ദുബൈ: എമിറേറ്റിൽ തൊഴിൽവളർച്ചയിൽ ജൂലൈയിൽ കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് മികച്ച വളർച്ചയുണ്ടായതായി സർവേ.ദുബൈയിലെ എണ്ണ ഇതര സ്വകാര്യമേഖലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തിയ സർവേ, കഴിഞ്ഞ 20 മാസത്തെ ഏറ്റവും വലിയ വളർച്ചയാണ് അടയാളപ്പെടുത്തിയത്. വിനോദസഞ്ചാരം, ഹോൾസെയിൽ-റീട്ടെയിൽ മേഖല, നിർമാണമേഖല എന്നിവയിലെ വളർച്ചയെ രേഖപ്പെടുത്തുന്ന ഐ.എച്ച്.എസ് മാർകറ്റ് ദുബൈ സൂചികയിലാണ് തൊഴിൽ തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന റിപ്പോർട്ടുള്ളത്.
ഉപഭോക്താക്കളുടെ വർധനക്കനുസരിച്ച് സെയിൽസ് ടീമിൽ കൂടുതലായി ആളുകളെ ചേർക്കുകയാണ് എണ്ണ ഇതര മേഖലയിലെ കമ്പനികൾ ചെയ്യുന്നത്. അതിനാൽ ഹോൾസെയിൽ-റീട്ടെയിൽ തൊഴിൽവർധനവുണ്ട്. വിനോദസഞ്ചാര, നിർമാണമേഖലയിലും വലിയ വളർച്ച കാണിക്കുന്നു. ഏറ്റവും കൂടുതൽ തൊഴിൽവളർച്ച രേഖപ്പെടുത്തിയത് വിനോദസഞ്ചാര മേഖലയിലാണ്.
2019 നവംബറിന് ശേഷം ഏറ്റവും വേഗതയിൽ തൊഴിൽ രൂപപ്പെടുന്നതാണ് ദുബൈയിൽ കാണുന്നത്. കോവിഡ് മൂലം സാമ്പത്തിക മേഖലയിലുണ്ടായ തകർച്ചയിൽനിന്ന് ഘട്ടംഘട്ടമായി തിരിച്ചുവരുന്നതായാണ് സർവേഫലം. അടുത്ത മാസങ്ങളിലും സമാനവളർച്ച സാധ്യതയാണുള്ളത്.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുകയും ജനങ്ങളുടെ സഞ്ചാരം സാധാരണ നിലയിലാവുകയും ചെയ്തതോടെയാണ് വളർച്ചയുണ്ടായത്. കഴിഞ്ഞദിവസം കൂടുതൽ ഇളവുകൾ യു.എ.ഇ സർക്കാർ രാജ്യത്ത് പ്രഖ്യാപിച്ചു.
ഇതിനൊപ്പം എക്സ്പോ ആരംഭിക്കുന്നതോടെ വിനോദസഞ്ചാരികളുടെ ഒഴുക്കുകൂടിയുണ്ടായാൽ ദുബൈയിൽ കൂടുതൽ തൊഴിലവസരങ്ങൾ തുറക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.