ദുബൈ: സ്വകാര്യ സ്ഥാപനങ്ങളിൽ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്ന നിയമം നടപ്പായതോടെ യു.എ.ഇയിലെ ഇമാറാത്തി ജീവനക്കാരുടെ എണ്ണത്തിൽ വർധന. 2023ലെ ആദ്യ പാദത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് മാനവവിഭവശേഷി, എമിറൈറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. 5000ത്തിലധികം സ്വദേശികൾക്ക് പ്രത്യേകം ഏർപ്പെടുത്തിയ കരിയർ കൗൺസലിങ്ങിൽനിന്ന് പ്രയോജനം ലഭിച്ചതായും മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന സ്വദേശികൾ കൂടുതലും ബിസിനസ് സേവനങ്ങൾ, നിർമാണം, വാണിജ്യം, റിപ്പയർ സേവനങ്ങൾ, സാമ്പത്തിക ബ്രോക്കറേജ്, ഉൽപാദനം എന്നിങ്ങനെ മേഖലയിലാണ് ജോലിചെയ്യുന്നത്.
പൂർണമായ കണക്ക് പുറത്തുവിട്ടിട്ടില്ലെങ്കിലും കഴിഞ്ഞ വർഷം അവസാനം വരെ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകൾപ്രകാരം 50,000ത്തിലധികം സ്വദേശികളാണ് സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നുണ്ടായിരുന്നത്. ഇവരിൽ 28,700 പേർ 2022ൽ സ്വദേശിവത്കരണ പരിപാടിയായ ‘നാഫിസ്’ ആരംഭിച്ചതിനുശേഷം ജോലി ലഭിച്ചവരാണ്. ഇമാറാത്തികൾ ജോലിചെയ്യുന്ന സ്വകാര്യ കമ്പനികളുടെ എണ്ണം 13 ശതമാനത്തിലധികം വർധിക്കുകയും 8897 കമ്പനികൾ രണ്ടു ശതമാനം എന്ന ലക്ഷ്യത്തിലെത്തുകയും ചെയ്തതായും നേരത്തേ വെളിപ്പെടുത്തിയിരുന്നു.
കുറഞ്ഞത് 50 ജീവനക്കാരുള്ള സ്വകാര്യ മേഖലയിലെ കമ്പനികൾ ജൂലൈ ഒന്നിനകം ആകെ തൊഴിലാളികളുടെ മൂന്നു ശതമാനം സ്വദേശികളാണെന്ന് ഉറപ്പുവരുത്തണമെന്നാണ് മന്ത്രാലയം നിർദേശിച്ചിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ നാലു ശതമാനമായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത വർഷങ്ങളിൽ സ്വദേശിവത്കരണ നിരക്ക് ഘട്ടംഘട്ടമായി ഉയർത്തി 2024ൽ ആറു ശതമാനമായും 2025ൽ എട്ടു ശതമാനമായും 2026ൽ 10 ശതമാനമായും വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ ആറു മാസവും ഒരു ശതമാനം വീതം വർധനയാണിതിന് നിശ്ചയിച്ചിട്ടുള്ളത്. ഫ്രീ സോണുകളിലെ കമ്പനികളെ ഈ നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ഇവരെയും പദ്ധതി നടപ്പാക്കാനായി അധികൃതർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വ്യവസായിക മേഖലയിൽ സ്വദേശിവത്കരണം വർധിപ്പിക്കുന്നതിനും നൈപുണ്യമുള്ള ജോലികൾ നേടാൻ അവരെ സഹായിക്കുന്നതിനുമായി ഇൻഡസ്ട്രിയലിസ്റ്റ് പ്രോഗ്രാം എന്ന പുതിയ സംരംഭവും മാർച്ചിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.