ദുബൈ: ഹുർമുസ് കടലിടുക്കിൽ യു.എ.ഇ ടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ ക്രൂരമായ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ പ്രതിരോധ മന്ത്രാലയം. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണിതെന്നും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും നേരെയുള്ള കടുത്ത ഭീഷണിയാണെന്നും മന്ത്രാലയം വിശേഷിപ്പിച്ചു.
ഈ ആക്രമണത്തിന് തക്കതായ മറുപടി നൽകാൻ രാജ്യത്തിന് പൂർണ അവകാശമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ‘രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, ജനങ്ങളുടെ ജീവൻ, മറ്റ് താൽപര്യങ്ങൾ എന്നിവ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ യു.എ.ഇ പൂർണ സജ്ജമാണ്. രാജ്യത്തിന്റെ സുരക്ഷ തകർക്കാനുള്ള ഏതൊരു ശ്രമത്തിനും ശക്തമായ മറുപടി നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഔദ്യോഗിക സ്രോതസുകളിൽനിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് ഹുർമുസ് കടലിടുക്കിൽ രണ്ട് യു.എ.ഇ ദേശീയ എണ്ണ ടാങ്കറുകൾക്ക് നേരെ ഇറാൻ ക്രൂയിസ് മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഇന്ത്യക്കാരനായ ഒരു നാവികൻ കൊല്ലപ്പെട്ടു. ഒമാൻ പ്രാദേശിക സമുദ്രാതിർത്തിക്കുള്ളിൽ, ഹുർമുസ് കടലിടുക്കിന്റെ തെക്കൻ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ‘മൊംബാസ’, ‘അൽ ബഹ്യ’ എന്നീ സൂപ്പർടാങ്കറുകൾക്ക് നേരെയായിരുന്നു ആക്രമണം. ‘മൊംബാസ’ കപ്പലിലെ ജീവനക്കാരനായ ഇന്ത്യൻ പൗരനാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായി യു.എ.ഇ അധികൃതർ അറിയിച്ചു. ഇതിൽ നാല് പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരിൽ ആറ് പേർ ഇന്ത്യൻ പൗരന്മാരും രണ്ട് പേർ യുക്രെയ്ൻകാരുമാണെന്ന് ഔദ്യോഗിക ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.