ദുബൈ: എമിറേറ്റിലെ സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണത്തിൽ വർധന. 2024-25 അധ്യയന വർഷത്തിലാണ് ദുബൈയിലെ സ്കൂളുകളിൽ വിദ്യാർഥി പ്രവേശനത്തിൽ 20 ശതമാനം വർധന രേഖപ്പെടുത്തിയത്. അതോടൊപ്പം ദുബൈയിലെ 41 സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ആകെ 42,026 വിദ്യാർഥികൾ പ്രവേശനം നേടിയിട്ടുമുണ്ട്. ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന പ്രവേശന നിരക്കാണിതെന്ന് ഖലീജ് ടൈംസ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. ഈ അധ്യയന വർഷത്തിൽ സ്വകാര്യ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഇമാറാത്തി വിദ്യാർഥികളുടെ പ്രവേശനത്തിൽ 22 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇതു മുൻകാലങ്ങളെ അപേക്ഷിച്ച് റെക്കോഡ് വളർച്ചനിരക്കാണ്.
ദുബൈയിൽ പഠനത്തിനായി പ്രത്യേകമായി എത്തിയ അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുകയാണ്. മുൻവർഷത്തെ അപേക്ഷിച്ച് പ്രവേശനത്തിൽ 29 ശതമാനം വർധനയുണ്ടായിട്ടുണ്ട്. ദുബൈയിലെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മൊത്തം വിദ്യാർഥികളുടെ 35 ശതമാനവും ഇപ്പോൾ അന്താരാഷ്ട്ര വിദ്യാർഥികളാണ്. 2033 ആകുമ്പോഴേക്കും മൊത്തം വിദ്യാർഥികളുടെ 50 ശതമാനത്തെ അന്താരാഷ്ട്ര വിദ്യാർഥികളാക്കാനാണ് ദുബൈ ലക്ഷ്യമിടുന്നത്. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ ആഗോള കേന്ദ്രമായി മാറാനുള്ള ദുബൈയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണിത്.
എമിറേറ്റിലെ സ്വകാര്യ സ്കൂളുകളിൽ 2025-26 അധ്യയന വർഷത്തിൽ പരിശോധനകൾ നിർത്തിവെക്കുമെന്നും ഇതിനുപകരം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രത്യേക സന്ദർശനങ്ങൾ അധികൃതർ നടത്തുമെന്നും നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.