിനും പ്രാധാന്യം കൊടുത്തിട്ടുണ്ടെന്ന് മന്നൈ കോര്‍പറേഷന്‍ ഗ്രൂപ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അലേഖ് ഗ്രേവാല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.