ദുബൈ സി.ഡി.എ ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് ഈസ ബുഹുമൈദിനൊപ്പം 2026ലെ മൂന്നാം ബാച്ചിലെ സോഷ്യൽ പ്രഫഷനലുകൾ
ദുബൈ: ‘ദുബൈ സോഷ്യൽ അജണ്ട 33’-ന്റെ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (സി.ഡി.എ) സംഘടിപ്പിച്ച ചടങ്ങിൽ 38 പുതിയ സോഷ്യൽ പ്രൊഫഷനലുകൾ കൂടി ലൈസൻസ് ഏറ്റുവാങ്ങി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു. അൽ വാർഖ മജ്‌ലിസിൽ നടന്ന ചടങ്ങോടെ ദുബൈയിൽ ലൈസൻസുള്ള സാമൂഹിക, മനഃശാസ്ത്ര, വിദ്യാഭ്യാസ പ്രൊഫഷനലുകളുടെ ആകെ എണ്ണം 1,144 ആയി ഉയർന്നു. പുതിയ ബാച്ചിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി മലയാളി പ്രൊഫഷനലുകളും ഇടംപിടിച്ചിട്ടുണ്ട്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ദീർഘവീക്ഷണ പ്രകാരം, സാമൂഹിക സേവനമേഖലയിൽ ഉയർന്ന പ്രൊഫഷനൽ നിലവാരം ഉറപ്പാക്കുന്നതിനാണ് ഈ ലൈസൻസിങ് പദ്ധതി നടപ്പാക്കുന്നത്.
സാമൂഹിക സേവനരംഗത്ത് ദുബൈ കൈവരിക്കുന്ന ദ്രുതഗതിയിലുള്ള വളർച്ച വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകൾ. 2024ന്റെ തുടക്കത്തിൽ ലൈസൻസുള്ള 450 വിദഗ്ധർ മാത്രമുണ്ടായിരുന്ന ദുബൈയിൽ, രണ്ടര വർഷത്തിനിടെയാണ് എണ്ണം രണ്ടര മടങ്ങിലേറെയാണ് വർധിച്ചത്. 2025 അവസാനത്തോടെ ലൈസൻസ് നേടിയവരുടെ എണ്ണം 991 ആയിരുന്നു. തുടർന്ന് 2026ലെ ആദ്യ ആറുമാസത്തിനിടെ 115 പേർക്കും, ഏറ്റവും പുതിയ ബാച്ചിലെ 38 പേർക്കും ലൈസൻസ് ലഭിച്ചതോടെയാണ് ആകെ എണ്ണം 1,144-ൽ എത്തിയത്. സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, സോഷ്യൽ കൗൺസിലർ, സ്പെഷൽ എജ്യുക്കേഷൻ അധ്യാപകൻ, ബിഹേവിയർ അനലിസ്റ്റ് തുടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ധരാണ് പുതിയ ബാച്ചിലുള്ളത്.
കൃത്യമായ നിയമനിർമാണങ്ങളിലൂടെയും ചട്ടങ്ങളിലൂടെയുമാണ് ദുബൈ ഈ മേഖലയെ നിയന്ത്രിക്കുന്നത്. 2026-ലെ നിയമം നമ്പർ 12 പ്രകാരം സാമൂഹിക പ്രൊഫഷനലുകളെ നിയന്ത്രിക്കാനും ലൈസൻസ് നൽകാനുമുള്ള പൂർണ അധികാരം സി.ഡി.എക്കാണ്. കൂടാതെ, എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയം നമ്പർ 20 (2011)-ന്റെ ചട്ടങ്ങൾ പ്രകാരം പ്രൊഫഷനൽ സത്യപ്രതിജ്ഞ നിർബന്ധമാക്കിയിട്ടുണ്ട്. അക്കാദമിക യോഗ്യതകൾക്കൊപ്പം കർശനമായ പ്രൊഫഷനൽ മാനദണ്ഡങ്ങളും ധാർമികതയും ഉറപ്പുവരുത്തിയ ശേഷമാണ് പുതിയവർക്ക് പ്രവർത്തനാനുമതി നൽകുന്നത്. സി.ഡി.എ ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് ഈസ ബുഹുമൈദ് ആണ് പുതിയ ബാച്ചിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.