കായികമേളയിൽ തൊഴിലാളികൾക്കൊപ്പം ഓട്ട മത്സരത്തിൽ പങ്കെടുക്കുന്ന മേജർ ജനറൽ ഉബൈദ് ബിൻ സുറൂറും മറ്റു
ഉദ്യോഗസ്ഥരും
ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ സമാപനത്തോടനുബന്ധിച്ച് ദുബൈയിൽ തൊഴിലാളികൾക്കായി സംഘടിപ്പിച്ച ‘സ്പോർട്സ് ഫോർ ഓൾ’ കായികമേള ശ്രദ്ധേയമായി. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) സ്പോർട്സ് വിഭാഗമാണ് തൊഴിലാളികൾക്കായി ഈ വേറിട്ട കായിക വിരുന്ന് ഒരുക്കിയത്.
നവംബർ 30 ഞായറാഴ്ച അൽ തവാർ ലേക്ക് പാർക്ക് 4ൽ നടന്ന മേളയിൽ വിവിധ കമ്പനികളിൽ നിന്നുള്ള വ്യത്യസ്ത രാജ്യക്കാരായ നിരവധി തൊഴിലാളികൾ പങ്കെടുത്തു. ജി.ഡി.ആർ.എഫ്.എ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ലേബർ റെഗുലേഷൻ സെക്റ്റർ അസി. ഡയറക്ടർ കേണൽ ഉമർ മതാർ അൽ മുസൈന തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തൊഴിലാളികൾക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും ഓട്ടമത്സരത്തിൽ പങ്കുചേർന്നത് മേളക്ക് ആവേശമേകി.
ഓട്ടം, ഫുട്ബാൾ, ടെന്നിസ്, ബാസ്ക്കറ്റ്ബാൾ തുടങ്ങി വിവിധ ഇനങ്ങളിലായി നടന്ന വാശിയേറിയ മത്സരങ്ങളിൽ വിജയികളായവർക്ക് അധികൃതർ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ആരോഗ്യകരമായ തൊഴിലിട സംസ്കാരം വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജി.ഡി.ആർ.എഫ്.എ സ്പോർട്സ് ദിനം സംഘടിപ്പിച്ചത്. വ്യായാമത്തിനും കായികക്ഷമതക്കും പ്രാധാന്യം നൽകുന്നതോടൊപ്പം, തൊഴിലാളികൾക്കിടയിൽ കൂട്ടായ്മയും സഹകരണവും വളർത്താനും മേള ലക്ഷ്യമിട്ടു. ദുബൈ സർക്കാറിന്റെ ‘എല്ലാവർക്കും ആരോഗ്യം’ എന്ന ദൗത്യത്തിന് പിന്തുണയേകി തൊഴിലാളികൾക്ക് പുത്തൻ അനുഭവമാണ് ഈ കായികമേള സമ്മാനിച്ചതെന്ന് ജി.ഡി.ആർ.എഫ്.എ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.