സ്കോഡ ഓട്ടോ ഒമാനിൽ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങിയപ്പോൾ
മസ്കത്ത്: മിഡിൽ ഈസ്റ്റിലുടനീളമുള്ള ബ്രാൻഡിന്റെ തന്ത്രപരമായ വിപുലീകരണത്തിന്റെ ഭാഗമായി സ്കോഡ ഓട്ടോ ഒമാനിൽ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി. അൽഫർദാൻ ഗ്രൂപ്പിന്റെ ഭാഗമായ പ്രീമിയം മോട്ടോഴ്സുമായി സഹകരിച്ച് മസ്കത്തിൽ പൂർണമായും അത്യാധുനിക ഡിജിറ്റൽ ഷോറൂമാണ് തുറന്നത്. അടുത്ത മാസങ്ങൾക്കുള്ളിൽ സെഡാനുകൾ, കോംപാക്റ്റ് കുഷാഖ് മുതൽ പുതിയ 7 സീറ്റർ കൊഡിയാക്ക് വരെയുള്ള വിശാലമായ എസ്.യു.വി എന്നിവയുൾപ്പെടെയുള്ള ഐ.സി.ഇ മോഡലുകളും അവതരിപ്പിക്കും.
ഗുണനിലവാരം, വിശ്വാസ്യത, നൂതന സാങ്കേതികവിദ്യ എന്നിവക്ക് ശക്തമായ വിലമതിപ്പുള്ള വിപണിയായ ഒമാനിലേക്ക് സ്കോഡയെ കൊണ്ടുവരുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് സ്കോഡ മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടർ ലൂക്കാസ് ഹോൺസാക്ക് പറഞ്ഞു. ആൽഫർദാൻ ഗ്രൂപ്പുമായും പ്രീമിയം മോട്ടോഴ്സുമായും സഹകരിച്ചുള്ള ഈ ലോഞ്ച്, മിഡിൽ ഈസ്റ്റിലെ സ്കോഡയുടെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണ്. സുഖസൗകര്യങ്ങൾ, സുരക്ഷ, കാര്യക്ഷമത എന്നിവ ഉപയോഗിച്ച് ഡ്രൈവിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന ഞങ്ങളുടെ വാഹന ശ്രേണിയിലേക്ക് ഒമാനി ഉപഭോക്താക്കളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. മസ്കത്തിലെ ആദ്യത്തെ സ്കോഡ ഷോറൂം പൂർണമായും ഡിജിറ്റൽ, ഉപഭോക്തൃ-അധിഷ്ഠിത അനുഭവം പ്രദാനം ചെയ്യുന്ന നൂതന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ ഭവന, നഗരാസൂത്രണ മന്ത്രി ഖൽഫാൻ ബിൻ സഈദ് അൽ ഷുഐലി, ആൽഫർദാൻ ഗ്രൂപ് പ്രസിഡന്റ് ഉമർ ഹുസൈൻ അൽഫർദാൻ, ആൽഫർദാൻ ഓട്ടോമോട്ടീവ് സി.ഇ.ഒ ഡോ. മാൻ അൽഹമാവി, ആൽഫർദാൻ ഓട്ടോമോട്ടീവ് സി.എം.ഒ ഹുസൈൻ ഒമർ അൽഫർദാൻ, പ്രീമിയം മോട്ടോഴ്സിന്റെ ജനറൽ മാനേജർ ക്രിസ്റ്റ്യൻ നെഹ്മെ, ഫോക്സ്വാഗൺ ഗ്രൂപ്പ് മിഡിൽ ഈസ്റ്റിൽ നിന്നുള്ള വിശിഷ്ടാതിഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ഒമാനിൽ സ്കോഡയുടെ പ്രാരംഭ ഓഫറിൽ ഏറ്റവും പുതിയ മോഡലായ ഒക്ടാവിയ ആർ.എസ് ഉൾപ്പെടെ യൂറോപ്പിൽ നിന്നുള്ള ഐ.സി.ഇ സെഡാനുകൾ ഉൾപ്പെടുന്നു. ചെക്ക് വാഹന നിർമാതാക്കൾ കോംപാക്റ്റ് കുഷാഖ് മുതൽ ഐ.സി.ഇ ഫ്ലാഗ്ഷിപ്പ് 7 സീറ്റർ കൊഡിയാക് വരെയുള്ള വൈവിധ്യമാർന്ന എസ്.യു.വി വാഹനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ മോഡലുകൾക്ക് ഇപ്പോൾ ഓർഡർ ചെയ്യാൻ സാധിക്കും.
ഉദ്ഘാടനത്തിന്റെയും റമദാനിന്റെയും ഭാഗമായി പ്രീമിയം മോട്ടോഴ്സ് എക്സ്ക്ലൂസിവ് ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. ഓരോ കാർ വാങ്ങുമ്പോഴും ഉപഭോക്താക്കൾക്ക് ഏഴു സ്വർണനാണയങ്ങൾ വരെ ലഭിക്കും. 6,950 റിയാൽ വിലയിലാണ് ആരംഭിക്കുന്നത്. അഞ്ചു വർഷത്തെ വാറന്റി, അഞ്ചു വർഷത്തെ റോഡ്സൈഡ് അസിസ്റ്റൻസ്, സൗജന്യ രജിസ്ട്രേഷൻ, സൗജന്യ വിൻഡോ ടിൻറിങ് എന്നിവയും അധികമായി നൽകുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.