ദുബൈ: ദുബൈ-ഷാർജ റോഡുകളിലെ ഗതാഗതക്കുരുക്കിന് ആശ്വാസമേകി പ്രമുഖ പാതകളായ അൽ നഹ്ദ ഇന്റർസെക്ഷനും ഇത്തിഹാദ് റോഡും വികസിപ്പിക്കാനൊരുങ്ങി യു.എ.ഇ ഊർജ-അടിസ്ഥാനസൗകര്യ മന്ത്രാലയം. പദ്ധതി നടപ്പാക്കുന്നതിനായി പരിചയസമ്പന്നരായ പ്രമുഖ കരാർ കമ്പനികളിൽനിന്ന് മന്ത്രാലയം താൽപര്യപത്രം ക്ഷണിച്ചു.
ഇരു എമിറേറ്റുകളും തമ്മിലുള്ള ഗതാഗതം സുഗമമാക്കുക, റോഡ് സുരക്ഷ വർധിപ്പിക്കുക, ഇന്റർചേഞ്ചുകളുടെ കാര്യക്ഷമത കൂട്ടുക എന്നിവയാണ് മന്ത്രാലയം ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. താൽപര്യമുള്ള കമ്പനികൾക്ക് eng.tenders@moei.gov.ae എന്ന ഇമെയിൽ വഴിയോ 800-6634 എന്ന ടോൾ ഫ്രീ നമ്പർ വഴിയോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷിക്കുന്ന കമ്പനികളുടെ യോഗ്യത മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് വിലയിരുത്തും.
രാജ്യത്തെ റോഡുകൾ, പാലങ്ങൾ, ഡാമുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി യു.എ.ഇ വർഷം തോറും കോടിക്കണക്കിന് ദിർഹമാണ് ചിലവഴിക്കുന്നത്. ഇതിന്റെ ഭാഗമായി ഷാർജയും ദുബൈയുമായി ബന്ധിപ്പിക്കുന്ന അൽ താവൂൻ ടണൽ, നൂർ റോഡ് എന്നിവയുൾപ്പെടെയുള്ള ആഭ്യന്തര-പ്രധാന പാതകളുടെ വികസനത്തിനായി 75 കോടി ദിർഹമിന്റെ വൻ പദ്ധതി അടുത്തിടെ ഷാർജ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പാതകളിലൊന്നാണിത്. മുബാദറ (അതോറിറ്റി ഫോർ ഇനിഷ്യേറ്റീവ്സ് ഇംപ്ലിമെന്റേഷൻ), ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) എന്നിവ ഷാർജ പോലീസ്, ഷാർജ മുനിസിപ്പാലിറ്റി, സെവ തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം ഈ വർഷം അവസാനത്തോടെ ഈ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.