ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കുറക്കാൻ ഷാർജ

ഷാർജ: പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം കുറക്കാൻ ഷാർജ മുൻസിപ്പൽ അഫയേഴ്‌സ് വകുപ്പ് പുതിയ ബോധവത്കരണ കാമ്പെയ്ൻ ആരംഭിച്ചു. ‘ഷാർജ അർഹിക്കുന്നത് ഏറ്റവും മികച്ചത്’ എന്ന പേരിൽ ആരംഭിച്ച ഈ കാമ്പയിൻ 2026 ഡിസംബർ 31 വരെ നീണ്ടുനിൽക്കും. ദൈനംദിന ജീവിതത്തിൽ പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ ശീലമാക്കാൻ വ്യക്തികളെയും കുടുംബങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയും പ്രേരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ, ബീആ ഗ്രൂപ്​, എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയാസ് അതോറിറ്റി എന്നിവയുൾപ്പെടെയുള്ള വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കാമ്പെയ്ൻ സംഘടിപ്പിക്കുന്നത്.

ഉത്തരവാദിത്തത്തോടെയുള്ള ഉപഭോഗം വളർത്തിയെടുക്കുക, പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുക എന്നിവയിലൂടെ സുസ്ഥിരത ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുകയാണ് ഈ കാമ്പയിൻ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി വിവിധ വിദ്യാഭ്യാസ പ്രദർശനങ്ങളും ബോധവത്കരണ പരിപാടികളും ഉൾക്കൊള്ളുന്ന ഇന്ററാക്ടീവ് പ്ലാറ്റ്‌ഫോം അധികൃതർ ഒരുക്കിയിരുന്നു. ഇതിലൂടെ മാലിന്യം എങ്ങനെ കുറക്കാമെന്നും നിത്യോപയോഗ സാധനങ്ങൾ എങ്ങനെ വീണ്ടും ഉപയോഗിക്കാമെന്നും ആളുകൾക്ക് ലളിതമായി വിശദീകരിച്ചു നൽകി. കാമ്പയിന്‍റെ ഭാഗമായി പുനരുപയോഗിക്കാവുന്ന ഷോപ്പിങ്​ ബാഗുകൾ പ്രമുഖ ഷോപ്പിങ്​ സെന്ററുകളിൽ വിതരണം ചെയ്തു. പരമ്പരാഗത-ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും കമ്യൂണിറ്റി പരിപാടികളിലൂടെയും വർഷം മുഴുവൻ ബോധവത്കരണ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഉൽപന്നങ്ങളെ ആശ്രയിക്കുന്നത് കുറക്കാനും പരിസ്ഥിതിയിൽ വലിയ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന ലളിതമായ ശീലങ്ങൾ ജനങ്ങൾക്കിടയിൽ വളർത്തിയെടുക്കാനുമാണ് ഈ പ്രചാരണം ലക്ഷ്യമിടുന്നതെന്ന് മുൻസിപ്പൽ അഫയേഴ്‌സ് വകുപ്പ് ചെയർമാൻ സുൽത്താൻ മുഹമ്മദ് ബിൻ ഹുവൈദൻ അൽ കത്ബി പറഞ്ഞു. 

Tags:    
News Summary - Sharjah to reduce single-use plastic products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.