ദുബൈ: സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശ യാത്ര വിജയകരമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പേരെ ബഹിരാകാശ ദൗത്യത്തിന് സജ്ജരാക്കി യു.എ.ഇ. ഇതിനായുള്ള പരിശീലന പരിപാടികൾ നാസയിൽ പൂർത്തിയായി വരുന്നതായി എം.ബി.ആർ.ജി ട്വീറ്റ് ചെയ്തു. ബഹിരാകാശ സഞ്ചാരിയായ മുഹമ്മദ് അൽ മുല്ലയും നൗറ അൽ മത്രൂസിയുമാണ് നാസയിൽ പരിശീലനം പൂർത്തിയാക്കിയത്. നാസ ബഹിരാകാശ പ്രോഗ്രാം 2021ന്റെ ഭാഗമായാണ് ഇരുവരും പരിശീലനം പൂർത്തിയാക്കിയത്. ഫോർട്ട് നോവോസിലിലെ അതിജീവന വ്യായാമങ്ങൾ, ജോൺസൺ ബഹിരാകാശ കേന്ദ്രത്തിലെ ന്യൂട്രൽ ബൂയൻസി ലബോറട്ടറി വ്യായാമങ്ങൾ, ജിയോളജി മേഖലയുമായുള്ള പരിചയം എന്നിവയിലായിരുന്നു പരിശീലനം.
2021ൽ ആണ് ഇവർ ഉൾപ്പെടെ 10 ശാസ്ത്രജ്ഞരെ നാസ പരിശീലനത്തിനായി തിരഞ്ഞെടുത്തത്. ഇതിൽ ആറു പുരുഷന്മാരും നാലു പേർ സ്ത്രീകളുമാണ്. രണ്ടു വർഷത്തെ അടിസ്ഥാന ബിരുദം നേടിയ ശേഷം, ഗ്രൂപ് 23 അംഗങ്ങൾ ഐസ്.എസ്.എസിനെ കുറിച്ച് ഗവേഷണം നടത്തുക, വാണിജ്യ ബഹിരാകാശ പേടകത്തിൽ താഴ്ന്ന ഭ്രമണപദത്തിലെ വാണിജ്യ ഔട്ട്പോസ്റ്റുകളിലേക്ക് വിക്ഷേപിക്കുക, ആഴത്തിലുള്ള ബഹിരാകാശത്തേക്ക് ദൗത്യങ്ങൾ ആരംഭിക്കുക എന്നിവ ഉൾപ്പെടെ വിവിധ ദൗത്യങ്ങൾക്ക് യോഗ്യരാകും. 2024ൽ മുഹമ്മദും നൗറയും ബിരുദം പൂർത്തിയാക്കും.
ബഹിരാകാശ ഗവേഷണത്തിൽ അതീവ തൽപരനായ മുഹമ്മദ് 19ാം വയസ്സിൽ കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കി ദുബൈ പൊലീസിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി മാറിയിരുന്നു. 28ാം വയസ്സിൽ വിമാന പരിശീലക ലൈസൻസ് നേടിയതോടെ സേനയിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനുമായി. മെക്കാനിക്കൽ എൻജിനീയറായ നൗറ യു.എ.ഇയുടെ നാഷനൽ പെട്രോളിയം നിർമാണ കമ്പനിയിലെ പൈപ്പിങ് എൻജിനീയറായി പ്രവർത്തിച്ചിട്ടുണ്ട്. അറബ് ലോകത്ത് നിന്ന് ബഹിരാകാശ ഗവേഷകയാകുന്ന അഞ്ച് വനിതകളിൽ ഒരാളായി 2022ൽ ഫോബ്സ് മാസിക തിരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.