സു​രേ​ഷ്​ ബാ​ബു

സുരേഷിന് വ്രതശുദ്ധിയുടെ എട്ടുവർഷം

ദുബൈ: തലശ്ശേരി കോടിയേരി കല്ലിൽ താഴയിൽ സുരേഷ് ബാബുവിന് ഇത് വ്രതശുദ്ധിയുടെ എട്ടാം വർഷം. സൗദിയിലെ പ്രവാസകാലത്ത് തുടങ്ങിവെച്ച നോമ്പുശീലം എട്ടുവർഷമായി ഒരു നോമ്പ്പോലും ഉപേക്ഷിക്കാതെ തുടരുകയാണ് സുരേഷ്. തിരുവനന്തപുരം വർക്കല സ്വദേശികളായ നൗഷാദ്, ഹാരിസ് എന്നിവർക്കൊപ്പം ദുബൈ അൽഖൂസ് മാളിൽ ഓസ്കർ സ്റ്റാർ എന്ന പേരിൽ ടെയ്‍ലർ ഷോപ് നടത്തുകയാണ് സുരേഷ്.

ശരീരത്തിനും മനസ്സിനും ഉന്മേഷം ലഭിക്കുന്നതിനാലാണ് താൻ നോമ്പെടുക്കുന്നതെന്നാണ് സുരേഷിന്‍റെ പക്ഷം. രാവിലെ 3.45ന് എഴുന്നേറ്റ് ഇടയത്താഴം കഴിക്കും. കൂടെ താമസിക്കുന്ന സുഹൃത്ത് പാലക്കാട്ടുകാരൻ അസീസാണ് ഇടയത്താഴത്തിന് പ്രോത്സാഹനം. മുൻ വർഷങ്ങളിൽ സഫ മസ്ജിദിലായിരുന്നു നോമ്പുതുറന്നിരുന്നത്. എന്നാൽ, കോവിഡ് എത്തിയതോടെ പള്ളികളിലെ നോമ്പുതുറ നിന്നു. ഇപ്പോൾ സ്ഥാപനത്തിലിരുന്ന് തന്നെയാണ് നോമ്പുതുറ. ചെറിയ മകൾ സാനിയക്കും ഇടക്കിടെ നോമ്പെടുക്കുന്ന പതിവുണ്ട്. പ്രവാസജീവിതത്തിന്‍റെ കാൽനൂറ്റാണ്ട് പിന്നിട്ട സുരേഷ് പത്തുവർഷം സൗദിയിലായിരുന്നു. ആ സമയത്താണ് നോമ്പിനെ അടുത്തറിയുന്നത്.

ഇടക്കിടെ നോമ്പെടുക്കുമായിരുന്നെങ്കിലും എട്ടുവർഷമായി മുടങ്ങാതെ നോമ്പു നോൽക്കുന്നു. നാട്ടിൽപോയാൽ നോമ്പെടുക്കുന്നതിന് ഭാര്യ മാലിനിയുടെ പ്രോത്സാഹനവുമുണ്ട്. മനസ്സിന് കുളിർമയും സുഖവും ലഭിക്കുന്ന അനുഭവമാണ് വ്രതമെന്ന് സുരേഷ് ബാബു പറയുന്നു. ക്ഷീണം ഉണ്ടാവാറില്ല. ദിവസേനയുള്ള ചായ കുടിയും വേണ്ട. ആത്മസംതൃപ്തിയാണ് നോമ്പിൽ നിന്ന് സുരേഷിന് ലഭിക്കുന്ന ഏറ്റവും വലിയ ഗുണം. 

Tags:    
News Summary - Suresh has been fasting in Ramadan for eight years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.