ദുബൈ: ദുബൈയിലെ വിവിധ ഗതാഗത സേവനങ്ങളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിന് കീഴിൽ കൊണ്ടുവരുന്ന ‘സുഹൈൽ’ ആപ്പിൽ കൂടുതൽ നൂതന വികസനങ്ങളുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ). ഉപഭോക്താക്കളുടെ യാത്രകൾ കൂടുതൽ ലളിതമാക്കുന്നതിനും വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം വിപുലീകരിച്ച് ആപ്പിന്റെ സേവനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിനുമായാണിത്.
യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാവുന്നതിനായി ‘നോൽ’ കാർഡുമായി ബന്ധപ്പെട്ട പബ്ലിക് ട്രാൻസ്‌പോർട്ട് പേയ്‌മെന്റ് സേവനങ്ങളെല്ലാം ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. സർക്കാരിന്റെ ‘സർവീസസ് 360’ നയത്തിന് അനുസൃതമായി ഈ സേവനങ്ങളെല്ലാം പുനഃക്രമീകരിച്ചു. ഇതിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ നോൽ കാർഡുകൾ നിയന്ത്രിക്കാനും ബാലൻസ് ടോപ്പ്-അപ്പ് ചെയ്യാനും ട്രാവൽ പാസുകൾ വാങ്ങാനും പുതുക്കാനും കഴിയും. കൂടാതെ, വ്യക്തിഗത നോൽ കാർഡുകൾക്കായി അപേക്ഷിക്കാനും അവ പുതുക്കാനുമുള്ള സൗകര്യങ്ങളും ആപ്പിലൂടെ ലഭിക്കുന്നു.
യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ഈയിടെ സുഹൈൽ ആപ്പ് സ്മാർട്ട് വാച്ചുകളിലും ലഭ്യമാക്കിയിട്ടുണ്ട്. സ്മാർട്ട് വാച്ചുകൾ വഴി ഉപഭോക്താക്കൾക്ക് യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ, ബസുകളുടെയും ട്രെയിനുകളുടെയും സമയവിവരങ്ങൾ, തത്സമയ അലേർട്ടുകൾ എന്നിവ യാത്രയിലായിരിക്കുമ്പോൾ തന്നെ ഉടൻ പരിശോധിക്കാനാകും.ദുബൈ മെട്രോ, ദുബൈ ട്രാം, ബസുകൾ, അബ്രകൾ തുടങ്ങിയ എല്ലാ പൊതുഗതാഗത മാർഗ്ഗങ്ങളിലൂടെയുമുള്ള യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യാൻ സുഹൈൽ ആപ്പ് സഹായിക്കുന്നു. ഇതിനുപുറമെ, ടാക്സി ബുക്കിങ്, ഇ-സ്കൂട്ടറുകൾ, സൈക്കിളുകൾ തുടങ്ങിയ ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ യാത്രാ സൗകര്യങ്ങളും ഈ ഒരൊറ്റ ആപ്പിൽ സംയോജിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.